അടുത്തത് ആണ്‍കുഞ്ഞാകാന്‍ നകുഷിയാകുന്ന പെണ്‍കുട്ടികളുടെ കഥ

പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ ഭാരവും ആണ്‍കുട്ടികള്‍ കുടുംബത്തിന്റെ മുതല്‍ക്കൂട്ടുമായി കണക്കാക്കപ്പെടുന്നത് മഹാരാഷ്ട്രയിലെ സത്താര ഗ്രാമത്തിലെ മാത്രം സ്ഥിതിവിശേഷമല്ല. പല സ്ഥലങ്ങളില്‍ പല സാമൂഹികതലങ്ങളില്‍ അന്നും ഇന്നും സ്ത്രീകള്‍ വിവേചനങ്ങളുടെയും, അരക്ഷിതാവസ്ഥയുടെയും, ഭീതിയുടെയും നിഴലില്‍ തന്നെയാണ്. വളരെ അറിയപ്പെടാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഈ വിഷയത്തിലേക്കുള്ള ധീരമായ ഒരു ചുവടുവെപ്പാണ് നകുഷയെന്ന ഈ ഡോക്യുമെന്ററി- ഹൈദരാബാദ് ഐഐടി ഗവേഷകവിദ്യാര്‍ത്ഥിനി അശ്വനി എഴുതുന്നു.

അടുത്തത് ആണ്‍കുഞ്ഞാകാന്‍ നകുഷിയാകുന്ന പെണ്‍കുട്ടികളുടെ കഥ

അശ്വനി

ആകസ്മികതയും ഭാവുകത്വവും നിറഞ്ഞതായിരുന്നില്ല അവരുടെ ജീവിതങ്ങള്‍, മറിച്ചൊരു വ്യക്തിത്വം ഉണ്ടാക്കിയെടുക്കാനുള്ള അവകാശം പിറവിയിലെ നഷ്ടപ്പെട്ട സ്ത്രീകളായിരുന്നു. വീട്ടുകാരുടെയും, സമൂഹത്തിന്റെയും സ്വാര്‍ത്ഥ-മിഥ്യാ ധാരണയുടെ പേരില്‍, ഒരാണ്‍കുഞ്ഞായി ബീജം മാറാത്തതിന്റെ പേരില്‍, ജനനം മുതല്‍ക്കേ അവള്‍ ''നകുഷി' അഥവാ ' unwanted'എന്ന് വിളിക്കപ്പെട്ടു.

പെണ്‍കുഞ്ഞിനു നകുഷിയെന്നു പേരിട്ടാല്‍, അവളെ വേണ്ടാത്തവളായി മുദ്രകുത്തിയാല്‍ അടുത്തത് ആണ്‍കുഞ്ഞ് ആകുമെന്നുള്ള പൊയ്‌സങ്കല്‍പം. മജ്ജയും മാംസവും മനസുമുള്ള കുറെ ജീവിതങ്ങള്‍. പിറന്നുവീഴുന്നതിനു മുന്നേ നശിപ്പിക്കാന്‍ കഴിയാഞ്ഞതിനാല്‍ നകുഷി/unwanted എന്നൊരു പെണ്‍ സമൂഹത്തെ മഹാരാഷ്ട്രയിലെ സത്താരയെന്ന ഗ്രാമത്തില്‍ കാണാം. നകുഷിയെന്ന പേരിനു വിളികേള്‍ക്കേണ്ടിവരുന്ന നിസ്സഹായാവസ്ഥ.

പെണ്‍കുട്ടികള്‍ കുടുംബത്തിന്റെ ഭാരവും ആണ്‍കുട്ടികള്‍ കുടുംബത്തിന്റെ മുതല്‍ക്കൂട്ടുമായി കണക്കാക്കപ്പെടുന്നത് മഹാരാഷ്ട്രയിലെ സത്താര ഗ്രാമത്തിലെ മാത്രം സ്ഥിതിവിശേഷമല്ല. പല സ്ഥലങ്ങളില്‍ പല സാമൂഹികതലങ്ങളില്‍ അന്നും ഇന്നും സ്ത്രീകള്‍ വിവേചനങ്ങളുടെയും, അരക്ഷിതാവസ്ഥയുടെയും, ഭീതിയുടെയും നിഴലില്‍ തന്നെയാണ്. വളരെ അറിയപ്പെടാത്തതും ചര്‍ച്ച ചെയ്യപ്പെടാത്തതുമായ ഈ വിഷയത്തിലേക്കുള്ള ധീരമായ ഒരു ചുവടുവെപ്പാണ് നകുഷയെന്ന ഈ ഡോക്യുമെന്ററി. ഐഐടി ഹൈദരാബാദില്‍ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗവേഷണം ചെയ്യുന്ന ഷിജിത്തിന്റെ പ്രഥമ ഉദ്യമമാണ് നകുഷ അഥവാ Unwanted.

സംവിധായകന്റെയും ടീമിന്റെയും ദീര്‍ഘകാലത്തെ പഠനത്തിന്റേയും പരീക്ഷണങ്ങളുടെയും ഫലമാണ് നകുഷ. പലരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ ഈ ഡോക്യുമെന്ററിയുടെ പ്രീമിയര്‍ ഉദ്ഘാടനം ചെയ്ത് സുനിത കൃഷ്ണന്‍ അഭിപ്രായപ്പെട്ടത് നകുഷ എന്ന സമ്പ്രദായം ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ഉത്പന്നമാണെന്നാണ്.

അറിഞ്ഞും അറിയാതെയുമായി നിരവധി പുരുഷന്മാരും സ്ത്രീകളും ഇത്തരം വ്യവസ്ഥിതിയുടെയും മനോഭാവത്തിന്റെയും ഭാഗമാകുന്നുവെന്നത് ഒരു ഇരുണ്ട യാഥാര്‍ഥ്യം മാത്രം. നകുഷിയായി ജനിക്കുന്നവളും നകുഷികള്‍ക്കു ജന്മം നല്‍കുന്നവളും സമൂഹത്തിന്റെ ഇരകളാണ്. വര്‍ഷങ്ങളായി ഇത്തരം സാമൂഹിക അനീതികളില്‍ ബലിയാടാകുന്നതും, അടിമത്തങ്ങളില്‍ കഴിയുന്നതും സ്ത്രീകള്‍ തിരിച്ചറിയുന്നില്ലെന്നുമാത്രം. അല്ലെങ്കില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം നമുക്കിടയില്‍ അത് സ്വാഭാവികത്വം ആര്‍ജിച്ചിരിക്കുന്നു.

ചിത്രീകരണവേളയില്‍ സംവിധായകനെയും മറ്റുള്ളവരെയും മാനസികമായി തളര്‍ത്തുന്ന തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായതായി സംവിധായകന്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ വിഷയം വൈകാരികത നിറഞ്ഞതായിട്ടും അതിലെ മനുഷ്യരെ ചൂഷണവിധേയമാക്കാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ചില പ്രതിബന്ധങ്ങള്‍ കാരണം നകുഷ എന്ന വിളിപ്പേര് ചാര്‍ത്തപ്പെട്ട എല്ലാ പ്രായക്കാരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല എന്നത് ഒരു പോരായ്മയായി സംവിധായകന്‍ തന്നെ ചൂണ്ടിക്കാട്ടുമ്പോഴും, അതിനെ മറികടന്നുകൊണ്ടു ചിത്രത്തിന്റെ ഒഴുക്കും അവതരണവും ഏവരെയും പുനര്‍ചിന്തിപ്പിക്കും എന്നതില്‍ സംശയമില്ല.

അര്‍ത്ഥവും വ്യാപ്തിയും ചോര്‍ന്നു പോകാതെ അനുഭവങ്ങള്‍ പകര്‍ത്തിയത്തില്‍ ക്യാമറാമാന്‍ പ്രതാപ് ജോസഫിന്റെ പങ്കും ശ്രദ്ധേയമാണ്. ഡോക്യുമെന്ററിയുടെ അവസാനഭാഗത്ത് കൂട്ടിയിണക്കിയ പശ്ചാത്തലസംഗീതം, കാഴ്ചക്കാരെ കൂടുതല്‍ ചിത്രത്തിലെ ജീവിതകളുമായി അടുപ്പിക്കുന്നു. ആര്‍ക്കും വേണ്ടാതാവുകയെന്ന വൈകാരികതയെ പേരിനോടൊപ്പം ചുമക്കേണ്ടിവരുന്ന അവസ്ഥ- അതും ജന്മം നല്കിയവര്‍ തന്നെ അതു സമ്മാനിക്കുകയും, അടുത്ത തലമുറയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

ചിത്രത്തില്‍ മാറിമറയുന്ന ഓരോ പെണ്‍മുഖങ്ങളിലും തെളിയുന്നത് നിസ്സഹായതയുടെയോ, സമൂഹത്തോടുള്ള പുഛത്തിന്റെയോ, വിവരിക്കാനാകാത്ത തീക്ഷ്ണമായ മൗനത്തിന്റെയോ ഭാവങ്ങളാണ്. ഒരുകൂട്ടം സ്ത്രീകള്‍ പേരുമാറ്റാനുള്ള ദൗത്യം തുടര്‍ന്നുകൊണ്ടേയിരിക്കുമ്പോള്‍ മറ്റൊരു വിഭാഗം സാമൂഹിക നിയന്ത്രണങ്ങളാല്‍ നിസ്സംഗരാണ്. ഗ്രാമങ്ങളില്‍ നകുഷികള്‍ ജനിക്കുമ്പോള്‍ സാമ്പത്തിക പരാധീനതകള്‍ ഇല്ലാത്തവര്‍ ജനിക്കുംമുന്നേ പെണ്‍കുഞ്ഞിനെ ഇല്ലാതാക്കുന്നു.


നകുഷിയെന്നു പേരുവിളിച്ചുകൊണ്ടുമാത്രം സത്താരാ ഗ്രാമം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ എത്രത്തോളം നിസ്സാരമായിട്ടാണ് കാണുന്നത് എന്ന് മനസിലാകും.

അറിഞ്ഞോ അറിയാതെയോ നമ്മുടെ സമൂഹത്തിന് ചിലപ്പോഴൊക്കെ പെണ്‍/സ്ത്രീ ജീവിതങ്ങള്‍വിലകുറഞ്ഞതും,അവരുടെ അധ്വാനം കണക്കുകളില്‍ പെടാത്തതും, അവരുടെ ഭൂമിയിലെ സാന്നിദ്ധ്യം പോലും ഒരു കുറവായി അനുഭവപ്പെടാം. അതിനാല്‍ നകുഷയുടെ പ്രതിരൂപങ്ങള്‍ പലപേരുകളില്‍ നമുക്കിടയിലുണ്ട്. ദൃശ്യകലാമാധ്യമങ്ങളുടെ ഈ യുഗത്തില്‍ നകുഷ എന്നൊരു ഡോക്യുമെന്ററി നമ്മുടെ സമൂഹത്തെ ഒരുപാടു ചിന്തിപ്പിക്കാനും അതുവഴിയുള്ള പ്രതിപ്രവര്‍ത്തനത്തിനും സഹായിക്കും. ഈ കൂട്ടായ ഉദ്യമത്തിന്റെ യഥാര്‍ഥ വിജയവും അതിലായിരിക്കും...