പൂക്കോട്ടുംപാടം വിഗ്രഹം തകര്‍ക്കല്‍; കലാപാഹ്വാനം ചെയ്ത ഉണ്ണിക്കൃഷ്ണനെ തിരയാതെ പൊലീസ്; അന്വേഷണം രാജാറാമില്‍ ഒതുങ്ങിയേക്കും

അഖില ഭാരതീയ യുവ കോലി സമാജ് എന്ന സംഘപരിവാര്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ആളാണ് ഇയാള്‍. എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇത്തരമൊരു ആളെ പറ്റിയോ ഫേസ്ബുക്ക് പോസ്റ്റിനെ പറ്റിയോ അറിയില്ലെന്ന് നിലമ്പൂര്‍ എസ്‌ഐ പ്രതീപ് കുമാറും ഡിവൈസ്എപി മോഹനചന്ദ്രന്‍ നായരും നാരദാ ന്യൂസിനോടു പ്രതികരിച്ചു. കലാപത്തിനു ആഹ്വാനം ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ കുപ്രാചരണം നടത്തുന്നതിനെതിരെ വിദ്വേഷം ജനിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ വകുപ്പുണ്ട്.

പൂക്കോട്ടുംപാടം വിഗ്രഹം തകര്‍ക്കല്‍; കലാപാഹ്വാനം ചെയ്ത ഉണ്ണിക്കൃഷ്ണനെ തിരയാതെ പൊലീസ്; അന്വേഷണം രാജാറാമില്‍ ഒതുങ്ങിയേക്കും

മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ഉണ്ണിക്കൃഷ്ണന്‍ കാര്‍ത്തികേയന്‍ എന്നയാള്‍ക്കെതിരെ ഇനിയും കേസെടുക്കാതെ പൊലീസ്. അഖില ഭാരതീയ യുവ കോലി സമാജ് എന്ന സംഘപരിവാര്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ആളാണ് ഇയാള്‍.

മലബാര്‍ മതേതരഭീകരവാദികളുടെ പിടിയിലായെന്നും അതിനാല്‍ രണ്ടാം മാപ്പിള ലഹളയ്ക്കുള്ള എല്ലാ സ്‌കോപ്പുകളുമുണ്ടെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു. ശിവലിംഗം നെടുകെ വെട്ടിപ്പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജനം നടത്തി. അതിനാല്‍, തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാവണമെന്നും ഇയാള്‍ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു.

ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായത് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കള്‍ ആയതു കൊണ്ടുമാണെന്നും രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ കാര്‍ത്തികേയന്റെ വര്‍ഗീയ പോസ്റ്റ്. ഇതുകൂടാതെ, സോഷ്യല്‍മീഡിയയിലും പുറത്തും സംഘപരിവാര്‍ വലിയ കുപ്രചാരണമാണു സംഭവത്തോടനുബന്ധിച്ചു നടത്തിയിരുന്നത്.

എന്നാല്‍ ഇയാള്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. ഇത്തരമൊരു ആളെ പറ്റിയോ ഫേസ്ബുക്ക് പോസ്റ്റിനെ പറ്റിയോ അറിയില്ലെന്ന് നിലമ്പൂര്‍ എസ്‌ഐ പ്രതീപ് കുമാറും ഡിവൈസ്എപി മോഹനചന്ദ്രന്‍ നായരും നാരദാ ന്യൂസിനോടു പ്രതികരിച്ചു. കലാപത്തിനു ആഹ്വാനം ചെയ്ത് സോഷ്യല്‍മീഡിയയിലൂടെ കുപ്രാചരണം നടത്തുന്നതിനെതിരെ വിദ്വേഷം ജനിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ വകുപ്പുണ്ട്.

നേരത്തെ, ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന ഓണ്‍ലൈന്‍ വാര്‍ത്ത ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിനു തലശ്ശേരി മഞ്ചക്കലിലെ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കലാപത്തിനു ശ്രമിച്ചു എന്ന വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഉണ്ണിക്കൃഷ്ണനെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല.

അതേസമയം, കലാപാഹ്വാനവും വ്യാജപ്രചാരണവും നടത്തിയ ഉണ്ണിക്കൃഷ്ണന്‍, സംഭവത്തില്‍ രാജാറാം മോഹന്‍ദാസ് പോറ്റിയെന്നയാള്‍ പിടിയിലായതോടെ അടവുമാറ്റി രംഗത്തെത്തി. പ്രതി രാജാറാം മോഹന്‍ദാസ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു മുസ്ലിം സംഘടനയുമായി ബന്ധപ്പെടുകയും മതം മാറുകയും ചെയ്ത വ്യക്തിയാണെന്നാണ് ഉണ്ണിക്കൃഷ്ണന്റെ ഇപ്പോഴത്തെ പ്രചാരണം. ഈ വ്യക്തിയുടെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കി തന്നെയാണ് അവര്‍ ഇയാളെ സ്വീകരിച്ചതെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഇപ്പോഴും ഹിന്ദു പേരില്‍ അറിയപ്പെടുകയും ഹിന്ദു വേഷവിധാനങ്ങളില്‍ ജീവിക്കുകയും പുറത്ത് കമ്മ്യൂണിസ്റ്റ് അനുഭാവിയായി നടക്കുകയും ചെയ്യുന്ന ആളാണെന്നുമാണ് ഉണ്ണിക്കൃഷ്ണന്റെ കണ്ടുപിടിത്തം.

ഇയാളുടെ ഹൈന്ദവ, ക്ഷേത്ര വിരുദ്ധ വികാരം കാണുമ്പോള്‍ ഏതോ സൈലന്റ് തീവ്രവാദ ഗ്രൂപ്പിലെ അംഗമെന്നു സംശയിക്കേണ്ടിയിരിക്കുന്നതായും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു. അതേസമയം, പോസ്റ്റുകള്‍ വിവാദമായതോടെ ഇയാള്‍ ഇവയെല്ലാം തന്റെ ടൈംലൈനില്‍ നിന്നു ഹൈഡ് ചെയ്തിരിക്കുകയാണ്.

അതേസമയം, ഹിന്ദു മതത്തിലെ അനാചാരങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് താന്‍ വിഗ്രഹങ്ങള്‍ തകര്‍ത്തതെന്നാണ് പ്രതി രാജാറാം മൊഴി നല്‍കിയിരിക്കുന്നതെന്നു പൊലീസ് പറയുന്ന സാഹചര്യത്തില്‍ സംഭവത്തിലെ അന്വേഷണം ഇയാളില്‍ ഒതുങ്ങാനാണ് സാധ്യത. എന്നാല്‍ ഇപ്പോള്‍ ഒന്നും തീര്‍ത്തുപറയാനാവില്ലെന്നും അന്വേഷണം നടന്നുവരികയാണെന്നുമാണ് പൊലീസിന്റെ ഭാഷ്യം.

നേരത്തെ, തിരുവനന്തപുരം പേട്ടയില്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയാല്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ട സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന ഹരിസ്വാമിയെ തള്ളിയും ഇത്തരത്തില്‍ സംഘപരിവാര്‍ രംഗത്തുവന്നിരുന്നു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹരിസ്വാമി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണിത്. ഹരിസ്വാമി നേരത്തെ സന്യാസം ഉപേക്ഷിക്കുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ആളാണെന്നായിരുന്നു സംഘപരിവാര്‍ വാദം.