മൂന്നാർ നാടകം ക്ലൈമാക്സിലേയ്ക്ക്; ടാറ്റ ഭൂമി കൈയേറിയിട്ടില്ലെന്ന വാദവുമായി എൽഡിഎഫ് യോഗത്തിൽ കാനം രാജേന്ദ്രൻ

കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്റെ നിലപാടിനു കടകവിരുദ്ധമാണ് കാനത്തിന്റെ ഈ നിലപാട്. അക്കാലത്ത് ഏരിയൽ സർവെ ഉൾപ്പെടെ നടത്തി ടാറ്റയുടെ കൈയേറ്റം സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്. ഇതൊന്നും പരിഗണിക്കാൻ തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടുമായാണ് സിപിഐ മുന്നോട്ടുപോകുന്നത്.

മൂന്നാർ നാടകം ക്ലൈമാക്സിലേയ്ക്ക്; ടാറ്റ ഭൂമി കൈയേറിയിട്ടില്ലെന്ന വാദവുമായി എൽഡിഎഫ് യോഗത്തിൽ കാനം രാജേന്ദ്രൻ

മൂന്നാറിൽ ടാറ്റയുടെ ഭൂമി കൈയേറ്റമില്ലെന്ന നിലപാട് എൽഡിഎഫ് യോഗത്തിൽ തുറന്നടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടുക്കിയിലെ കൈയേറ്റം ഒഴിപ്പിക്കുമ്പോൾ ടാറ്റയുടെ ഭൂമി ഒഴിപ്പിക്കണ്ടതല്ലേ എന്ന ചോദ്യത്തോടായിരുന്നു, "ടാറ്റയുടെ ഭൂമി തിരിച്ചു പിടിക്കാൻ പോയാൽ, അളന്നു തിട്ടപ്പെടുത്തുമ്പോൾ ടാറ്റയ്ക്കു അങ്ങോട്ടു ഭൂമി കൊടുക്കേണ്ടി വരും, അതുകൊണ്ട് ആ കാര്യം തൊടാതിരിക്കുന്നതാണ് നല്ലത്" എന്ന കാനത്തിന്റെ വെട്ടിമുറിച്ച പ്രതികരണം.

കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് റവന്യൂ മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്റെ നിലപാടിനു കടകവിരുദ്ധമാണ് കാനത്തിന്റെ ഈ നിലപാട്. അക്കാലത്ത് ഏരിയൽ സർവെ ഉൾപ്പെടെ നടത്തി ടാറ്റയുടെ കൈയേറ്റം സ്ഥിരീകരിച്ച റിപ്പോർട്ടുകളുണ്ട്. ഇതൊന്നും പരിഗണിക്കാൻ തങ്ങൾ തയ്യാറല്ലെന്ന ഉറച്ച നിലപാടുമായാണ് സിപിഐ മുന്നോട്ടുപോകുന്നത്.

കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സ് കമ്പനി ഇടുക്കി ജില്ലയില്‍ 50,000 ഏക്കര്‍ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി റവന്യൂ വകുപ്പുതന്നെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ടാറ്റയ്ക്ക് തേയില കൃഷി നടത്താന്‍ അനുവദിച്ച 57,000 ഏക്കര്‍ പാട്ടഭൂമിക്ക് പുറമേയാണിത്. കണ്ണൻ ദേവൻ വില്ലേജിലെ 53 സർവെ നമ്പരുകളിലായാണ് ഈ ഭൂമിയെന്നും റവന്യൂ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

നിയമസഭാ സമിതികളും സാറ്റലൈറ്റ് സർവെയും സ്ഥിരീകരിച്ചതും ഔദ്യോഗികമായിത്തന്നെ പ്രഖ്യാപിച്ചിട്ടുള്ളതുമാണ് മൂന്നാറിലെ ടാറ്റയുടെ ഭൂമി കൈയേറ്റം. 2008ലെ ദൗത്യസംഘം തന്നെ കെഡിഎച്ച് വില്ലേജിലെ ടാറ്റയുടെ നിയന്ത്രണത്തിലുള്ള സർക്കാർ ഭൂമിയെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയും ടാറ്റയ്ക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും വ്യക്തമാക്കി സര്‍വെ ലൈനുകള്‍ വേര്‍തിരിച്ച് വില്ലേജ് ഓഫീസില്‍ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. സര്‍വെ അതിര്‍ത്തി നിര്‍ണയത്തില്‍ പരാതിയുണ്ടെങ്കില്‍ നല്‍കാനും ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി.

ഇതുപ്രകാരം തങ്ങളുടെ തോട്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കണ്ണന്‍ ദേവന്‍ കമ്പനിക്ക് കാര്യമായ പരാതികളൊന്നും ഉണ്ടായിരുന്നില്ല, സര്‍ക്കാര്‍ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച ചില സ്വകാര്യവ്യക്തികൾ ഹാജരാക്കിയത് കള്ളപ്പട്ടയങ്ങളാണെന്നും കണ്ടെത്തിയിരുന്നു.

കൈയേറ്റം സംബന്ധിച്ച് സിപിഐയിൽ ഇതിനു മുമ്പും ടാറ്റാ അനുകൂല നിലപാട് സിപിഐയിലെ ഒരുവിഭാഗം സ്വീകരിച്ചിട്ടുണ്ട്. 50,000 ഏക്കര്‍ ഭൂമിയാണ് അനധികൃതമായി ടാറ്റ കൈവശപ്പെടുത്തിയിരിക്കുന്നത് എന്ന നിയമസഭാ അഷ്വറന്‍സ് കമ്മിറ്റിയുടെ കണ്ടെത്തലിനെ ഇടുക്കിയിലെ സിപിഐ നേതാവായ സി എ കുര്യൻ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ടാറ്റ ഭൂമി കൈയേറിയിട്ടില്ലെന്നു വ്യക്തമാക്കിയ കുര്യൻ, കൈയേറാൻ 50,000 ഏക്കര്‍ എവിടെയുണ്ടെന്നും പരിഹസിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ ഇ ഇസ്മായിലിന് ഈ നിലപാടായിരുന്നില്ല. ടാറ്റയാണ് മൂന്നാറിലെ ഏറ്റവും വലിയ കൈയേറ്റക്കാരെന്നും എന്തുവില കൊടുത്തും ഈ കൈയേറ്റം ഒഴിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം അക്കാലത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ തുടങ്ങുമ്പോള്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്താറുണ്ടെന്നും ടാറ്റയെ സഹായിക്കാനാണ് ഈ നിലപാടെന്നും അദ്ദേഹം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗത്തെ ഉന്നംവെച്ച് അക്കാലത്ത് തുറന്നു പറഞ്ഞിരുന്നു.

ഇസ്മായിൽ പക്ഷത്തെ വെട്ടിനിരത്തിയാണ് കാനം രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൈയേറ്റപ്രശ്നത്തിൽ 17വർഷം മുമ്പ് സി എ കുര്യൻ സ്വീകരിച്ച നിലപാടു തന്നെയാണ് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ കാനം രാജേന്ദ്രനും മുന്നോട്ടു വെച്ചത്. ടാറ്റയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളുടെ ഭാവിയും ഇതോടെ സംശയമുനമ്പിലായിട്ടുണ്ട്.