വെള്ളാപ്പള്ളി നടേശൻ കോളേജിൽ എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു; മാനേജ്മെന്റിന്റെ പീഡനങ്ങൾ തുടരുന്നു

കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകളിൽ നിന്നുള്ള കറുത്ത വാർത്തകൾ അവസാനിക്കുന്നില്ല. പള്ളിക്കൽ വെള്ളാപ്പള്ളി നടേഷൻ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ചതാണ് ഇതിൽ അവസാനത്തേത്. മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയായ ആർഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കോളേജ് ഹോസ്റ്റൽ ജയിലിനു സമാനമാണെന്നും ജിഷ്ണു കേസിൽ ഇത്രയധികം വിവാദങ്ങൾ ഉണ്ടായിരിക്കുന്ന സമയത്തും മാനേജ്മെന്റിൽ നിന്നും പീഡനങ്ങൾ ഏൽക്കേണ്ടിവരികയാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

വെള്ളാപ്പള്ളി നടേശൻ കോളേജിൽ എഞ്ചിനീയറിങ് വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു; മാനേജ്മെന്റിന്റെ പീഡനങ്ങൾ തുടരുന്നു

പള്ളിക്കൽ വെള്ളാപ്പള്ളി നടേശൻ എഞ്ചിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യയ്ക്കു ശ്രമിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയായ ആർഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

തിരുവനന്തപുരം സ്വദേശിയാണ് ആർഷ്. ഹോസ്റ്റലിലെ ഉപയോഗത്തിലില്ലാത്ത ഒരു മുറിയിൽ ലുങ്കിയിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് ആർഷിനെ കണ്ടെത്തിയത്.

രാവിലെ മൂന്നു മണിക്ക് ബാത്ത് റൂമിൽ പോകുകയായിരുന്ന വിദ്യാർഥികൾ മുറിയിൽ ശബ്ദം കേട്ടപ്പോൾ വാതിൽ പൊളിച്ച് അകത്തു കയറുകയായിരുന്നു. അപ്പോൾ ജീവനുവേണ്ടി പിടയുന്ന ആർഷിനെയാണ് അവർ കണ്ടത്.


കോളേജ് ഹോസ്റ്റൽ ജയിലിനു സമാനമാണെന്ന് കൊളേജ് വിദ്യാർഥികൾ പറയുന്നു. ജിഷ്ണു വധക്കേസ് വാർത്തകളിൽ നിറയുന്ന ഈ സമയത്ത് പോലും കോളേജ് മാനേജ്മെന്റിന്റെ പീഡനങ്ങൾക്കു കുറവൊന്നുമില്ലെന്നാണ് ആർഷിന്റെ ആത്മഹത്യാശ്രമം വെളിവാക്കുന്നത്. നെഹ്രു കോളേജിനേക്കാൾ മികച്ച ഇടിമുറി വെള്ളാപ്പള്ളി കോളേജിൽ ഉണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ഹോസ്റ്റലിലെ ഭക്ഷണം മോശമായതു കാരണം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരിൽ ആർഷിനെതിരെ നടപടി എടുക്കുമെന്ന് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായി സഹപാഠികൾ പറയുന്നു. ഹോസ്റ്റൽ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാതാപിതാക്കളെ വിളിച്ച് വിദ്യാർഥിയെപ്പറ്റി പരാതി പറയുന്നതും പതിവാണ്.

കോളേജ് അധികൃതരുടെ പീഡനങ്ങൾക്കെതിരെ സമരം ചെയ്തത് എഞ്ചിനീയറിങ് രണ്ടാം വർഷ, മൂന്നാം വർഷ വിദ്യാർഥികളാണ്. അവരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട് കോളേജ് അധികൃതർ. സമരത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും പിന്തുണ നൽകിയിരുന്നു ആർഷ്. ഇല്ലാത്ത കേസ് കൊടുത്ത് ഒരു ദിവസം മുഴുവനും പൊലീസ് സ്റ്റേഷനിൽ കഴിയേണ്ട അനുഭവവും ആർഷിന് ഉണ്ടായിട്ടുണ്ട്.

കോളേജ് ഹോസ്റ്റലിൽ ലാപ്ടോപ്, മൊബൈൽ ഫോൺ ഒന്നും ഉപയോഗിക്കാൻ അനുവാദമില്ല. ആദ്യം മാനേജ്മെന്റ് നേരിട്ടായിരുന്നു പീഡനമെങ്കിൽ ഇപ്പോൾ അത് അധ്യാപരുടെ ചുമതല ആയിരിക്കുകയാണെന്ന് വിദ്യാർഥികൾ പറയുന്നു.


സംഭവത്തെ തുടർന്ന് ഹോസ്റ്റലിലുള്ള വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചു കഴിഞ്ഞു. സ്ഥലം ഡിവൈഎസ്പി കുട്ടികളുടെ മൊഴിയെടുക്കുകയാണ്. എന്നാൽ സംഭവത്തിൽ മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും പ്രതികരണങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം, കായംകുളം ​ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആർഷ് അപകട നില തരണം ചെയ്തതായി സുഹൃത്തുക്കൾ നാരദ ന്യൂസിനോടു പറഞ്ഞു.

വെള്ളാപ്പള്ളി നടേഷൻ കോളേജിൽ വിദ്യാർത്ഥികൾ നേരിടുന്ന പീഡനങ്ങൾ സംബന്ധിച്ച് നാരദ ന്യൂസാണ് ആദ്യം വാർത്ത പുറത്തുകൊണ്ടുവന്നത്. 'വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് സുഭാഷ് വാസുവിന്റെ പീഡനകേന്ദ്രം: എതിര്‍ക്കുന്നവര്‍ക്ക് ഇരുട്ടുമുറിയില്‍ മൂന്നാംമുറ; ഇസ്ലാം മത വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച നിസ്‌കാരത്തിനും വിലക്ക്' എന്ന പേരിലാണ് കേരളത്തിലെതന്നെ പ്രമുഖ സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളിലൊന്നിൽ നടക്കുന്ന മാനജേമെന്റിന്റെ അതിക്രമങ്ങൾ നാരദ ന്യൂസ് പുറംലോകത്തെ അറിയിച്ചത്. 2016 നവംബർ നാലിനായിരുന്നു ഇത്.


തുടർന്ന് കോളേജിലെ പെൺകുട്ടികളുടെ പരാതിയെ തുടർന്ന് കോളേജ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടെ, വിദ്യാർത്ഥികൾക്കു നേരെയുള്ള പീഡനങ്ങൾ നിർബാധം തുടരുന്ന വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജിലെ ഇടിമുറികൾ അടച്ചുപൂട്ടണമെന്ന് യുവജന കമ്മീഷൻ റിപ്പോർട്ട് പുറപ്പെടുവിക്കുകയും ചെയ്തു.

സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ നടത്തിവന്ന വിദ്യാര്‍ത്ഥി പീഡനങ്ങളെക്കുറിച്ചുള്ള നാരദ വാര്‍ത്തയെ തുടര്‍ന്ന് യുവജന കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ചിന്താ ജെറോം കോളേജില്‍ തെളിവെടുപ്പ് നടത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിദ്യാര്‍ത്ഥി പീഡനം പാടില്ല, ഇടിമുറി അടച്ചുപൂട്ടണം, കോളേജ് പ്രവര്‍ത്തിക്കേണ്ടത് സര്‍വ്വകലാശാലാ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കണം, മാനേജര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കുന്നുവെന്ന് ജില്ലാ മേധാവി ഉറപ്പ് വരുത്തണം തുടങ്ങി നിരവധി കാര്യങ്ങളാണ് യുവജന കമ്മീഷന്റെ ഉത്തരവില്‍ പറഞ്ഞിരുന്നത്.

എന്നാൽ ഇതിനെയെല്ലാം വെല്ലുവിളിച്ചാണ് ഇപ്പോഴും ഇവിടെ വിദ്യാർത്ഥികളെ മാനേജ്മെന്റ് വിവിധ തരത്തിൽ പീഡിപ്പിക്കുന്നത്. ഇതിൽ സഹികെട്ടാണ് ആർഷ് ആത്മഹത്യക്കു ശ്രമിച്ചത്.