സ്ത്രീപ്രവേശന വിലക്കില്ല; 400 വര്‍ഷം മുന്‍പ് തന്ത്രിയോ ബ്രാഹ്മണനോ ഇല്ല: ശബരിമലയിലെ ഈഴവ അധികാരം ഉറപ്പിക്കുന്ന രേഖ സ്വകാര്യ മ്യൂസിയത്തില്‍

കൊല്ലവര്‍ഷം 843ല്‍ പന്തളം കൊട്ടാരമാണ് ഈഴവ കുടുംബമായ ചീരപ്പന്‍ ചിറയുടെ അവകാശം ഉറപ്പിക്കുന്ന 'അടിയറ തീട്ടുര ഓലക്കാര്യം' പുറപ്പെടുവിച്ചത്. രേഖവായിച്ച് കോലെഴുത്ത് വായിച്ച് പ്രമുഖ ചരിത്രകാരന്‍ ഡോ. എംആര്‍ രാഘവ വാര്യര്‍ വിശദീകരിക്കുന്നു

സ്ത്രീപ്രവേശന വിലക്കില്ല; 400 വര്‍ഷം മുന്‍പ് തന്ത്രിയോ ബ്രാഹ്മണനോ ഇല്ല: ശബരിമലയിലെ ഈഴവ അധികാരം ഉറപ്പിക്കുന്ന രേഖ സ്വകാര്യ മ്യൂസിയത്തില്‍

ശബരിമലയിലെ ഈഴവ സമുദായത്തിനുള്ള അവകാശം ഉറപ്പാക്കുന്ന ഏറ്റവും സുപ്രധാനമായ രേഖ നാരദ ന്യൂസ് പുറത്തു വിടുന്നു. ഈ രേഖയില്‍ സ്ത്രീകളെ തടയുന്നതുമായി ബന്ധപ്പെട്ട ഒന്നുമില്ല എന്നു മാത്രമല്ല തന്ത്രിമാരെ കുറിച്ചോ ബ്രാഹ്മണരെ കുറിച്ചോ പരാമര്‍ശമില്ല. ദ്രാവിഡ രീതിയിലുള്ള പാട്ടുകള്‍ക്കാണ് പ്രാധാന്യം എന്നും വ്യക്തമാകുന്നു. രേഖകളുടെ പിന്‍ബലമില്ലാത്തതിനാല്‍ ശബരിമലയിലെ വെടിവഴിപാടിന്റെ അവകാശമടക്കമുള്ള കേസില്‍ തോറ്റ് ഈഴവര്‍ക്ക് നഷ്ടപ്പെട്ടതാണ്. 400 വര്‍ഷം മുന്‍പ് കൊല്ലവര്‍ഷം 843ല്‍ ചെമ്പോലയില്‍ എഴുതിയ 'അടിയറ തീട്ടുര ഓലക്കാര്യ'മാണ് ഡോ. മോന്‍സണ്‍ മാവുങ്കലിന്റെ സ്വകാര്യ പുരാവസ്തു ശേഖരത്തിലുള്ളത്. കേരള ചരിത്രത്തിലെ ഈ സുപ്രധാന രേഖ എവിടെ നിന്നാണ് ശേഖരത്തില്‍ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. ''എന്നാല്‍ പന്തളം കൊട്ടാരത്തില്‍ നിന്നല്ലാതെ മറ്റെവിടെ നിന്നും ഇത് ലഭിക്കില്ലെന്ന്'' അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
തന്ത്രി കുടുംബം, തിരുവതാം കൂര്‍ ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ശബരിമലയില്‍ അനുവര്‍ത്തിക്കുന്ന ആചാരങ്ങള്‍, പന്തളം മുന്‍ രാജകുടുംബത്തിന്റെ അവകാശ വാദങ്ങള്‍ തുടങ്ങിയവ ഇനി നിലനില്‍ക്കില്ല എന്നു വ്യക്തമാക്കുന്നതാണ് ശബരിമല സംബന്ധിച്ച നിലവിലുള്ളതില്‍ ഏറ്റവും പഴക്കമുള്ള ഈ ചെമ്പോല. ഇതില്‍ എടുത്തു പറയുന്ന പേര് ആലപ്പുഴ തണ്ണീര്‍മുക്കം ദേശത്തിലെ ചീരപ്പന്‍ ചിറ കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കരുടേതാണ്. ഇദ്ദേഹം ചൗരിമല ക്ഷേത്രത്തില്‍ (ശബരിമല) കുടില്‍ കെട്ടി താമസിക്കുന്നതായി രേഖയില്‍ പറയുന്നു. പതിനെട്ടു പടിയുള്ളതാണ് അന്നും ചൗരിമല. ഇപ്പോള്‍ പുറപ്പെടാ ശാന്തി എന്നതിന്റെ പഴയ നിലയാണ് ചീരപ്പന്‍ ചിറയിലെ കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കരെ വിശേഷിപ്പിക്കുന്നത്. നാളിതു വരെ നടന്നിട്ടുള്ള ശബരിമല കേസുകളിലെവിടെയും ഈ രേഖ ഉപയോഗിക്കപ്പെട്ടിട്ടില്ല. അതേസമയം ഈ രേഖയുടെ പിന്‍ബലത്തില്‍ തന്ത്രിമാര്‍ക്കുള്ള അവകാശം നഷ്ടപ്പെടുകയും ഈഴവ കുടുംബമായ ചീരപ്പന്‍ ചിറയുടെ അവകാശം ഉറപ്പിക്കപ്പെടുകയും ചെയ്യും.സ്വകാര്യശേഖരത്തിലുള്ള രേഖ വായിക്കുന്നതിന് നാരദ ന്യൂസ് പ്രമുഖ ചരിത്രകാരനും തൃപ്പൂണിത്തുറ സെന്‍ട്രല്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഡയറക്ടര്‍ ജനറലുമായ ഡോ. എം. ആര്‍ രാഘവവാര്യരുടെ പാണ്ഡിത്യത്തെയാണ് ആശ്രയിച്ചത്. അദ്ദേഹം സ്വകാര്യ മ്യൂസിയത്തില്‍ എത്തി കോലെഴുത്തിലുള്ള രേഖ വായിച്ചു.

.

''ചെമ്പോലയിലുള്ള ഈ രേഖ പലനിലയ്ക്കും പ്രധാനപ്പെട്ടതാണ്. ഒന്നാമതിത് കൃത്യമായ കാല സൂചനയോടുള്ള രേഖയാണ്. പന്തളത്ത് രാജാവിന്റെ കോവിലില്‍ നിന്നാണ് ഇതിന്റെ ആഗമനം എന്നു വ്യക്തം. അദ്ദേഹം കോവില്‍ അധികാരികള്‍ക്ക് കൊടുക്കുന്ന ചില നിര്‍ദ്ദേശങ്ങളാണ് ഇതില്‍ ഉള്ളത്. നിര്‍ദ്ദേശങ്ങളെല്ലാം തന്നെ ശബരിമല എന്ന് ഇന്നു നാം പറയുന്ന ആ ആരാധനാ സ്ഥാനത്ത് നടക്കേണ്ട പല ആചാരങ്ങളെ കുറിച്ചും പലനടപടികളെ കുറിച്ചുമാണ് പറയുന്നത്. അതില്‍ പ്രത്യേകിച്ച് നമ്മള്‍ ശ്രദ്ധിക്കാവുന്ന ഒരു കാര്യം അവിടുത്തെ ആചാരങ്ങളെ പറ്റി പറയുന്ന ഒരു സ്ഥലത്തും തന്നെ ബ്രാഹ്മണാധികാരത്തിന്റെ ഒരു അടയാളങ്ങളുമില്ല. എല്ലാം പുള്ളുവന്മാര്‍, പാണന്മാര്‍ തുടങ്ങിയ ദ്രാവിഡ വര്‍ഗ്ഗക്കാരുടെ ആചാര വിശേഷങ്ങളായാണ് പറയുന്നത്. ആ ആചാരങ്ങള്‍ക്കൊപ്പം അവിടെ നടക്കേണ്ട ഒരു ആഘോഷം എന്നു പറയുന്നത്, മകരവിളക്കാണ്. അതോടൊപ്പം വെടിമരുന്നിന്റെ പ്രയോഗത്തെ കുറിച്ചും സൂചനയുണ്ട്. ഇന്നയിന്ന ദിക്കിലുള്ള... ഇന്നയിന്ന കുഴികളില്‍ വച്ച് കതിന പൊട്ടിക്കണം എന്ന് പ്രത്യേകിച്ച് എടുത്തു പറയുന്നുണ്ട്''- എം. ആര്‍ രാഘവവാര്യര്‍ രേഖ വായിച്ചതിനു ശേഷം നാരദ ന്യൂസിനോട് പറഞ്ഞു.ശബരിമലയിലെ ആചാരങ്ങളും ചടങ്ങുകളും അനുവര്‍ത്തിച്ചുവന്ന പാരമ്പര്യരീതികളെയും സംബന്ധിച്ച് ലഭ്യമായ ഏറ്റവും ആധികാരികവും പഴക്കമേറിയതുമായ ചരിത്രരേഖയാണ് ഇതെന്നു വ്യക്തം. നാനൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തളം രാജാവ്, പ്രാചീന മലയാള എഴുത്തുരൂപമായ കോലെഴുത്തില്‍ തയ്യാറാക്കിയ രേഖ, ശബരിമലയില്‍ രാജാധികാരം പ്രയോഗിക്കപ്പെട്ടതിന്റെ ഏറ്റവും ആദ്യത്തെ രേഖയാണ്. കൊല്ലവര്‍ഷം 843ല്‍ ധനുമാസം ഞായറില്‍ പുറപ്പെടുവിച്ച രാജതിട്ടൂരമാണ് ഇത്. രാജാധികാരികളായ 'കോവില്‍ അധികാരികള്‍ക്ക്' അയച്ച തിട്ടൂരത്തില്‍ ശബരിമലയിലെ മകരവിളക്ക് ഉത്സവവും അനുബന്ധമായി നടക്കേണ്ടുന്ന ചടങ്ങുകളും നടത്താന്‍ ചുമതലപ്പെടുത്തുകയും ചടങ്ങുകള്‍ നടത്തുന്നവര്‍ക്ക് 300 'അനന്തരാമന്‍ പണം' (അന്നത്തെ നാണയം) നല്‍കാന്‍ ഉത്തരവ് നല്‍കുകയും ചെയ്യുന്നു.

ഡോ. മോൺസൺ മാവുങ്കൽ


രേഖയില്‍ സൂചിപ്പിച്ചിരിക്കുന്ന പ്രകാരം ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്താന്‍ ചീരപ്പന്‍ ചിറയിലെ 'കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ക്കാ'ണ് അവകാശം. ഇദ്ദേഹം ശബരിമലയില്‍ കാണിക്കക്ക് സമീപം കുടില്‍ കെട്ടി പാര്‍ത്തുവരുന്ന ആളാണെന്നു വിവരവും രേഖ നല്‍കുന്നു. ശബരിമലയില്‍ മൂന്ന് ചടങ്ങുകള്‍ മാത്രമാണുള്ളതെന്ന് രേഖ സാക്ഷ്യപ്പെടുത്തുന്നു. പുള്ളുവന്‍ പാട്ട്, വേലന്‍ പാട്ട്, വെടിവഴിപാട് എന്നിവയാണ് അവ. വെടിവഴിപാടിനായുള്ള കുഴികളുടെ സ്ഥാനവും കോവില്‍ അധികാരികള്‍ മേല്‍നോട്ടം വഹിച്ചുകൊണ്ട് ഇരിക്കേണ്ടുന്ന ആള്‍ത്താരയെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ രേഖയില്‍ നല്‍കുന്നു. തിട്ടൂരത്തിന്റെ സാക്ഷികളായി സൂചിപ്പിച്ചിരിക്കുന്നത് ഉന്നില ദേശത്തെ ഉന്നിയില വീട്ടിലെ നാരായണനും എരവിയുമ്മ തണ്ണീര്‍മുക്കം ദേശത്തെ വെങ്ങല വീട്ടിലെ നാരായണ കുഞ്ഞനും എന്നീ പേരുകളാണ്. ഈ സാക്ഷികള്‍ ചീരപ്പന്‍ ചിറയോട് ചേര്‍ന്നുള്ളവരാണ്. ഇവരും ഈഴവരെന്നു തന്നെയാണ് സൂചന.

ശബരിമലയിലെ ബ്രാഹ്മണാധികാരത്തെ കുറിച്ചോ ബ്രാഹ്മണരുടെ പൂജാവിധികളെക്കുറിച്ചോ പൂജാരികളുടെ പ്രതിഫലത്തെക്കുറിച്ചോ ഒന്നും തന്നെ രേഖയില്‍ സൂചനയില്ല. ശബരിമലയിലെ പ്രതിഷ്ഠയുടെ പേര്, വ്രതം, ഇരുമുടിക്കെട്ട്, നിലവിലെ ഏറ്റവും പ്രധാനപ്പെട്ട പൂജയായ നെയ്യഭിഷേകം എന്നിവയെക്കുറിച്ചും ഈ രേഖയില്‍ പരാമര്‍ശിച്ചിട്ടേയില്ല. അയ്യപ്പന്‍ ആയോധന വിദ്യ പഠിച്ചത് ചീരപ്പന്‍ ചിറയില്‍ നിന്നാണെന്നും മാളികപ്പുറം ചീരപ്പന്‍ ചിറയിലെ യുവതിയാണെന്നുമാണ് വിശ്വാസം. ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം മുഹമ്മയില്‍ സ്ഥിതിചെയ്യുന്ന ചീരപ്പന്‍ ചിറകളരിയും ക്ഷേത്രവും അയ്യപ്പ ചരിതത്തിലെ നിര്‍ണ്ണായക സ്ഥാനമാണ്.''തന്ത്രിമാരെ കുറിച്ചോ ബ്രാഹ്മണരെ കുറിച്ചോ ആഗമ വിധിപ്രകാരമുള്ള എന്തെങ്കിലും ആചാരങ്ങളെ കുറിച്ചോ അനുഷ്ഠാനങ്ങളെ കുറിച്ചോ ഈ രേഖയില്‍ സൂചനയില്ല. ശബരിമലയിലെ ബ്രാഹ്മണാധിപത്യത്തിനു മുന്‍പുള്ള ആചാരവിശേഷങ്ങളുടേയും നടപ്പുരീതികളുടേയും വസ്തുനിഷ്ഠമായ ചിത്രമാണ് ഈ രേഖയില്‍ നിന്നു കിട്ടുന്നത്. അതാണ് ഈ രേഖയുടെ പ്രാധാന്യം''- രാഘവവാര്യര്‍ വ്യക്തമാക്കുന്നു.

നിലവില്‍ മലയരയര്‍ ശബരിമലയുടെ അവകാശത്തിനായി രംഗത്തുണ്ട്. എന്നാല്‍ ശബരിമലയില്‍ ഈഴവര്‍ക്കുണ്ടായിരുന്ന വെടിവഴിപാടിനുണ്ടായിരുന്ന അവകാശം ദേവസ്വം ബോര്‍ഡ് സ്വന്തമാക്കി. പരേതയായ മുന്‍ മന്ത്രി സുശീലാ ഗോപാലന്റെ കുടുംബമാണ് ചീരപ്പന്‍ ചിറ. നിലവില്‍ ഈഴവര്‍ക്ക് ശബരിമലയുടെ മേലുള്ള അവകാശം സ്ഥാപിക്കുന്നതിന് ഉള്‍പ്പടെ ഈ രേഖ ഉപകരിക്കപ്പെടും.

രേഖയുടെ കൂടുതല്‍ ആഴത്തിലുള്ള വായനയും പഠനവും നടക്കുകയാണ്. കൂടുതല്‍ തെളിവുകള്‍ രേഖയില്‍ നിന്നു വായിച്ചെടുക്കാനാകും. 'ഇന്ത്യ എഹെഡ്' ചാനല്‍ ദേശീയ തലത്തില്‍ ഈ രേഖ പുറത്തുവിട്ടു കഴിഞ്ഞു. രാഹുല്‍ ഈശ്വറടക്കം രേഖ ആധികാരികമെന്നു സമ്മതിച്ചു കഴിഞ്ഞു.

പന്തളം കൊട്ടാരത്തില്‍ നിന്നുള്ള ഈ രേഖയില്‍ അയ്യപ്പന്‍ പന്തളത്തെ രാജകുമാരനാണ് എന്ന നിലയ്ക്കുള്ള പ്രത്യേക പരാമര്‍ശങ്ങളൊന്നുമില്ല. ദ്രാവിഡ ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന സ്ഥാനം മാത്രം. 400 വര്‍ഷം മുന്‍പും പതിനെട്ടു പടിയെ കുറിച്ചു പറയുന്നതടക്കം അനേകം തെളിവുകള്‍ രേഖയിലുണ്ട്.