വിദ്യാര്‍ത്ഥികളെ കിട്ടാനില്ല; സ്വയം നിരപരാധികളെന്നു പ്രഖ്യാപിച്ച് നെഹ്‌റു ഗ്രൂപ്പിന്റെ നോട്ടീസ്; മാധ്യമങ്ങളും ചില ഗൂഡാലോചകരും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

പുതിയ അഡ്മിഷന് വേണ്ടി മുൻ വര്‍ഷങ്ങളില്‍ ഉണ്ടാവാറുള്ളതിന്റെ ഒരു ചെറിയ അംശം പ്രതികരണം പോലും ഇത്തവണ വിദ്യാര്‍ത്ഥികളില്‍ നിന്നോ, രക്ഷിതാക്കളില്‍ നിന്നോ ഉണ്ടാവാത്ത സാഹചര്യത്തിലാണ് ചെയര്‍മാന്‍ കൃഷ്ണദാസിനേയും കോളേജിനേയും ന്യായീകരിച്ചുള്ള നോട്ടീസ് പുറത്തിറക്കുന്നത്.

വിദ്യാര്‍ത്ഥികളെ കിട്ടാനില്ല; സ്വയം നിരപരാധികളെന്നു പ്രഖ്യാപിച്ച് നെഹ്‌റു ഗ്രൂപ്പിന്റെ നോട്ടീസ്; മാധ്യമങ്ങളും ചില ഗൂഡാലോചകരും തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപണം

മാധ്യമങ്ങളും 'ഗൂഡാലോചനക്കാരും' സ്ഥാപനത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് സൂചിപ്പിച്ച് നെഹ്‌റു ഗ്രൂപ്പിന്റെ നോട്ടീസ്. നെഹ്‌റു കോളേജില്‍ നടന്ന എല്ലാ പ്രവൃത്തികളേയും ന്യായീകരിച്ച് പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഡാലോചനക്കാരും മാധ്യമങ്ങളുമാണ് എന്നാണു ചെയര്‍മാന്‍ കൃഷ്ണദാസിനെ ന്യായീകരിച്ച് പുറത്തു വിട്ട നോട്ടീസില്‍ പറയുന്നത്. ജിഷ്ണു പ്രണോയിയുടെ മരണം മുതല്‍ കോളേജില്‍ നടന്ന എല്ലാ സംഭവങ്ങള്‍ക്കു പിന്നിലും നെഹ്‌റു ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ അസൂയ പൂണ്ടും അതിലേറെ അസ്വസ്ഥരായും നിലകൊണ്ടവരുടെ പ്രവര്‍ത്തങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം പ്രമുഖ പത്രങ്ങളില്‍ പുതിയ അഡ്മിഷന് വിദ്യാര്‍ത്ഥികളെ തേടിയുള്ള പരസ്യം നെഹ്‌റു ഗ്രൂപ്പ് നല്‍കിയിരുന്നു. ഇതിനു പുറകെയാണ് തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്തി കൊണ്ട് പുതിയ നോട്ടീസ് ഇറക്കുന്നത്. പുതിയ അഡ്മിഷന് വേണ്ടി സാധാരണ വര്‍ഷങ്ങളില്‍ ഉണ്ടാവാറുള്ളതിന്റെ ചെറിയ ഒരു അംശം പ്രതികരണം പോലും ഇത്തവണ വിദ്യാര്‍ത്ഥികളില്‍ നിന്നോ, രക്ഷിതാക്കളില്‍ നിന്നോ ഉണ്ടായിട്ടില്ലെന്ന് നെഹ്‌റു ഗ്രൂപ്പുമായു ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നുണ്ട്.

മാധ്യമങ്ങള്‍ എല്ലാവരും ചേര്‍ന്ന് അമ്പത് വര്‍ഷമായി നിന്നിരുന്ന ഒരു ഗ്രൂപ്പിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു, നിങ്ങള്‍ കാരണം ഇത്തവണ ഇതുവരെ അഡ്മിഷന് വേണ്ടി ഒരു ബുക്കിങ് പോലും ഉണ്ടായിട്ടില്ലെന്ന് നെഹ്‌റു ഗ്രൂപ്പിലെ ഒരു ഉയര്‍ന്ന ജോലിക്കാരന്‍ രണ്ടു മാസം മുമ്പ് മാധ്യമ പ്രവര്‍ത്തകരെ നോക്കി ആക്രോശിച്ചിരുന്നു. പുതിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍ കുറയുന്ന സാഹചര്യത്തിലാണ് സ്വന്തം നിലപാട് വിശദീകരിച്ച് നോട്ടീസ് ഇറക്കേണ്ടി വന്നതെന്നാണ് വിലയിരുത്തല്‍.

ചെയര്‍മാന്‍ കൃഷ്ണദാസ് നിരപരാധിയാണ്, മാധ്യമങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു, ജിഷ്ണുവിനെ മര്‍ദ്ദിച്ചില്ല, ജിഷ്ണു മരിച്ചപ്പോള്‍ ചെയര്‍മാന്‍ കൃഷ്ണദാസ് തന്നെ നേരിട്ടെത്തി കുടുംബത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്തു, നാലുമാസം കോളേജില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ ആളുകള്‍ കോളേജിന്റെ പരിസര പ്രദേശത്ത് പോലും മുന്‍പ് കാണാത്തവരാണ്, നെഹ്‌റു കോളേജ് തകര്‍ന്നാല്‍ കച്ചവട ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അന്യ സംസ്ഥാന വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികളെ പറഞ്ഞയക്കേണ്ടി വരും, നെഹ്‌റു ഗ്രൂപ്പ് പോലുള്ള സ്ഥാപനത്തെ തകര്‍ത്താല്‍ നിങ്ങള്‍ തകര്‍ക്കുന്നത് സമൂഹത്തെ തന്നെയാണ്, അര്‍പ്പണ മനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ചെയര്‍മാന് കേവലം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് പോലുള്ള പ്രവര്‍ത്തികള്‍ക്ക് കളയുവാന്‍ സമയം കിട്ടില്ല, തുടങ്ങി നെഹ്‌റു ഗ്രൂപ്പിനെ ന്യായീകരിച്ച് ഒട്ടനവധി കാര്യങ്ങളാണ് നോട്ടീസില്‍ പറയുന്നത്.

ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്, എന്ന തലക്കെട്ടില്‍ ' ഫലസമൃദ്ധമായ വൃക്ഷത്തിലേക്കു മാത്രമേ കല്ലേറുകള്‍ ഉണ്ടാവൂ' പഴഞ്ചൊല്ലോടെയാണ് നോട്ടീസ് ആരംഭിക്കുന്നത്. മാധ്യമങ്ങളില്‍ എന്തും ചവച്ചു തുപ്പി സാധാരണക്കാരില്‍ സാധാരണക്കാരെ പ്രത്യേകിച്ചും മലയാളികളെ എന്ന വില കുറഞ്ഞ വ്യാപാര തന്ത്രം ഞങ്ങളുടെ ജീവിതത്തെ തെല്ലൊന്നുമല്ല ബാധിച്ചത്. ദിനം പ്രതി വളരുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തകര്‍ച്ച ഗൂഡശക്തികള്‍ വളരെ ലാഘവത്തോടെ സ്വപ്‌നം കണ്ടു.

ആഭാസത്തരങ്ങളുടെ മുന്‍പില്‍ പ്രതികരണശേഷി നഷ്ടപ്പെട്ട് അപരാധികളായി മുദ്ര കുത്തപ്പെട്ടപ്പോഴും ഞങ്ങള്‍ ആരേയും ശപിച്ചില്ല. അധ്യാപകര്‍ക്കെതിരേയും, ഞങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് എതിരേയും മാധ്യമങ്ങള്‍ തെറ്റിദ്ധാരണജനകമായ വാര്‍ത്തകളുടെ പ്രളയം തീര്‍ത്തപ്പോള്‍ സത്യങ്ങള്‍ തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് ഒരു വേദിയും കിട്ടിയില്ല. ഒരു പ്രമുഖ മാധ്യമത്തിലേക്ക് പ്രതീക്ഷയോടെ വിളിച്ചപ്പോള്‍ നെഹ്‌റു കോളേജിനെ കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തയാണെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി എന്ന മറുപടിയോടെ കാതടിപ്പിക്കുന്ന ശബ്ദത്തോടെ ഫോണ്‍ ബന്ധം വിച്ഛേദിച്ചു.

ജനുവരി ആറിനാണ് ഞങ്ങളുടെ വേദനകള്‍ ആരംഭിക്കുന്നത്. ജിഷ്ണു പ്രണോയിക്കെതിരെ ഗൂഡാലോചന നടത്തി, ജനുവരി ആറാം തീയ്യതി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവര്‍ മര്‍ദ്ദിച്ചു എന്നതാണല്ലോ ഉന്നയിക്കപ്പെട്ട പ്രധാന ആരോപണം. എന്നാല്‍ അന്നേ ദിവസം ചെയര്‍മാനും ആരോപണം ഉന്നയിക്കപ്പെട്ട മറ്റു ആളുകളും ആള്‍ ഇന്ത്യ മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയുമായി ബന്ധപ്പെട്ട് വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ ആയിരുന്നു.

ജിഷ്ണുവിന്റെ മരണ വിവരം അറിഞ്ഞപ്പോള്‍ രാത്രി പത്ത് മണിയോടെ എല്ലാ തിരക്കുകളും മാറ്റി വെച്ച് ചെയര്‍മാന്‍ കൃഷ്ണദാസും മറ്റു അധ്യാപകരും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തി ജിഷ്ണുവിന്റെ അമ്മാവനോട് സംസാരിച്ച് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിരുന്നു. ചെയര്‍മാന്‍ കൃഷ്ണദാസ് മര്‍ദ്ദിച്ചു എന്ന് പറയുന്ന മറ്റൊരു വിദ്യാര്‍ത്ഥി ജനുവരി മൂന്നിനു മര്‍ദ്ദിച്ചു എന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ' ക്രൂര മര്‍ദ്ദനത്തിന് ഇരയായി'എന്നു പറഞ്ഞ അയാള്‍ക്ക് ഒരു മാസം കഴിഞ്ഞാണ് വേദനകള്‍ അനുഭവപ്പെട്ടത് എന്നത് മനസ്സിലാക്കുവാന്‍ കഴിയാത്ത നിഗൂഡ രഹസ്യം മാത്രമാണ്.

പാലക്കാട്- തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടുന്ന സ്ഥാപനങ്ങളെ ആരോപണത്തിന്റെ മുള്‍ച്ചരടില്‍ കെട്ടിയിടാന്‍ ശ്രമിക്കുന്നവര്‍ ഒന്നോര്‍ക്കുക, ഞങ്ങള്‍ 50 വര്‍ഷമായി പടുത്തുയര്‍ത്തിയ വിശ്വാസത്തെ പെട്ടെന്ന് തകര്‍ക്കുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല. 20 സ്ഥാപനങ്ങളെ ഇന്ന് കാണുന്ന രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ അര്‍പ്പണ മനോഭാവത്തോടെ വളര്‍ത്തിയെടുക്കാന്‍ അര്‍പ്പണ മനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ചെയര്‍മാന് കേവലം വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് പോലുള്ള പ്രവര്‍ത്തികള്‍ക്ക് കളയുവാന്‍ സമയം കിട്ടില്ല എന്ന് അധികം ആലോചിക്കേണ്ടതില്ല.

ഇല്ലാത്ത ഇടിമുറികളെ പറ്റി ഘോരഘോരം പ്രസംഗിക്കാനും കുപ്രചരണങ്ങള്‍ നടത്തുവാനും മാധ്യമങ്ങള്‍ കാണിച്ച ആര്‍ജ്ജവം ചെറുതൊന്നുമല്ല. മൂല്യശോഷണം സംഭവിക്കാത്ത രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും സാധാരണക്കാരായ ജനങ്ങളും ഞങ്ങളെ തിരിച്ചറിയുക തന്നെ ചെയ്യും എന്ന് പ്രത്യാശിച്ചു കൊണ്ടാണ് നെഹ്‌റു കോളേജിന്റെ സ്റ്റാഫ് വെല്‍ഫെയര്‍ അസോസിയേഷന്റെ നാലു പേജുകളുള്ള നോട്ടീസ് അവസാനിക്കുന്നത്.