പുരുഷന്‍മാരെല്ലാം ജയിലിലും ഒളിവിലും; താനൂരിലെ തീരദേശമേഖല ഒരാഴ്ച്ചയായി പട്ടിണിയില്‍

മത്സ്യത്തൊഴിലാളികളായ പുരുഷന്‍മാരെ ആശ്രയിച്ചാണ് പ്രദേശത്തെ കുടംബങ്ങള്‍ കഴിയുന്നത്. മത്സ്യബന്ധനവും ഓട്ടോറിക്ഷ ഓടിച്ചുമാണ് ഇവിടങ്ങളിലെ ബഹുഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. സ്ത്രീകളില്‍ അധികവും പുറംജോലിക്ക് പോകാത്തവരുമാണ്. വീട്ടിലെ പുരുഷന്‍മാര്‍ കൊണ്ടുവരുന്ന വരുമാനമാര്‍ഗം അടഞ്ഞതോടെയാണ് മേഖലയിലുള്ളവര്‍ കടുത്ത പട്ടിണിയിലായിരിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മീന്‍വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. പൊലീസ് അതിക്രമത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമാന്തര വരുമാനമായ ഓട്ടോറിക്ഷകളും തകര്‍ന്നതോടെ ദുരിതം ഇരട്ടിയായി.

പുരുഷന്‍മാരെല്ലാം ജയിലിലും ഒളിവിലും; താനൂരിലെ തീരദേശമേഖല ഒരാഴ്ച്ചയായി പട്ടിണിയില്‍

സിപിഐഎം-മുസ്ലിംലീഗ് സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് വീടുകളില്‍ കയറി പുരുഷന്‍മാരെ വേട്ടയാടാന്‍ തുടങ്ങിയതോടെ മത്സ്യബന്ധനം നിലച്ച സാഹചര്യത്തില്‍ താനൂരിലെ തീരദേശമേഖലയിലുള്ളവര്‍ ഒരാഴ്ച്ചയായി പട്ടിണിയില്‍. ഈ മാസം 12ന് അര്‍ധരാത്രിയിലുണ്ടായ രാഷ്ട്രീയസംഘര്‍ഷത്തെത്തുടര്‍ന്ന് നിരപരാധികളുള്‍പ്പെടെ അനവധി പുരുഷന്‍മാരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പൊലീസ് നടപടി ഭയന്ന് കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആലിന്‍ബസാര്‍ പ്രദേശങ്ങളിലെ അവശേഷിച്ച പുരുഷന്‍മാരെല്ലാം ഒളിവിലും പോയി.

മത്സ്യത്തൊഴിലാളികളായ പുരുഷന്‍മാരെ ആശ്രയിച്ചാണ് പ്രദേശത്തെ കുടംബങ്ങള്‍ കഴിയുന്നത്. മത്സ്യബന്ധനവും ഓട്ടോറിക്ഷ ഓടിച്ചുമാണ് ഇവിടങ്ങളിലെ ബഹുഭൂരിഭാഗം കുടുംബങ്ങളും കഴിയുന്നത്. സ്ത്രീകളില്‍ അധികവും പുറംജോലിക്ക് പോകാത്തവരുമാണ്. വീട്ടിലെ പുരുഷന്‍മാര്‍ കൊണ്ടുവരുന്ന വരുമാനമാര്‍ഗം അടഞ്ഞതോടെയാണ് മേഖലയിലുള്ളവര്‍ കടുത്ത പട്ടിണിയിലായിരിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് മീന്‍വലകളും മറ്റ് മത്സ്യബന്ധന ഉപകരണങ്ങളുമെല്ലാം നശിച്ചിരുന്നു. പൊലീസ് അതിക്രമത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമാന്തര വരുമാനമായ ഓട്ടോറിക്ഷകളും തകര്‍ന്നതോടെ ദുരിതം ഇരട്ടിയായി. വീടുകളിലെ കുടിവെള്ള പൈപ്പുകള്‍ പൊലീസ് രാത്രി വീട്ടില്‍ക്കയറി നശിപ്പിച്ചതിനാല്‍ വെള്ളമെടുക്കാന്‍പോലും കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട ഗതികേടിലാണ്. അതിനിടെ എന്തുണ്ടാക്കിയാണ് ഞങ്ങള്‍ കഴിക്കുകയെന്ന് ചാപ്പപ്പടിയിലെ ഖദീജ ചോദിക്കുന്നു. അമ്പതോളം വീടുകളുടെ വാതിലുകള്‍ 'പ്രതി'യെ പിടികൂടാനെത്തിയ പൊലീസ് ചവിട്ടിപ്പൊളിച്ചതിനാല്‍ സുരക്ഷിതമായി കിടന്നുറങ്ങാന്‍ പോലുമാകാതെ ഇവിടുത്തെ സ്ത്രീകളും കുട്ടികളും കടുത്ത ഭീതിയിലാണ്. 'പൊലീസ് ഇനിയും വര്വ ഉമ്മാ' എന്ന് ഭയത്തോടെ ചോദിക്കുന്ന കുട്ടികളെ എങ്ങനെ ആശ്വസിപ്പിക്കണമെന്നുമറിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ ഉമ്മമാര്‍.

താനൂര്‍ അങ്ങാടി മുതല്‍ കോര്‍മന്‍ കടപ്പുറം വരെ ഇപ്പോഴും വഴിനീളെ പൊലീസ് വാഹനങ്ങളുണ്ട്. നിറയെ പൊലീസും. ഇതിനിടെ ഏതെങ്കിലും പുരുഷന്‍മാരെ കണ്ടാല്‍ പിന്നെ ചോദ്യം ചെയ്യലായി. സംശയംതോന്നിയാല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്യും. കഴിഞ്ഞദിവസം ജുമുഅ നമസ്‌കാരത്തിത്തിനായി സ്ഥലത്തെത്തിയ പുരുഷന്‍മാരെ പൊലീസ് വിരട്ടിയോടിച്ചിരുന്നു. സിപിഐഎമ്മിലെയും മുസ്ലിംലീഗിലെയും 200ഓളം പ്രതികളെ പിടികൂടുന്നത് വരെ നടപടി തുടരാനാണ് പൊലീസ് തീരുമാനം. വ്യാഴാഴ്ച്ച നടന്ന സര്‍വകക്ഷി യോഗത്തിലും പൊലീസ് ഇക്കാര്യം തന്നെയാണ് ഉന്നയിച്ചത്. പ്രതികളെ പിടിച്ചുകൊടുത്താല്‍ മാത്രമേ പുരുഷന്‍മാര്‍ക്ക് നാട്ടിലേക്ക് വരാന്‍ സമ്മതിക്കുകയുള്ളുവെന്നാണ് പൊലീസ് പറഞ്ഞതെന്ന് പ്രദേശത്തേക്ക് വരാന്‍ കഴിയാത്ത ഒരു വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ നാരദാന്യൂസിനോട് പറഞ്ഞത്.

പ്രദേശത്ത് കടകളൊന്നും തന്നെ സംഘര്‍ഷത്തിന് ശേഷം തുറന്നിട്ടില്ല. സാധനങ്ങള്‍ വാങ്ങണമെങ്കില്‍ത്തന്നെ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള താനൂര്‍ അങ്ങാടിയിലേക്ക് നടന്നുപോകണം. പട്ടിണിമൂലം ദുരിതത്തിലായ 100 കുടുംബങ്ങള്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ വൈകുന്നേരം ഭക്ഷണസാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തിട്ടുണ്ട്. പട്ടിണിയോട് പടവെട്ടുന്ന കുടുംബങ്ങള്‍ക്ക് അതൊരു ആശ്വാസമായിട്ടുണ്ട്. എന്നാല്‍ എത്രകാലം ഇങ്ങനെ മുന്നോട്ടുപോകുമെന്നറിയില്ലെന്ന് ഇവര്‍ പറയുന്നു. മുസ്ലിംലീഗിന്റെ ഗുണ്ടായിസമാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും പൊലീസ് ചെയ്തത് ശരിയായ നടപടിയായി തോന്നുന്നില്ലെന്നും സിപിഐഎം താനൂര്‍ ഏരിയ സെക്രട്ടറി ഇ ജയന്‍ നാരദാന്യൂസിനോട് പറഞ്ഞു. അടുത്തദിവസം പ്രദേശത്ത് വീണ്ടും സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയമായൊരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Story by
Read More >>