സര്‍ക്കാരുമായി പത്തിന കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്‌

ഇത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്. ഐജിയുടെ റിപ്പോര്‍ട്ടിനെക്കാള്‍ ഞങ്ങള്‍ക്ക് വലുത് മുഖ്യമന്ത്രിയുടെ ഉറപ്പാണ്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു

സര്‍ക്കാരുമായി പത്തിന കരാറില്‍ ഏര്‍പ്പെട്ടുവെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത്‌

ചര്‍ച്ചയില്‍ സംതൃപ്തരാണെന്നും സമരം വിജയമാക്കിയ കേരളത്തിനോട് നന്ദിയുണ്ടെന്നും ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ ശ്രീജിത്ത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

എല്ലാ പ്രതികളെയും പിടികൂടും, ഡിജിപി ഓഫിസിന് മുന്നിലെ പൊലീസ് അതിക്രമത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി, എസ്‌യുസിഐ നേതാവ് ഷാജിര്‍ഖാന്‍ അടക്കം മൂന്നുപേരുടെ മോചനം എന്നിങ്ങനെ പത്തുകാര്യങ്ങളില്‍ സര്‍ക്കാരുമായി കാരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പാണ്. ഐജിയുടെ റിപ്പോര്‍ട്ടിനെക്കാള്‍ ഞങ്ങള്‍ക്ക് വലുത് മുഖ്യമന്ത്രിയുടെ ഉറപ്പാണ്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം അവസാനിപ്പിക്കുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുവിന്റെ പിതാവ് അശോകനും ഒപ്പമുണ്ടായിരുന്നു.

എസ്‌യുസിഐ നേതാവായ ഷാജിര്‍ഖാനിന്റെ സഹായം ഞങ്ങള്‍ തേടിയിരുന്നു. പക്ഷെ, റിമാന്‍ഡില്‍ കഴിയുന്ന ഹിമവല്‍ ഭദ്രാനന്ദ, കെ.എം ഷാജഹാന്‍ എന്നിവരെ തങ്ങള്‍ സമരത്തിന് ക്ഷണിച്ചിരുന്നില്ലെന്നുമാണ് ശ്രീജിത്തിന്റെ വിശദീകരണം. ഗുഢാലോചനാ കുറ്റം അടിസ്ഥാനമില്ലാത്തതിനാല്‍ തന്നെ തളളിപ്പോകും. പൊലീസ് മര്‍ദിച്ചുവെന്ന കാര്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ശ്രീജിത്ത്‌ പറഞ്ഞു.

ശക്തിവേലിനെ അറസ്റ്റ് ചെയ്തതോടെയാണ് സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സമരപരിപാടിക്ക് അന്ത്യമുണ്ടായത്. ജിഷ്ണുവിന്റെ അമ്മയും സഹോദരിയും അടക്കമുളളവരുടെ നിരാഹാരം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും അതോടെ ഊര്‍ജ്ജിതമായി.. അറസ്റ്റിന് പിന്നാലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു, അഡ്വ. കെ.വി സോഹന്‍ എന്നിവര്‍ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാനുളള ധാരണയായത്. മഹിജയെ കാണില്ലെന്ന് പിടിവാശിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഉറപ്പ് നല്‍കുകയും ചെയ്തു. പൊലീസ് നടപടിയില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാമെന്നുമാണ് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് മഹിജയ്ക്ക് ഉറപ്പ് നല്‍കിയത്. ഇതോടെ നിരാഹാരസമരത്തിലായിരുന്ന മഹിജയും മകള്‍ അവിഷ്ണയും സമരത്തില്‍ നിന്നും പിന്മാറി.

Read More >>