വാളയാര്‍ സഹോദരിമാരുടെ മരണം: പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി അറസ്റ്റിലായ പതിനേഴുകാരൻ

പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു നേരത്തെ നാലു പ്രതികള്‍ അറസ്റ്റിലായിരുന്നു. അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പതിനേഴുകാരന്റെ പങ്ക് വ്യക്തമായത്. രണ്ട് പെണ്‍കുട്ടികളേയും ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിരുതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

വാളയാര്‍ സഹോദരിമാരുടെ മരണം: പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നതായി അറസ്റ്റിലായ പതിനേഴുകാരൻ

വാളയാര്‍ അട്ടപ്പള്ളത്ത് സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പതിനേഴുകാരൻ രണ്ട് പെണ്‍കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്തിരുതായി പൊലീസ് പറഞ്ഞു. പതിനേഴുകാരന്റെ അറസ്റ്റോടെ ഈ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.

വിശദമായ ചോദ്യം ചെയ്യലിലാണ്‌ പ്രതി പെൺകുട്ടികളെ ചൂഷണം ചെയ്തതായി പൊലീസിനോട് സമ്മതിച്ചത്. പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളുടെ പങ്ക് സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. പാലക്കാട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 29 വരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

നേരത്തെ നാലു പ്രതികള്‍ അറസ്റ്റിലായിരുന്നു. ഇടുക്കി രാജക്കാട് സ്വദേശി ഷിബു, ചേര്‍ത്തല സ്വദേശി പ്രദീപ് കുമാര്‍, പാമ്പാംപള്ളം കല്ലങ്കാട് എം മധു, വി. മധു എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്നും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവരെ കൂടി അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു.

ജനുവരി 13 ന് വൈകീട്ടാണ് അട്ടപ്പള്ളത്തെ വീട്ടില്‍ പതിമൂന്നുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മാര്‍ച്ച് നാലിന് വൈകീട്ട് അതെ സ്ഥലത്ത് ഒമ്പതു വയസുകാരി അനിയത്തിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ട് പെണ്‍കുട്ടികളും ലൈംഗിക ചൂഷണത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.