താനൂരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കോര്‍മന്‍ കടപ്പുറത്തെ ക്രിമിനലുകള്‍; സിപിഐഎമ്മിനും മുസ്ലിംലീഗിനും വേണ്ടപ്പെട്ട ഇവരെ തൊടാന്‍ പൊലീസിനും ധൈര്യമില്ല

സിപിഐഎമ്മിലും മുസ്ലിംലീഗിലും പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനല്‍ ഗ്രൂപ്പുകളാണിവിടെയുള്ളത്. ഇവരെ പൊലീസ് പിടികൂടിയാല്‍ത്തന്നെ നേതാക്കളിറങ്ങി മണിക്കൂറുകള്‍ക്കം പുറത്തുകൊണ്ടുവരികയാണ് പതിവ് .ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവിടെ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. അഞ്ച് പതിറ്റാണ്ടുകാലം മുസ്ലിംലീഗിന്റെ കുത്തകയായിരുന്ന താനൂര്‍ മണ്ഡലം കൈവിട്ടുപോയതോടെയാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചത്.

താനൂരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് കോര്‍മന്‍ കടപ്പുറത്തെ ക്രിമിനലുകള്‍; സിപിഐഎമ്മിനും മുസ്ലിംലീഗിനും വേണ്ടപ്പെട്ട ഇവരെ തൊടാന്‍ പൊലീസിനും  ധൈര്യമില്ല

മലപ്പുറം ജില്ലയിലെ താനൂരില്‍ നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് കോര്‍മന്‍ കടപ്പുറം കേന്ദ്രീകരിച്ചുള്ള ക്രിമിനലുകളാണെന്ന് വ്യക്തമായിട്ടും പൊലീസിന് നടപടി സ്വീകരിക്കാന്‍ വിമുഖത. ഏകദേശം ആറ് വര്‍ഷത്തോളമായി ഇവിടെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതിനു പിന്നിലെല്ലാം തന്നെ ഈ ക്രിമിനല്‍ സംഘമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

സിപിഐഎമ്മിലും മുസ്ലിംലീഗിലും പ്രവര്‍ത്തിക്കുന്ന രണ്ട് ക്രിമിനല്‍ ഗ്രൂപ്പുകളാണിവിടെയുള്ളത്. ഇവരെ പൊലീസ് പിടികൂടിയാല്‍ത്തന്നെ നേതാക്കളിറങ്ങി മണിക്കൂറുകള്‍ക്കകം പുറത്തുകൊണ്ടുവരികയാണ് പതിവ്. ഇക്കഴിഞ്ഞ 12ന് കോര്‍മന്‍ കടപ്പുറത്ത് സംഘര്‍ഷമുണ്ടാക്കിയതും ഇവരാണ്.

സിപിഐഎം പ്രവര്‍ത്തകനെ ഈ സംഘം ആക്രമിച്ചതോടെ രാത്രി പത്തരയോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതേതുടര്‍ന്ന് ഒരു സംഘം സിപിഐഎം പ്രവര്‍ത്തകര്‍ മുസ്ലിംലീഗിലെ ചിലരെ ആക്രമിക്കുകയായിരുന്നു. പിന്നീടിത് രാഷ്ട്രീയ സംഘര്‍ഷമായി അതിവേഗം മാറി. കടപ്പുറത്തെ ഷെഡ്ഡുകളും വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളും പരസ്പരം തീവെച്ച് നശിപ്പിക്കുകയും തകര്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ രണ്ടര വരെ ഇത് തുടര്‍ന്നു.


എന്നാല്‍ ക്രിമിനലുകളെ നയിക്കുന്ന ആരും തന്നെ പൊലീസ് വലയിലായില്ല. പകരം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചാപ്പപ്പടിയിലെയും ആലിന്‍ ബസാറിലെയും ഉറങ്ങിക്കിടക്കുന്നവരെയാണ് പൊലീസ് പിടികൂടിയതും വീടുകയറി ആക്രമിച്ചതും. കോര്‍മന്‍ കടപ്പുറം, ആലിന്‍ ബസാര്‍, ചാപ്പപ്പടി പ്രദേശങ്ങളില്‍ 95 ശതമാനവും മുസ്ലിം ന്യൂനപക്ഷങ്ങളായ മത്സ്യത്തൊഴിലാളികളാണ്. മുസ്ലിംലീഗിന് ശക്തമായ അടിത്തറയുള്ള പ്രദേശം.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് ഇവിടെ സംഘര്‍ഷം മൂര്‍ച്ഛിച്ചത്. അഞ്ച് പതിറ്റാണ്ടുകാലം മുസ്ലിംലീഗിന്റെ കുത്തകയായിരുന്ന താനൂര്‍ മണ്ഡലം കൈവിട്ടുപോയതോടെയാണ് പ്രശ്നങ്ങള്‍ വര്‍ധിച്ചത്. എല്‍ ഡി എഫ് സ്വതന്ത്രനായ അബ്ദുറഹ്മാന്‍ ഇവിടെ നിന്ന് ജയിച്ചതോടെ ലീഗിന്റെ നേതൃത്വത്തിലാണ് പ്രശ്നങ്ങള്‍ വ്യാപകമായതെന്ന് പ്രദേശവാസികള്‍ പറയുന്നു. ചെറു ന്യൂനപക്ഷമാണ് കോര്‍മന്‍ കടപ്പുറത്ത് സിപിഐഎം എങ്കിലും പ്രതിരോധവും തിരിച്ചടിയുമായി ഇവരും ഇറങ്ങിയതോടെയാണ് കലാപത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

ഇവിടെ നടക്കുന്നത് രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന രീതിയിലുള്ള പ്രചാരണവും ഉണ്ടായിരുന്നു. എന്നാല്‍ സിപിഐഎം-ലീഗ് ഏറ്റുമുട്ടല്‍ത്തന്നെയാണ് കോര്‍മന്‍ കടപ്പുറത്തെയും സമീപ പ്രദേശങ്ങളെയും ഭയാശങ്കയിലാഴ്ത്തുന്നത്.


കുറ്റം ചെയ്തവരെ ഒഴിവാക്കി കൂടുതലും നിരപരാധികളെയാണ് പൊലീസ് വേട്ടയാടിയതെന്ന് പ്രദേശവാസിയായ സെയ്ത് നാരദാന്യൂസിനോട് പറഞ്ഞു. എത്രയോ കാലമായി പ്രദേശത്ത് രാപകലില്ലാതെ പൊലീസ് പട്രോളിംഗുണ്ട്. മാര്‍ച്ച് 12ന് നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കല്ലേറില്‍ നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നാണ് എം എസ് പിയും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും പാലക്കാട് ആംഡ് റിസര്‍വില്‍ നിന്നുള്ള സേനയും ഇറങ്ങി നിരപരാധികളെപ്പോലും പിടികൂടുകയും വീടുകളും ഉപകരണങ്ങളും വാഹനങ്ങളും തകര്‍ക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തത്.

സംഭവത്തെത്തുടര്‍ന്ന് ചാപ്പപ്പടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലും വെല്‍ഫെയര്‍ പാര്‍ട്ടി, ബിജെപി പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് കയറി അതിക്രമം കാണിച്ചിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയവരില്‍ അധികം പേരും നിരപരാധികളാണെന്ന് പ്രദേശവാസികള്‍ പറയുന്നു. പലരെയും പിന്നീട് വിട്ടയക്കുകയായിരുന്നു. ഇപ്പോഴും പ്രദേശത്ത് പുരുഷന്‍മാര്‍ക്ക് പോകാനാവാത്ത സ്ഥിതിയാണ്. അതേസമയം കടപ്പുറം കേന്ദ്രീകരിച്ച് ഈ ക്രിമിനല്‍ സംഘം ഇപ്പോഴും ഉണ്ടെന്ന് ചാപ്പപ്പടിവാസികള്‍ പറയുന്നു.

സംഭവത്തിന് ശേഷം പ്രദേശത്തെ കുട്ടികളൊന്നും തന്നെ സ്‌കൂളില്‍പോയിട്ടില്ല. എസ് എസ് എല്‍ എസി, പ്ലസ് ടു പരീക്ഷകളുടെ സാഹചര്യത്തിലും പരീക്ഷയെഴുതാന്‍ പറ്റുമോയെന്ന ആശങ്കയിലാണ് ഇവിടുത്തെ 150 ഓളം വരുന്ന കുട്ടികള്‍. പൊലീസിന്റെ അതിക്രമത്തിനെതിരെ സിപിഐഎം, മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബിജെപി നേതാക്കളെല്ലാം തന്നെ രംഗത്ത് വന്നിരുന്നു.

Read More >>