മര്‍കസിന് മുന്നില്‍ എസ്എസ്എഫും സമരത്തില്‍; അംഗീകാരമില്ലാത്ത കോഴ്‌സുകളിലൂടെ മാനേജ്‌മെന്റ് കബളിപ്പിച്ചതായി വിദ്യാര്‍ഥികള്‍

പരാതിയുമായി മര്‍കസിലെത്തിയവരോട് 15 ദിവസത്തിനകം പരിഹാരം കാണാം എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. എന്നാൽ, പറഞ്ഞ തീയതി അവസാനിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടർന്നു വീണ്ടും മര്‍ക്കസിലെത്തിയവരോട് എംഐഇടി എന്ന സ്ഥാപനം മര്‍കസിന്റേതല്ലെന്നും അത് വാടക കെട്ടിടം മാത്രമാണെന്നുമുള്ള നിലപാടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

മര്‍കസിന് മുന്നില്‍ എസ്എസ്എഫും സമരത്തില്‍; അംഗീകാരമില്ലാത്ത കോഴ്‌സുകളിലൂടെ മാനേജ്‌മെന്റ് കബളിപ്പിച്ചതായി വിദ്യാര്‍ഥികള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളിലൂടെ കോളേജ് മാനേജ്‌മെന്റ് കബളിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കാരന്തൂര്‍ മര്‍കസ്സിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി മാനേജ്മെന്റായ കാന്തപുരം വിഭാഗത്തിന്റെ തന്നെ വിദ്യാർത്ഥി സംഘടനയായ എസ്എസ്എഫും.

ഇതിനിടെ സമരപ്പന്തലില്‍ എസ്എസ്എഫിന്റെ കൊടി കെട്ടിയത് സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെയല്ലെന്നും അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ഒരു വിഭാഗം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. സമരത്തിനു പിന്തുണ അറിയിച്ച് എസ്കെഎസ്എസ്എഫ്, എസ്ഐഒ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. നാലു ദിവസമായി സമരം തുടരുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയില്‍ സമരപന്തല്‍ അജ്ഞാതര്‍ തകര്‍ത്തിരുന്നു.

വിദ്യാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് കുന്ദമംഗലത്ത് സര്‍വകക്ഷിയോഗം ചേരുകയും സമരസഹായ സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു. എസ്എഫ്ഐ, കെഎസ്‌യു, എബിവിപി, ക്യാംപസ് ഫ്രണ്ട്, എഐഎസ്എഫ്, എംഎസ്എഫ് തുടങ്ങിയ സംഘടനകളും വിദ്യാര്‍ഥികള്‍ക്കൊപ്പം സമരം ചെയ്യുന്നുണ്ട്. സമരത്തില്‍ പങ്കെടുത്തവരില്‍ എസ്എസ്എഫുകാരില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. അതേസമയം, അംഗത്വ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് ചില വിദ്യാര്‍ഥികള്‍ എസ്എസ്എഫാണെന്ന് ഉറപ്പിക്കുന്നുണ്ട്.


മര്‍കസ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എഞ്ചിനീയറിങ് ടെക്‌നോളജിയിൽ നിന്നും സിവില്‍ എഞ്ചിനീയറിങ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ് ഡിപ്ലോമാ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 450 ഓളം വിദ്യാര്‍ഥികളാണ് പെരുവഴിയിലായത്. കോഴ്‌സിനു ചേരുന്ന സമയത്ത് പിഎസ്‌സി, യുപിഎസ്‌സി, നോര്‍ക്ക അറ്റസ്റ്റേഷന്‍, പ്ലേസ്‌മെന്റ് തുടങ്ങിയ വാഗ്ദാനങ്ങളുണ്ടായിരുന്നെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു

പഠനം കഴിഞ്ഞു തുടര്‍പഠനത്തിനും ജോലിക്കും ശ്രമിച്ചപ്പോഴാണ് സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്കു യാതൊരു അംഗീകരവുമില്ലെന്നത് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരാതിയുമായി മര്‍കസിലെത്തിയവരോട് 15 ദിവസത്തിനകം പരിഹാരം കാണാം എന്നായിരുന്നു മാനേജ്‌മെന്റിന്റെ നിലപാട്. എന്നാൽ, പറഞ്ഞ തീയതി അവസാനിച്ചിട്ടും പരിഹാരം ഉണ്ടാവാത്തതിനെ തുടർന്നു വീണ്ടും മര്‍ക്കസിലെത്തിയവരോട് എംഐഇടി എന്ന സ്ഥാപനം മര്‍കസിന്റേതല്ലെന്നും അത് വാടക കെട്ടിടം മാത്രമാണെന്നുമുള്ള നിലപാടായിരുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.


ഒന്നര ലക്ഷത്തോളം രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. ഈ ഫീസടക്കമുള്ള നഷ്ടപരിഹാരം നല്‍കുക, മര്‍കസ് സ്ഥാപനങ്ങളില്‍ ഏതൊക്കെയാണ് വാടക, ബിസിനസ് സംരഭങ്ങളെന്ന് തുറന്നുപറയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. നടപടിയുണ്ടായില്ലെങ്കില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ ഇറക്കി സമരം ശക്തമാക്കുമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നവാസ് വയനാട് നാരദാ ന്യൂസിനോട് പറഞ്ഞു.

Story by