വാളയാറില്‍ വീണ്ടും പീഡനം: തൂങ്ങിമരിച്ച കുഞ്ഞുങ്ങളുടെ ഗ്രാമത്തില്‍ പതിമൂന്നുകാരിയെ ചെറിയച്ഛന്‍ പീഡിപ്പിച്ചു

കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലും സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഗ്രാമത്തില്‍ തന്നെയാണ് ഈ പീഡനവും നടന്നത്. ആ കുഞ്ഞുങ്ങളുടെ ബന്ധു കൂടിയാണ് ഈ പെണ്‍കുട്ടി.

വാളയാറില്‍ വീണ്ടും പീഡനം: തൂങ്ങിമരിച്ച കുഞ്ഞുങ്ങളുടെ ഗ്രാമത്തില്‍ പതിമൂന്നുകാരിയെ ചെറിയച്ഛന്‍ പീഡിപ്പിച്ചു

വാളയാറില്‍ നിന്ന് പീഡനത്തിന് ഇരയായി സഹോദരിമാര്‍ മരിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പെ മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. എച്ച് ഐ വി ബാധിതരായ രക്ഷകര്‍ത്താക്കളുടെ മകളായ പതിമൂന്നുകാരിയെ ചെറിയച്ഛന്‍ മാസങ്ങളോളം പീഡിപ്പിച്ച ദുരന്ത വാര്‍ത്തയാണ് നേരത്തെ രണ്ടു സഹോദരിമാര്‍ മരിച്ച ഗ്രാമത്തില്‍ നിന്നും പുറത്തു വരുന്നത്. ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച ആ സഹോദരിമാരുടെ ബന്ധു കൂടിയാണ് ഈ പെണ്‍കുട്ടി. വാളയാറിലെ പെണ്‍കുഞ്ഞുങ്ങളുടെ ആത്മഹത്യയെ തുടര്‍ന്നുള്ള പൊലീസ് അന്വേഷണവും ഭീതിയും ഗ്രാമത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദിവസങ്ങളിലും കുഞ്ഞ് പീഡിപ്പിക്കപ്പെട്ടു. ആ ബഹളങ്ങളെ പോലും പീഡനത്തിന് മറയാക്കി.


പീഡനത്തിന് ഇരയായ കുട്ടിയുടെ അച്ഛന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതാണ്. എച്ച്ഐവി ബാധയാണ് അച്ഛന്‍റെ ജീവനെടുത്തത്. കുട്ടിയുടെ അമ്മയും എച്ച് ഐ വി ബാധിതയാണ്. അച്ഛന്റെ മരണത്തെ തുടര്‍ന്ന് ചെറിയച്ഛന്റെ സംരക്ഷണയിലായിരുന്നു കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയെ ഇയാള്‍ സ്ഥിരമായി പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

കുട്ടി അധ്യാപകനോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്. അധ്യാപകന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ കുട്ടിക്ക് കൗണ്‍സിലിങ്ങ് നടത്തുകയും വിവരം പൊലീസില്‍ അറിയിക്കുകമായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായി. ബാംഗ്ലൂരില്‍ ജോലി നോക്കുകയായിരുന്ന ഇയാളെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരമായിരുന്നു അറസ്റ്റ്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ വര്‍ഷം ഒമ്പതാം ക്ലാസ്സിലെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.
കഴിഞ്ഞ ജനുവരിയിലും മാര്‍ച്ചിലും സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ഗ്രാമത്തില്‍ തന്നെയാണ് ഈ പീഡനവും നടന്നത്. .

വാളയാറില്‍ സഹോദരിമാരില്‍ ആദ്യപെണ്‍കുട്ടി തൂങ്ങി മരിച്ചിട്ടും പൊലിസോ, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോ, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകരോ, രാഷ്ട്രീയ കക്ഷികളോ ഒരു ഇടപെടലും നടത്തിയിരുന്നില്ല. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനു അസ്വാഭാവിക മരണത്തിന് ഒരു കേസ് ഫയല്‍ ചെയ്തതിന് അപ്പുറം മറ്റൊരു നടപടിയും ഉണ്ടായില്ല. പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിട്ടും അക്കാര്യത്തിലും അന്വേഷണം ഉണ്ടായില്ല.

ആദ്യത്തെ കുട്ടിയുടെ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ദിവസങ്ങള്‍ക്കകം രണ്ടാമത്തെ കുട്ടിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഷയത്തില്‍ പൊലിസും ചൈല്‍ഡ്‌ലൈനും മറ്റു സന്നദ്ധ സംഘടനകളും ഇടപ്പെടുന്നതും കുട്ടികളെ പീഡിപ്പിച്ച അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. രണ്ടാമത്തെ കുട്ടിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതക സാധ്യതകളാണ് കാണുന്നതെന്നും സ്ഥലത്ത് പരിശോധന നടത്തിയ ഐ ജി പറഞ്ഞങ്കിലും ആത്മഹത്യയെന്ന നിലയില്‍ തന്നെയാണ് ലോക്കല്‍ പൊലിസ് അന്വേഷണം നടത്തിയത്. സംഭവം നടന്ന് മാസങ്ങളായിട്ടും പെണ്‍കുട്ടിയുടെ മരണകാരണം കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല.


രണ്ടാമത്തെ കുട്ടിയുടെ മരണശേഷം സ്ഥലത്തേക്ക് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ കുത്തൊഴുക്കായിരുന്നു. ചാനലുകാരേയും കൂട്ടിപോയി എല്ലാവരും സംഭവ സ്ഥലം സന്ദര്‍ശിച്ച് തങ്ങളുടെ ഞെട്ടലും ദുഖവും അറിയിച്ചെങ്കിലും വീണ്ടും ഇത്തരത്തില്‍ ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള ഒരു നടപടിയും ചെയ്തില്ല. സര്‍ക്കാര്‍ സംവിധാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ബോധവത്കരണ ക്ലാസ്സുകളും മറ്റും നടത്താത്തതു കൊണ്ടാണ് വീണ്ടും ഈ ഗ്രാമത്തില്‍ ഇത്തരത്തിലുള്ള പീഡനങ്ങള്‍ നടക്കുന്നത്.

ഇതേസമയം പൊലീസ് കേസ് നിസാരവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും നടത്തുന്നതായി പരാതിയുണ്ട്. വാളയാറില്‍ അതിദാരുണമായ പീഡനം റിപ്പോര്‍ട്ട് ചെയ്ത ശേഷം വീണ്ടും കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെട്ടത് ഇവിടേയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യപ്പെടുന്നു. വാളയാര്‍ ചെക്ക് പോസ്റ്റിന് അടുത്തുള്ള ഈ ഗ്രാമത്തിലെ സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷ പ്രധാനമാണ്. ദരിദ്രരായ മനുഷ്യരെയും അവരുടെ കുഞ്ഞുങ്ങളും പീഡിപ്പിക്കപ്പെടുന്നതില്‍ കുറച്ചു മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛന്‍ എച്ച്ഐവി ബാധിതനാണോയെന്ന സംശയവുമുണ്ട്.