ലിംഗം ഛേദിക്കപ്പെട്ട സ്വാമി മറ്റൊരു സന്തോഷ് മാധവനോ? വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഹോമങ്ങളിലൂടെ വളര്‍ന്ന സ്വാമിയുടെ പിടിയിലകപ്പെട്ടവര്‍ ഇനിയുമുണ്ടാകാന്‍ സാധ്യത

വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി, ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചപ്പോള്‍ മാത്രമാണ് പീഡനവിവരം പുറംലോകത്തെത്തുന്നത്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചാല്‍ നിരവധി കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുമെന്നാണ് പൊലീസ് കരുതുന്നത്.

ലിംഗം ഛേദിക്കപ്പെട്ട സ്വാമി മറ്റൊരു സന്തോഷ് മാധവനോ? വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഹോമങ്ങളിലൂടെ വളര്‍ന്ന സ്വാമിയുടെ പിടിയിലകപ്പെട്ടവര്‍ ഇനിയുമുണ്ടാകാന്‍ സാധ്യത

കള്ളസ്വാമിമാരുടെ ലൈംഗികവൈകൃതങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ കേരളസമൂഹമറിഞ്ഞത് സന്തോഷ് മാധവനെന്ന സ്വാമി അമൃതചൈതന്യയെ പിടികൂടുന്നതോടെയാണ്. വിദേശ മലയാളിയായ സ്ത്രീ സാമ്പത്തിക തട്ടിപ്പു സംബന്ധിച്ച് പരാതി നല്‍കി പിടിക്കപ്പെടുന്നതുവരെ സന്തോഷ് മാധവനെതിരായ ഒരു കേസിനെക്കുറിച്ചുപോലും പുറംലോകം അറിഞ്ഞിരുന്നില്ല. സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനു പിന്നാലെ നടന്ന അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ നിര്‍മ്മിക്കുകയും ചെയ്തിരുന്ന സ്വാമിയുടെ ദുര്‍മുഖം പുറംലോകം കണ്ടു. പുലിത്തോല്‍ കൈവശംവെക്കല്‍, ഭക്തരില്‍ നിന്ന് പണം തട്ടിയെടുക്കല്‍, മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയവയും പുറകേ വന്നു. ഇതേ സാഹചര്യമാണ് ഇപ്പോള്‍ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദയുടെ കാര്യത്തിലുമുണ്ടായിരിക്കുന്നത്.

വര്‍ഷങ്ങളായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി, ഗംഗേശാനന്ദയുടെ ലിംഗം ഛേദിച്ചപ്പോള്‍ മാത്രമാണ് പീഡനവിവരം പുറംലോകത്തെത്തുന്നത്. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചാല്‍ നിരവധി കുറ്റകൃത്യങ്ങളിലേക്ക് വിരല്‍ചൂണ്ടുമെന്നാണ് പൊലീസ് കരുതുന്നത്. കോലഞ്ചേരി പട്ടിമറ്റം ചെങ്ങറയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായി ജനിച്ച ഹരി എന്ന സ്വാമി ഗംഗേശാനന്ദ അതിവേഗം വളര്‍ന്നത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഹോമങ്ങളിലൂടെയും പാപപരിഹാര കര്‍മ്മങ്ങള്‍ നടത്തിയുമാണ്.

കോലഞ്ചേരിയില്‍ ദൈവസഹായം എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന സ്വാമി പെട്ടെന്നൊരു ദിവസം നാടുവിടുകയായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ വെള്ളമുണ്ടും മേല്‍മുണ്ടും ധരിച്ച് ബുള്ളറ്റില്‍ കറങ്ങിയിരുന്ന സ്വാമിയെ നാട്ടുകാര്‍ ബുള്ളറ്റ് സ്വാമി എന്നാണ് വിളിച്ചിരുന്നത്. അന്നുതന്നെ ആഭിചാര പ്രവര്‍ത്തനങ്ങളില്‍ സ്വാമിക്ക് കഴിവുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. പക്ഷെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഹോമങ്ങളിലായിരുന്നു അന്നും സ്വാമിക്ക് കമ്പം. പ്രശ്‌നപരിഹാര ക്രിയകളും മറ്റുമായി വിശ്വാസികള്‍ക്കിടയില്‍ സ്ഥാനമുറപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. സംഗതി വിജയമാകുന്നതു കണ്ടാണ് ഹോട്ടലും വ്യവസായവും ഉപേക്ഷിച്ച് ഇയാള്‍ പന്മന ആശ്രമത്തിലെത്തുന്നത്.

ചട്ടമ്പിസ്വാമിയുടെ സമാധി സ്ഥിതിചെയ്യുന്ന കൊല്ലം പന്മനയിലെ ആശ്രമത്തിലെത്തിയതോടെയാണ് ഹരി എന്ന ഇയാള്‍ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന നാമം സ്വീകരിച്ച് സന്യാസജീവിതം തുടങ്ങുന്നത്. സന്യാസി എന്ന മേല്‍വിലാസം ലഭിച്ചതോടെ ഇയാള്‍ ഹിന്ദു ഐക്യവേദിയുമായി അടുത്തു. സാമൂഹിക-സാംസ്‌കാരിക രംഗത്ത് സ്ഥിരം സാന്നിധ്യമായി. ആറുവര്‍ഷം മുമ്പാണ് കോലഞ്ചേരിയില്‍ ഇയാള്‍ അവസാനമായെത്തുന്നതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. അന്ന് ആഡംബരക്കാറും പരിവാരവുമൊക്കെയായി വലിയ നിലയിലായിരുന്നു വരവ്. ചുരുങ്ങിയ കാലം കൊണ്ട് കോടികളുടെ സ്വത്തുക്കള്‍ ഇയാള്‍ സമ്പാദിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പുത്തന്‍കുരിശ് മേഖലയില്‍ നിരവധി ഭൂമിയിടപാടുകളില്‍ സ്വാമി പങ്കാളിയായിട്ടുണ്ടെന്നും നാട്ടുകാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. സ്വാമിയുടെ സ്വത്തുക്കളെ സംബന്ധിച്ചും ഇടപാടുകളെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള റിയല്‍എസ്റ്റേറ്റ്- ബ്ലേഡ് മാഫിയയുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായുള്ള വിവരവും പുറത്തുവരുന്നു.

പത്തുവര്‍ഷം മുമ്പ് തിരുവനന്തപുരം കണ്ണന്‍മൂലയില്‍ നടന്ന ചട്ടമ്പിസ്വാമി സ്മാരക പ്രക്ഷോഭത്തിലൂടെയാണ് അദ്ദേഹം ഹൈന്ദവസംഘടനകള്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരം കണ്ണന്‍മൂലയിലാണ് ചട്ടമ്പിസ്വാമികള്‍ ജന്മഗൃഹം എന്നാണ് വിശ്വാസം. ചട്ടമ്പിസ്വാമിയുടെ വീട് സ്ഥിതി ചെയ്തു എന്ന് കരുതുന്ന സ്ഥലം തലമുറകള്‍ കൈമാറി ഇപ്പോള്‍ എഡിജിപിയായ ബി സന്ധ്യയുടെ കൈവശമാണുള്ളത്. തന്റെ കൈവശമുള്ള സ്ഥലത്ത് വീടുവയ്ക്കാന്‍ സന്ധ്യ തീരുമാനിച്ചതോടെയാണ് കണ്ണന്‍മൂലയില്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. ഈ സമരത്തിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്നത് ഹരിസ്വാമിയായിരുന്നു. അന്ന് ആത്മഹത്യാഭീഷണി മുഴക്കിയ സ്വാമി പ്രശസ്തനായി. സംഘപരിവാര്‍ സംഘടനകളുമായി കൂടുതല്‍ അടുത്തു. അന്നത്തെ ഹിന്ദു ഐക്യവേദി അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള മുതിര്‍ന്ന ഹൈന്ദവസംഘടനാ നേതാക്കളുമായി സ്വാമി അടുത്ത വ്യക്തിബന്ധമുണ്ടാക്കി. ഇതോടെ ഹൈന്ദവ സംഘടനകളുടെ ചടങ്ങുകളില്‍ ഇയാള്‍ സാന്നിധ്യമറിയിച്ചുതുടങ്ങി. പക്ഷെ അപ്പോഴും പ്രധാന വരുമാനമാര്‍ഗമായത് വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഹോമങ്ങളും കര്‍മ്മങ്ങളുമായിരുന്നു.

ഇയാള്‍ ഇതുവരെ ആത്മീയ പ്രവര്‍ത്തനം നടത്തിയ വീടുകളിലും മറ്റും ഇത്തരം പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുതുടങ്ങിയിട്ടുണ്ട്. മഹാനവമി ദിനത്തില്‍ പത്തുവയസുവരെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന കുമാരീപൂജകള്‍ക്കും ഇയാള്‍ പങ്കെടുത്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുകയാണ്. പൈതൃക ഗ്രാമമായ ആറന്മുളയുടെ പരിസ്ഥിതിക്കും സംസ്‌കൃതിക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നേരെ ഉയര്‍ന്നു വന്നിട്ടുള്ള ഭീഷണികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് സന്ന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടായ്മയുണ്ടാക്കുന്നതില്‍ സ്വാമി മുഖ്യപങ്ക് വഹിച്ചിരുന്നു. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിലെ സന്യാസ കൂട്ടായ്മയുടെ കണ്‍വീനറും സ്വാമി ഗംഗേശാനന്ദയായിരുന്നു.

മലബാര്‍ പ്രദേശത്തെ 120-ല്‍പ്പരം ക്ഷേത്രങ്ങള്‍ ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിയ ദേവസ്വം ബോര്‍ഡിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ഒരുവിഭാഗം സന്ന്യാസിമാര്‍ കുമ്മനം രാജശേഖരനോടൊപ്പം മുഖ്യന്ത്രിയെ സന്ദര്‍ശിച്ച് അറിയിച്ചിരുന്നു. ഈ സംഘത്തിലേയും പ്രധാനി ഗംഗേശാനന്ദ സ്വാമിയായിരുന്നു. തന്റെ കള്ളത്തരങ്ങള്‍ പിടിക്കപ്പെടാതിരിക്കാനുള്ള മറയായാണ് ഇയാള്‍ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.

കണ്ണമൂല സമരത്തിന് ശേഷം പേട്ടയെ പ്രധാന കേന്ദ്രമാക്കി പ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എത്തുന്നതും കുട്ടിയെ പീഡനത്തിനിരയാക്കിത്തുടങ്ങുന്നതും. സമാനസ്വഭാവമുള്ള കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ടാകാമെന്നും ആരും പരാതി നല്‍കാന്‍ ധൈര്യപ്പെടാത്തതാകാമെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.