ടിപി സെന്‍കുമാര്‍ വിഷയം: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ നല്‍കണമെന്നും വിധി

വിധി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും...

ടിപി സെന്‍കുമാര്‍ വിഷയം: സര്‍ക്കാരിന്റെ ഹര്‍ജി തള്ളി; കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ നല്‍കണമെന്നും വിധി

ടി പി സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. കോടതി ചെലവായി സര്‍ക്കാര്‍ 25,000 രൂപ നല്‍കണമെന്ന ഉത്തരവോടെയാണ് അപേക്ഷ തള്ളിയത്. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന കോടതിവിധി നടപ്പാക്കാത്തതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനു കോടതിയലക്ഷ്യ നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

വിധി സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരിക്കുകയാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് അറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. തത്കാലം ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. കോടതി തീരുമാനം വന്നതിനുശേഷം പുനര്‍നിയമനം സംബന്ധിച്ച വിഷയം പരിഗണിക്കാനിരിക്കുകയായിരുന്നു സര്‍ക്കാര്‍.

തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ നടപടിക്കെതിരെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സെൻകുമാർ സമീപിച്ചിരുന്നു. വിധി എതിരായതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. അവിടെയും അനുകൂല വിധി ഉണ്ടാവാതിരുന്നതിനെത്തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സെന്‍കുമാറിന് അനുകൂലമായി വന്ന കോടതി വിധിയില്‍ സര്‍ക്കാര്‍ പ്രമുഖ അഭിഭാഷകൻ ഹരീഷ് സാല്‍വെയുടെ നിയമോപദേശം തേടിയിരുന്നു. സര്‍ക്കാരിനുവേണ്ടി കോടതിയില്‍ ഹാജരായതും ഹരീഷ് സാല്‍വെയായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണം ഏറ്റെടുത്ത ഉടന്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പ് മേധാവികള്‍ക്ക് സ്ഥാനചലനം സംഭവിച്ചിരുന്നു. സെന്‍കുമാറിന് അനുകൂലമായ കേസ് ജേക്കബ് തോമസ്, ലോക്നാഥ് ബെഹ്റ തുടങ്ങിയവരുടെ നിയമനത്തെയും ബാധിക്കുമോയെന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.