ഹർത്താൽ അക്രമം; പൊലീസ് കമ്മീഷണറുടെ അനാസ്ഥയ്ക്കെതിരെ എഫ്ബി പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ

അന്നത്തെ കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെതിരെ ആയിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഹർത്താൽ അക്രമം; പൊലീസ് കമ്മീഷണറുടെ അനാസ്ഥയ്ക്കെതിരെ എഫ്ബി പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഈ മാസം മൂന്നിന് സംഘപരിവാർ സംഘടനകൾ ആസൂത്രണം ചെയ്ത ഹർത്താലിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരന് സസ്പെൻഷൻ. ക്രൈംബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്പി പി ബി രാജീവിന്റേതാണ് നടപടി.

അന്നത്തെ കമ്മീഷണറായ കാളിരാജ് മഹേഷ് കുമാറിനെതിരെ ആയിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തുടർന്ന് കമ്മീഷണറെ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഉമേഷിനെതിരായ നടപടി. ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ അക്രമം ഉണ്ടാവാന്‍ പ്രധാന കാരണം സിറ്റി പൊലീസ് കമ്മീഷണറുടെ ആസൂത്രണത്തിലെ പാളിച്ച കൊണ്ടാണ് എന്നായിരുന്നു ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇക്കാര്യം സേനയ്ക്കുള്ളിലും ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് കമ്മീഷണറെ അടിയന്തരമായി സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയത്. തുടര്‍ന്ന് എസ്പിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറുകയും ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദെര്‍വേഷ് സാഹിബിന്റെ നിര്‍ദേശ പ്രകാരം സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിടുകയായിരുന്നു. മേലുദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്നത് വിലക്കി ഡിജിപിയുടെ ഉത്തരവുണ്ടായിരുന്നു.

പരാതിയുണ്ടെങ്കില്‍ മേലുദ്യോഗസ്ഥനെ സമീപിക്കുന്നതിന് പകരം ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത് സേനയിലെ അച്ചടക്കത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ മിഠായിത്തെരുവിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉമേഷ് പറഞ്ഞ കാര്യത്തില്‍ യാഥാര്‍ഥ്യമുണ്ടായിരുന്നു എന്നാണ് സേനയ്ക്കുള്ളിലെ ചര്‍ച്ച. അന്നത്തെ സംഭവത്തില്‍ മാത്രം വനിതാ പൊലീസ് ഉദ്യോഗസ്ഥരടക്കം 16 പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്.

നിരവധി കടകളാണ് സംഘപരിവാർ അക്രമികൾ തല്ലിത്തകർത്തത്. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഇത്. പ്രതികൾ ചിലരെ പൊലീസ് രക്ഷപെടുത്തി വിടുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇത് വിവാദമായിരുന്നു. തുടർന്ന് മിഠായിത്തെരുവിലെ ക്ഷേത്ര കോംപൗണ്ടിൽ കയറി സംഘപരിവാർ പ്രവർത്തകർ ഒരു പ്രത്യേക മതവിഭാ​ഗത്തിനെതിരെ കലാപ ഭീഷണിയും ഉയർത്തിയിരുന്നു.