വൈസ് ചാന്‍സലറുടെ ജാതിവെറി അവസാനിപ്പിക്കണം; മുഖ്യമന്ത്രിക്ക് ദളിത് സിന്‍ഡിക്കേറ്റംഗങ്ങളുടെ പരാതി

മനസില്‍ ജാതി ചിന്തവെച്ച് ദളിതരാണെന്ന അവജ്ഞയോടെ കേരള സർവകലാശാല വൈസ് ചാൻസിലർ പെരുമാറുന്നുവെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്

വൈസ് ചാന്‍സലറുടെ ജാതിവെറി അവസാനിപ്പിക്കണം; മുഖ്യമന്ത്രിക്ക് ദളിത് സിന്‍ഡിക്കേറ്റംഗങ്ങളുടെ പരാതി

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ജാതീയമായി അധിക്ഷേപിച്ചുവെന്നാരോപിച്ച് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റംഗങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഡോ. കെ മാണിക്യരാജും ഡോ. പി എം രാധാമണിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

മനസില്‍ ജാതി ചിന്തവെച്ച് ദളിതരാണെന്ന അവജ്ഞയോടെ വി സി പെരുമാറുന്നുവെന്ന ഗുരുതര ആരോപണമാണ് ഇരുവരും ഉന്നയിക്കുന്നത്.

ദലിത് വിഭാഗത്തില്‍പ്പെട്ട തങ്ങളെ പലപ്പോഴായി വി സി അധിക്ഷേപിക്കുകയായിരുന്നുവെന്നാണ് പരാതി. സര്‍വകലാശാല പരിപാടികളിലും യോഗങ്ങളിലുംവച്ച് വി സി തങ്ങളെ അപമാനിച്ച് സംസാരിക്കാറുണ്ട്. ദളിതരായതിനാല്‍ യോഗത്തില്‍ തങ്ങളെ സംസാരിക്കാന്‍ അനുവദിക്കാറില്ലെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളാണെന്ന പരിഗണന പോലും ലഭിക്കാറില്ല. വിദ്യാര്‍ത്ഥികളുടെ മുന്നില്‍വെച്ചുപോലും അവഹേളനം നേരിടുന്നുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. നിങ്ങളൊക്കെ ഏത് വിഭാഗത്തില്‍പ്പെട്ടവരാണെന്ന് അറിയാം, അതുകൊണ്ട് നിങ്ങളൊന്നും കൂടുതല്‍ സംസാരിക്കേണ്ട എന്നാണ് വി സി പറയാറെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയാന്‍ തുടങ്ങിയാല്‍ ' നിങ്ങളൊന്നും പറയേണ്ട ' എന്നാണ് വി സി എപ്പോഴം പറയാറ്. ഒരിക്കല്‍ മറ്റ് അധ്യാപകരോടൊപ്പം വിസിയെ കാണാന്‍ മുറിയിലെത്തിയപ്പോള്‍ വി സി പുറത്തിറങ്ങിപ്പോയെന്ന് ഡോ. പി എം രാധാമണി പറയുന്നു. മാര്‍ച്ച് 28 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം ഈ വിഷയത്തിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് രണ്ടു മണിക്കൂറോളം നിര്‍ത്തിവച്ചിരുന്നുവെന്നും പരാതിയുണ്ട്. കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി വിഭാഗം പ്രൊഫസറാണ് ഡോ. പി എം രാധാമണി. യൂണിവേഴ്‌സിറ്റി കോളേജിലെ തമിഴ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. കെ മാണിക്യരാജ്.