സെൻകുമാർ കേസിലെ സുപ്രീംകോടതി നടപടി സർക്കാർ ചോദിച്ചുവാങ്ങിയ അടി; നാണക്കേടിനൊപ്പം കനത്ത തിരിച്ചടിയും

സുപ്രീംകോടതിയെ മാനിക്കാതെ വിധി നടപ്പാക്കുന്നത് വൈകിച്ചിട്ടാണ് അതിൽ വീണ്ടും വ്യക്തത വേണമെന്നു സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ കൂടുതൽ വ്യക്തതയുടെ ആവശ്യമൊന്നും ഇല്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. സർക്കാരിന്റെ വാദം പോലും കേൾക്കാതെയാണു സുപ്രീംകോടതി കണ്ണുംപൂട്ടി ഇത്തരമൊരു നിലപാടു സ്വീകരിച്ചതെന്നത് ​ഗൗരവതരമായ കാര്യമാണ്. മാത്രമല്ല, വിധി നടപ്പാക്കുന്നതു വൈകിച്ചതിനു കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകിയത് അതിലും ​ഗുരുതരമാണ്. ഏപ്രിൽ 24നു സർക്കാരിനു തിരിച്ചടിയായി വന്ന ആദ്യ വിധി ഉടൻ തന്നെ നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വലിയ നാണക്കേട് ഒഴിവാക്കാമായിരുന്നു.

സെൻകുമാർ കേസിലെ സുപ്രീംകോടതി നടപടി സർക്കാർ ചോദിച്ചുവാങ്ങിയ അടി; നാണക്കേടിനൊപ്പം കനത്ത തിരിച്ചടിയും

ടി പി സെൻകുമാർ കേസിൽ ഇന്നത്തെ സുപ്രീംകോടതി നടപടി സർക്കാർ ചോദിച്ചുവാങ്ങിയ അടി. സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി മറുത്തൊന്നും ചിന്തിക്കാതെ സുപ്രീംകോടതി തള്ളുകയായിരുന്നു.

സുപ്രീംകോടതിയെ മാനിക്കാതെ വിധി നടപ്പാക്കുന്നത് വൈകിച്ചിട്ടാണ് അതിൽ വീണ്ടും വ്യക്തത വേണമെന്നു സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ കൂടുതൽ വ്യക്തതയുടെ ആവശ്യമൊന്നും ഇല്ലെന്ന നിലപാടിലായിരുന്നു സുപ്രീംകോടതി. സർക്കാരിന്റെ വാദം പോലും കേൾക്കാതെയാണു സുപ്രീംകോടതി കണ്ണുംപൂട്ടി ഇത്തരമൊരു നിലപാടു സ്വീകരിച്ചതെന്നത് ​ഗൗരവതരമായ കാര്യമാണ്. മാത്രമല്ല, വിധി നടപ്പാക്കുന്നതു വൈകിച്ചതിന് കോടതിയലക്ഷ്യത്തിനു നോട്ടീസ് നൽകിയത് അതിലും ​ഗുരുതരമാണ്.

വിധി നടപ്പാക്കാൻ വൈകുന്നതു സർക്കാരിനെ നിയമക്കുരുക്കിലേക്ക് എത്തിക്കുമെന്നും പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കുമെന്നും ചർച്ചകൾ ഉണ്ടായതിനെ തുടർന്നാണ് ഇങ്ങനൊരു ഹർജി സമർപ്പിക്കാൻ സർക്കാർ തയ്യാറായത്. എന്നാൽ, ഏപ്രിൽ 24നു സർക്കാരിനു തിരിച്ചടിയായി വന്ന ആദ്യ വിധി ഉടൻ തന്നെ നടപ്പാക്കിയിരുന്നെങ്കിൽ ഇപ്പോഴുണ്ടായ വലിയ നാണക്കേട് ഒഴിവാക്കാമായിരുന്നു.

ജിഷ കേസ്, പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തം എന്നിവയിൽ സ്വീകരിച്ച സമീപനം പൊലീസിനെ കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു തൊട്ടുപിന്നാലെ സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റിയത്. എന്നാൽ, ഈ കേസുകൾ മാത്രം പറഞ്ഞ് സെൻകുമാറിനെ മാറ്റാൻ കഴിയില്ലെന്ന് ഏപ്രിൽ 24നുള്ള വിധിയിൽ കോടതി നിരീക്ഷിച്ചിരുന്നു. ഈ കേസുകളിൽ പൊലീസ് സേനയിലെ കീഴുദ്യോ​ഗസ്ഥർക്കു സംഭവിച്ച വീഴ്ചക്ക് പൊലീസ് മേധാവി എന്ന നിലയിൽ സെൻകുമാർ നേരിട്ട് ഉത്തരവാദിയാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പൊലീസ് മേധാവി സ്ഥാനത്തു നിന്നും തന്നെ മാറ്റിയതു ചോദ്യം ചെയ്ത് ടി പി സെൻകുമാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലുള്ള വിധി പിണറായി സർക്കാരിനെ ക്രൂശിച്ചുകൊണ്ടുള്ളതായിരുന്നു. സെൻകുമാറിന്റെ ഹർജിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ നടത്തിയ വാദങ്ങളെല്ലാം തൃണവിലയോടെയാണ് കോടതി തള്ളിയത്. ഉരുളയ്ക്കുപ്പേരി കണക്കുള്ള വാദപ്രതിവാദങ്ങൾക്കൊടുവിലാണ് വിജയം സെൻകുമാറിന്റെ കോർട്ടിൽ വീണത്.

അഭിഭാഷകരായ ദുഷ്യന്ത് ദാവെയും പ്രശാന്ത് ഭൂഷണും ഹാരിസ് ബീരാനുമായിരുന്നു സെൻകുമാറിനു വേണ്ടി ​വാദിച്ചവർ. ഹരീഷ് സാൽവെയും ജി പ്രകാശുമായിരുന്നു സർക്കാരിന്റെ നാവുകൾ. എന്നാൽ സെൻകുമാർ പക്ഷത്തെ വാദങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ സർക്കാരിനായില്ല എന്നതാണ് സത്യം.

കൂടാതെ, ചീഫ്‌ സെക്രട്ടറി നളിനി നെറ്റോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഇന്നലെ ടി പി സെന്‍കുമാര്‍ രം​ഗത്തെത്തിയിരുന്നു. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തിലെ റിപ്പോര്‍ട്ടില്‍ നളിനി നെറ്റോ കൃത്രിമം കാണിച്ചെന്നായിരുന്നു സെന്‍കുമാറിന്റെ ആരോപണം. പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്ത കേസിലെ പൊലീസ് വീഴ്ച തനിക്കെതിരായ നടപടിയുടെ കാരണമായി പറയുമ്പോൾ പ്രതിസ്ഥാനത്തുള്ളത് ചീഫ് സെക്രട്ടറി തന്നെ ആണെന്നാണ് ഈ ആരോപണത്തിലൂടെ സെൻകുമാർ മുന്നോട്ടുവയ്ക്കുന്നത്.

ഇന്നു കേസ് പരി​ഗണിച്ച കോടതി, സർക്കാരിന്റെ ഹർജി തള്ളുക മാത്രമല്ല, കോടതി ചെലവായി 25000 രൂപ നൽകണമെന്നും ഉത്തരവിട്ടത് സർക്കാരിനേറ്റ മറ്റൊരു കൊട്ടാണ്. ഒരു ഡിജിപി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് ആദിമധ്യാന്തം ഏറ്റ കനത്ത തിരിച്ചടി വലിയ പാഠമാണ് നൽകുന്നത്.

സെൻകുമാറിനെ മാറ്റിയ സർക്കാർ നടപടി നിലവിലുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നായിരുന്നു സെൻകുമാർ പക്ഷത്തിന്റെ പ്രധാന വാദം. കൂടാതെ, കേരളാ പൊലീസ് ആക്ടിലെ 97 (2) (e) ഏകപക്ഷീയവും സ്വേച്ഛാപരവും, വിവേചനപരവും ആണെന്നും ഭരണഘടനയുടെ 14, 19 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്നും ഈ വകുപ്പ് റദ്ദാക്കണം എന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദാവെ വാദിച്ചിരുന്നു.

കോടതി വിധി പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് അന്നേ ദിവസം വ്യക്തമാക്കിയ മുഖ്യമന്ത്രി, വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു നിയമസഭയിൽ നൽകിയ മറുപടി. എജിയുടെ നിയമോപദേശം ലഭിച്ചതായും വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി ആരംഭിച്ചതായും അദ്ദേഹം നിയമസഭയിൽ അറിയിച്ചിരുന്നു.

വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുള്ള ഹർജിയിലുള്ള കോടതി ഉത്തരവ് അറിഞ്ഞശേഷം സെൻകുമാറിനെ നിയമിക്കാമെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ, ഹർജി തള്ളുകയും വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നു കോടതി സ്വരം കടുപ്പിച്ചു പറയുകയും ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിനു കനത്ത നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. ഇനി ചൊവ്വാഴ്ച വീണ്ടും കോടതി കേസ് പരി​ഗണിക്കാനിരിക്കുമ്പോൾ സർക്കാരിനെതിരെ ഇനിയെന്താണ് കോടതിയിൽ നിന്നുണ്ടാവാൻ പോവുന്ന നിലപാട് എന്നാണ് കേരളം ഉറ്റുനോക്കുന്നത്.