താനൂരില്‍ സിപിഐഎം-ലീഗ് സംഘര്‍ഷം മുതലെടുത്ത് പൊലീസിന്റെ അഴിഞ്ഞാട്ടവും; കോടികളുടെ നാശനഷ്ടങ്ങള്‍

ചാപ്പപ്പടിയിലെ സംഘര്‍ഷം മുതലെടുത്ത് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ഒട്ടുംപുറത്തേക്ക് പോകുന്ന റോഡില്‍ മിക്കവീടുകളിലും ആക്രമികളെ തെരഞ്ഞെന്ന വ്യാജേന പൊലീസ് കയറി വീടിനുനേരെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തുമാണ് അഴിഞ്ഞാടിയത്. ഇവിടുത്തെ എസ് സി കോളനിയില്‍ കയറി സംഘം വീടുകളില്‍ നാശം വരുത്തുകയും റോഡില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ അസഭ്യം പറഞ്ഞുമാണ് പൊലീസിന്റെ അഴിഞ്ഞാട്ടം. ഒട്ടുംപുറത്ത് ആക്രമണം നടത്തിയത് രാഷ്ട്രീയക്കാരല്ല, പൊലീസാണെന്ന് പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു

താനൂരില്‍ സിപിഐഎം-ലീഗ് സംഘര്‍ഷം മുതലെടുത്ത് പൊലീസിന്റെ അഴിഞ്ഞാട്ടവും; കോടികളുടെ നാശനഷ്ടങ്ങള്‍

മലപ്പുറം ജില്ലയിലെ താനൂര്‍ തീരദേശ മേഖലയിലുണ്ടായ സംഘര്‍ഷം മുതലെടുത്ത് പൊലീസും വന്‍ അക്രമം അഴിച്ചുവിട്ടതായി പ്രദേശവാസികള്‍.

ഞായറാഴ്ച്ച രാത്രി പത്തോടെയാണ് ചാപ്പടി കോര്‍മന്‍ കടപ്പുറത്ത് സംഘര്‍ഷമുണ്ടാകുന്നത്. കല്ലേറില്‍ തുടങ്ങി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തി. സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷം വലിയതോതിലുള്ള അക്രമത്തിലേക്ക് നീങ്ങിയതോടെ കോടികളുടെ നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും ഇരുകൂട്ടര്‍ മത്സരിച്ച് തീവെച്ചു.

ഔദ്യോഗിക കണക്കനുസരിച്ച് 18 വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 35 വാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചു. വീടുകളും കടകളും ക്ലബുകളും കുത്തിത്തുറന്ന് വന്‍ കവര്‍ച്ചയും നടന്നു. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതോടെയാണ് ആക്രമികള്‍ പിരിഞ്ഞുപോയത്.

ചാപ്പപ്പടിയിലെ സംഘര്‍ഷം മുതലെടുത്ത് രണ്ട് കിലോമീറ്റര്‍ അകലെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടത്. ഒട്ടുംപുറത്തേക്ക് പോകുന്ന റോഡില്‍ മിക്കവീടുകളിലും ആക്രമികളെ തെരഞ്ഞെന്ന വ്യാജേന പൊലീസ് കയറി വീടിനുനേരെയും വാഹനങ്ങള്‍ തല്ലിത്തകര്‍ത്തുമാണ് അഴിഞ്ഞാടിയത്. ഇവിടുത്തെ എസ് സി കോളനിയില്‍ കയറി സംഘം വീടുകളില്‍ നാശം വരുത്തുകയും റോഡില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറയുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ അസഭ്യം പറഞ്ഞുമാണ് പൊലീസിന്റെ അഴിഞ്ഞാട്ടം.

ഒട്ടുംപുറത്ത് ആക്രമണം നടത്തിയത് രാഷ്ട്രീയക്കാരല്ല, പൊലീസാണെന്ന് പ്രദേശവാസിയായ വീട്ടമ്മ പറയുന്നു. പൊലീസിന്റെ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒട്ടുംപുറം പ്രദേശത്തെ 15 സ്ത്രീകള്‍ ചേര്‍ന്ന് താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആക്രമണം നടത്തിയ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ആവശ്യപ്പെട്ടു.

താനൂര്‍, ഉണ്യാല്‍ പ്രദേശത്ത് വീണ്ടും ആക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ചാപ്പപ്പടി മുതല്‍ ഒട്ടുംപുറം വരെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പത്തു പേരടങ്ങുന്ന ഏഴു യൂണിറ്റുകളെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്.

സംഘര്‍ഷത്തില്‍ തിരൂര്‍ , താനൂര്‍ സിഐമാര്‍ ഉള്‍പ്പെടെ 12 പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് ആക്രമികളെ വെല്ലുന്ന അഴിഞ്ഞാട്ടം പൊലീസ് നടത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രദേശവാസികളുടെ പരാതി കേള്‍ക്കാന്‍പോലും പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.

Read More >>