പൊലീസിലെ അഴിച്ചുപണി; സർക്കാർ നൽകുന്നത് പാർട്ടിക്ക് വഴങ്ങാത്തവർ വേണ്ടെന്ന സന്ദേശം

പൊലീസ് പാർട്ടിയുടെ വരുതിയിൽ നിൽക്കുന്നില്ലെന്ന വിമർശനവും എറണാകുളം, കൊല്ലം ജില്ലാ കമ്മിറ്റികളിൽ ഉയർന്നിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചുപണി.

പൊലീസിലെ അഴിച്ചുപണി; സർക്കാർ നൽകുന്നത് പാർട്ടിക്ക് വഴങ്ങാത്തവർ വേണ്ടെന്ന സന്ദേശം

പൊലീസ് തലപ്പത്തെ സ്ഥലംമാറ്റത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് പാർട്ടിക്ക് വഴങ്ങാത്തവർ വേണ്ടെന്നുള്ള ശക്തമായ സന്ദേശം. എഡിജിപി ബി സന്ധ്യയുടെയും എെജി പി വിജയന്റെയും സ്ഥലം മാറ്റത്തിലൂടെ എെപിഎസ് ഉദ്യോ​ഗസ്ഥർക്ക് ശക്തമായ സന്ദേശം നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന ബി സന്ധ്യയെ ക്രമസമാധാന ചുമതലയില്‍ നിന്നുതന്നെ മാറ്റിയതില്‍ പോലീസ് തലപ്പത്ത് അമ്പരപ്പുണ്ട്.

സിപിഎെഎം ജില്ലാ സമ്മേളനങ്ങളിൽ ഉയർന്ന വിമർശനവും ആഘോഷപൂർവം പ്രതിഷ്ടിച്ച ഉദ്യോ​ഗസ്ഥരെ സ്ഥലം മാറ്റുന്നതിനു സർക്കാരിനെ നിർബന്ധിതമാക്കി. പിണറായി സർക്കാർ അധികാരമേറ്റ ഉടനുള്ള സുപ്രധാന നിയമനങ്ങളായിരുന്നു എഡിജിപി ആർ ശ്രീലേഖയുടേയും സന്ധ്യയുടേതും. ശ്രീലേഖയെ ഇന്റലിജൻസ് മേധാവിയായും സന്ധ്യയെ ദക്ഷിണ മേഖലയിലും നിയമിച്ചു. ഒരു വർഷം തികഞ്ഞപ്പോൾ ശ്രീലേഖയെ ജയിൽ മേധാവിയായി മാറ്റിയപ്പോൾ, രണ്ടു വർഷം പൂർത്തിയാവുന്നതിനു മുമ്പേ സന്ധ്യയ്ക്കും സ്ഥാന ചലനമുണ്ടായി. താരതമ്യേന അപ്രധാന പദവിയായ പൊലീസ് ട്രെയിനിങ് കോളജിന്റെ തലപ്പത്തേക്കാണ് സന്ധ്യയെ നിയമിച്ചത്.

കൊച്ചിയിൽ പാർട്ടിക്കു വഴങ്ങാത്ത റേഞ്ച് എെജിമാരെ വാഴില്ലെന്ന് ഉദ്യോ​ഗസ്ഥരെ വീണ്ടും ഒാർമിപ്പിക്കുന്നതാണ് എെജി പി വിജയന്റെ സ്ഥലംമാറ്റം. ഭരണത്തിലെത്തിയപ്പോൾ സർക്കാരിന്റെ വിശ്വസ്ഥനായി നിയമിച്ച എെജി എസ് ശ്രീജിത്തിന്റെ കസേര തെറിച്ചത് സിപിഎെഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസെെന്റെ അറസ്റ്റോടെയാണ്. പിന്നാലെയെത്തിയ പി വിജയൻ ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് പാർട്ടിയെ ചൊടിപ്പിച്ചത്. പൊലീസ് പാർട്ടിയുടെ വരുതിയിൽ നിൽക്കുന്നില്ലെന്ന വിമർശനവും എറണാകുളം, കൊല്ലം ജില്ലാ കമ്മിറ്റികളിൽ ഉയർന്നിരുന്നു. ഇതിന്റെയെല്ലാം തുടർച്ചയായിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചുപണി.

പൊലീസ് തലപ്പത്തെ ഉന്നതര്‍ പോലും അറിയാതെയാണ് സർക്കാർ ഉത്തരവിറക്കിയതെന്നാണ് വിവരം. പുതിയ വിജിലന്‍സ് മേധാവിയെ ഉടന്‍ നിയമിക്കുമെന്നും സൂചനയുണ്ട്. എന്നാൽ എഡിജിപി ബി സന്ധ്യയെ നിയമിച്ച ട്രെയിനിങ് കോളേജിന്റെ തലപ്പത്ത് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു ഇതുവരെ. ആ പദവിയിലേക്ക് എഡിജിപി പദവിയിലുള്ള ഉദ്യോഗസ്ഥയെ നിയമിച്ചത് തരംതാഴ്ത്തലിന്റെ സൂചനയും നല്‍കുന്നുണ്ട്. ട്രെയിനിങ് കോളജില്‍ പുതിയ തസ്തിക സൃഷ്ടിച്ചായിരുന്നു മാറ്റം.

അതേസമയം, ഒരേ സ്ഥാനത്ത് ഒന്നര വര്‍ഷത്തിലേറെയായതിനാലുള്ള സ്വാഭാവിക മാറ്റമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം. കൂടാതെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അധികച്ചുമതല എന്ന നിലയില്‍ വിജിലന്‍സ് മേധാവി സ്ഥാനത്ത് തുടരുന്നതിനെ ഹൈക്കോടതി പലവട്ടം വിമര്‍ശിച്ചിരുന്നു. വിജിലന്‍സിന് സ്വതന്ത്രചുമതലയുള്ള മേധാവി വേണമെന്ന ഹൈക്കോടതി നിര്‍ദേശം കൂടി ഉള്‍ക്കൊണ്ട് ഇക്കാര്യത്തിലും തീരുമാനം വൈകില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിര്‍ണായകസ്ഥാനം നല്‍കാതിരുന്ന എഡിജിപി കെ പത്മകുമാറിനെ ഗതാഗത കമ്മീഷണറാക്കിയതും ശ്രദ്ധേയമാണ്.

Read More >>