കാസര്‍ഗോഡ് തെരുവുപട്ടിയുടെ ഭീകരാക്രമണം: യുവതിയെ കടിച്ചു വീഴ്ത്തി കാല് കടിച്ചു തിന്നു

സ്‌കൂൾ തുറക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, ആളുകളെ ആക്രമിക്കുന്ന തെരുവുപട്ടികൾ കൂടുതൽ ഭീഷണിയാവുകയാണ്. തെരുവുപട്ടി വിഷയത്തിൽ അടിയന്തിരനടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാവുകയാണ്.

കാസര്‍ഗോഡ് തെരുവുപട്ടിയുടെ ഭീകരാക്രമണം:  യുവതിയെ കടിച്ചു വീഴ്ത്തി കാല് കടിച്ചു തിന്നു

സംസ്ഥാനത്ത് വീണ്ടും തെരുവുപട്ടിയുടെ ആക്രമണം. അങ്കണവാടിയിൽ നിന്നും കുട്ടിയുമായി മടങ്ങിയ യുവതിക്ക് നേരെയാണ് തെരുവുപട്ടിയുടെ അക്രമമുണ്ടായത്. കാസർഗോഡ് പാലാർ സ്വദേശിനി ബിന്ദുവിന് നേരെയാണ് തെരുവുപട്ടി ആക്രമണം ഉണ്ടായത്. പാലാർ മൊട്ട അങ്കണവാടിയിൽ നിന്നും കുട്ടിയേയും കൂട്ടി വീട്ടിലേക്കു മടങ്ങവെ വഴിയരികിലുണ്ടായ തെരുവുപട്ടി ഓടിയടുക്കുകയായിരുന്നു.

അക്രമത്തിൽ നിന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബിന്ദുവിന്റെ ശരീരമാസകലം കടിയേറ്റു. കാലിൽ നിന്നും മാംസം കടിച്ചെടുത്ത തെരുവുപട്ടി ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെത്തുടർന്നാണ് ഓടി മാറിയത്. ബിന്ദുവിനെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് തെരുവുപട്ടി ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വളർത്തുമൃഗങ്ങളെ തെരുവുപട്ടികൾ ആക്രമിച്ചതായി നാട്ടുകാർ പറയുന്നു. കുട്ടികൾ ഉൾപ്പെടെ എല്ലാവരും വഴിനടക്കാൻ തന്നെ ഭയപ്പെടുകയാണ്. സ്‌കൂൾ തുറക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ അടിയന്തിരമായി പ്രശ്നപരിഹാരം ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Story by