കോപ്പിയടി ചോദ്യം ചെയ്ത അദ്ധ്യാപകൻ്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു; സംഭവം കാസർഗോഡ്

സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ അധ്യാപകനെ കൊന്നുകളയുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ഭീഷണിപ്പെടുത്തുകയുണ്ടായി.

കോപ്പിയടി ചോദ്യം ചെയ്ത അദ്ധ്യാപകൻ്റെ കൈ വിദ്യാർത്ഥി തല്ലിയൊടിച്ചു; സംഭവം കാസർഗോഡ്

കോപ്പിയടി ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥി അധ്യാപകന്റെ കൈ തല്ലിയൊടിച്ചു. ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷയ്ക്ക് കോപ്പിയടിച്ചതിനെ ചോദ്യം ചെയ്ത ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകന്‍ ഡോ. ബോബി ജോസിനെയാണ് ജോസിനെയാണ് വിദ്യാര്‍ഥി ക്രൂരമായി മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ അധ്യാപകനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതേ സ്‌കൂളിലെ രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് നാല് മണിയ്ക്കാണ് സംഭവം. ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെ വിദ്യാര്‍ഥി കോപ്പിയടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകൻ ഇത് ചോദ്യം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥി അധ്യാപകനെ ഹാളില്‍ വച്ച് മുഖത്തടിക്കുകയും നിലത്തുവീണപ്പോള്‍ ചവിട്ടുകയും അടിക്കുകയുമായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് അധ്യാപകന്റെ കൈ ഒടിയുകയും ചെവിയുടെ കര്‍ണ്ണപടത്തിന് ക്ഷതമേല്‍ക്കുകയും ചെയ്തു. അക്രമത്തിന് പരീക്ഷാഹാളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെല്ലാം സാക്ഷികളായിരുന്നു. ശബ്ദംകേട്ട് മറ്റു അധ്യാപകര്‍ ഓടിയെത്തിയാണ് അധ്യാപകനെ രക്ഷപ്പെടുത്തിയത്.

എട്ട് വര്‍ഷമായി ചെമ്മനാട് സ്‌കൂളില്‍ പ്ലസ് ടു അധ്യാപകനായി ജോലിചെയ്യുന്ന ബോബി ജോസ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്നു. എന്നിട്ടും കോപ്പിയടി പിടികൂടിയതിന്റെ പേരില്‍ അധ്യാപകനെ വിദ്യാര്‍ത്ഥി ക്രൂരമായി മര്‍ദിച്ചതിന്റെ ഞെട്ടലിലാണ് സഹപാഠികളായ വിദ്യാര്‍ത്ഥികളും അധ്യാപകന്റെ സഹപ്രവര്‍ത്തകരും. അതിനിടെ സംഭവത്തെ കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ അധ്യാപകനെ കൊന്നുകളയുമെന്ന് വിദ്യാര്‍ഥിയുടെ പിതാവ് ഭീഷണിപ്പെടുത്തുകയുണ്ടായി. വിവരമറിഞ്ഞ് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തിയപ്പോഴാണ് അദ്ദേഹവും അധ്യാപകനുനേരെ കയ്യേറ്റതിന് മുതിര്‍ന്നത്.

അധ്യാപകനെ അക്രമിച്ച സംഭവത്തില്‍ ഐ പി സി 308 പ്രകാരം നരഹത്യാശ്രമത്തിനും 326, 323, 332 വകുപ്പുകള്‍ അനുസരിച്ചും കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അദ്ദ്യാപകനെ ഭീഷണിപ്പെടുത്തിയ പിതാവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.