ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

കേസ് സിബിഐയ്ക്ക് വിട്ട നടപടി അപക്വവും അസാധാരണവും വൈകാരികവുമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം.

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് താല്‍ക്കാലിക സ്റ്റേ

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ പ്രഖ്യാപിച്ചിരുന്ന സിബിഐ അന്വേഷണം ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കേസില്‍ വിശദമായ വാദം ഈമാസം 23ന് നടക്കും. അതുവരെയാണ് സിബിഐ അന്വേഷണത്തിന് സ്‌റ്റേ.

കേസ് സിബിഐയ്ക്ക് വിട്ട നടപടി അപക്വവും അസാധാരണവും വൈകാരികവുമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. മട്ടന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് ആധാരമായ കൊല നടന്നിട്ട് മൂന്നാഴ്ചയേ ആയിട്ടുള്ളൂ എന്നും പ്രത്യേകാന്വേഷണ സംഘം ഫലപ്രദമായി അന്വേഷിച്ചുവരികയാണെന്നുമാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയത്. എതിര്‍ സത്യവാങ്മൂലത്തിന് അവസരം നല്‍കാതിരുന്നതും വസ്തുതകള്‍ പരിശോധിക്കാതിരുന്നതും വീഴ്ചയാണെന്നാണ് അപ്പീലിലെ മറ്റൊരു ആരോപണം.

സാധ്യമായ തരത്തില്‍ പൊലീസ് മികച്ച അന്വേഷണം നടത്തുന്നുണ്ടെന്നും കേസ് സിബിഐയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അപ്പീലില്‍ അവകാശപ്പെട്ടിരുന്നു. ഇതെല്ലം പരിഗണിച്ചാണ് കോടതിയുടെ ഇപ്പോഴത്തെ നടപടി. സുപ്രീംകോടതിയിലെ മുന്‍ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദര്‍ ഷരണാണ് ഇന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായത്. നേരത്തെ ജസ്റ്റിസ് കമാല്‍പാഷയാണ് ഷുഹൈബ് വധം സിബിഐയ്ക്ക് വിട്ടത്. ഇനിയൊരു രാഷ്ട്രീയകൊലപാതകം ഉണ്ടാവരുതെന്ന കര്‍ശന നിര്‍ദേശത്തോടെയായിരുന്നു വിധി.


അറസ്റ്റിലായ പ്രതികളെ കൂടാതെ അണിയറയിൽ കൂടുതൽ പേർ ഉണ്ടെന്നും ഇവരെ കൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെങ്കിൽ സിബിഐ അന്വേഷണം വേണമെന്നുമുള്ള ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചായിരുന്നു ജസ്റ്റിസ് കമാൽപാഷയുടെ ഉത്തരവ്. അറസ്റ്റിലായവർ സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയിലെ പ്രവർത്തകർ ആയതിനാൽ ​ഗൂഡാലോചനാ പ്രതികളും ശിക്ഷിക്കപ്പെടണമെങ്കിൽ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും കുടുംബം വ്യക്തമാക്കുന്നു.Read More >>