സെൻകുമാർ കേസിൽ സർക്കാരിനു തലവേദനയൊഴിഞ്ഞു; കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു

കോടതിയുടെ ഉത്തരവ് പ്രകാരം സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു പുനർനിയമിച്ചതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. കോടതിലയക്ഷ്യ നടപടികൾ അവസാനിപ്പിച്ചതിനെ സെൻകുമാറിന്റെ അഭിഭാഷകൻ എതിർത്തതുമില്ല.

സെൻകുമാർ കേസിൽ സർക്കാരിനു തലവേദനയൊഴിഞ്ഞു; കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു

ടി പി സെൻകുമാർ കേസിൽ ഇനി സർക്കാരിനു തലവേദനയില്ല. കേസിലെ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചു. കോടതിയുടെ ഉത്തരവ് പ്രകാരം സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു പുനർനിയമിച്ചതായി സർക്കാർ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

കോടതിലയക്ഷ്യ നടപടികൾ അവസാനിപ്പിച്ചതിനെ സെൻകുമാറിന്റെ അഭിഭാഷകൻ എതിർത്തതുമില്ല.ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് നടപടികള്‍ അവസാനിപ്പിച്ചത്. ഇന്നു ഹരജി പരിഗണിച്ച ഉടനെ വിധി നടപ്പാക്കിയ കാര്യം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.

സെൻകുമാർ കേസിൽ മാപ്പപേക്ഷിച്ച് ഇന്നലെ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. വിധി നടപ്പാക്കുന്നതില്‍ മനഃപ്പൂര്‍വ്വം കാലതാമസം വരുത്തിയിട്ടില്ലെന്നായിരുന്നു സത്യവാങ്മൂലത്തിലെ സർക്കാരിന്റെ വാദം. നിയമോപദേശം വൈകിയതാണ് നടപടികൾ വൈകാൻ കാരണമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. സർക്കാർ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ചിട്ടില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിന്റെ തൊട്ടുപിന്നാലെയയായിരുന്നു മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം.

തന്നെ സംസ്ഥാന പൊലീസ് മേധാവിയായി പുനർ നിയമിക്കണമെന്ന ഏപ്രില്‍ 24 ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാട്ടിയായിരുന്നു സെൻകുമാർ സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ചത്. ഈ മാസം അഞ്ചിന് ഈ ഹരജി പരി​ഗണിച്ച കോടതി സർക്കാരിനു നോട്ടീസ് അയച്ചിരുന്നു. ഉത്തരവ് നടപ്പാക്കത്തിൽ സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. ഇതിനു പിന്നാലെയാണ് ഉത്തരവിൽ വ്യക്തത ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും കോടതി ഈ ഹരജി തള്ളുകയും ചെയ്തത്. ഇതേ തുടർന്നാണ് വിധി നടപ്പാക്കാൻ സർക്കാർ നിർബന്ധിതരായത്.