സിസ്റ്റേഴ്‌സ് ഇതാ നിങ്ങളുടെ സഹോദരന്‍! പോക്കറ്റില്‍ മരണക്കുറിപ്പ് എഴുതി 14 ദിവസം നിരാഹാരം കിടന്നയാള്‍

കന്യാസ്ത്രീ സമരത്തില്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും മാതൃകയായി സ്റ്റീഫന്‍ മാത്യു; നിരാഹാര സമരം 14-ാം ദിവസവും തുടര്‍ന്നയാള്‍...

സിസ്റ്റേഴ്‌സ് ഇതാ നിങ്ങളുടെ സഹോദരന്‍! പോക്കറ്റില്‍ മരണക്കുറിപ്പ് എഴുതി 14 ദിവസം നിരാഹാരം കിടന്നയാള്‍

സ്റ്റീഫന്‍ മാത്യുവിന്റെ ത്യാഗത്തില്‍ സിസ്റ്റര്‍ അഭയയുടെ സാന്നിധ്യമുണ്ട്- എറണാകുളം ജനറല്‍ ആശുപത്രിയില്‍ 14-ാം ദിവസം നിരാഹാരം തുടരുകയായിരുന്ന സ്റ്റീഫന്‍ മാത്യു ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് സമരപ്പന്തലില്‍ എത്തി. ഇപ്പോഴും നിരാഹാരം അവസാനിപ്പിച്ചിട്ടില്ല. പന്തലില്‍ സമരവിജയത്തിന്റെ ആഹ്ലാദം മുഴങ്ങുമ്പോള്‍ സ്റ്റീഫന്‍ മനസു തുറന്നു ചിരിക്കുന്നുണ്ട്. പക്ഷെ, അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കാതെ നിരാഹാരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തിലാണ്.

ആദ്യ ദിവസം കന്യാസ്ത്രീകളുടെ ഉപവാസ സമരത്തില്‍ പങ്കെടുക്കാനെത്തിയതാണ് കാത്തലിക് മത നവീകരണ പ്രസ്ഥാനത്തില്‍ അംഗമായ സ്റ്റീഫന്‍. ഒരു ദിവസത്തെ ഉപവാസം നടത്തി പിരിഞ്ഞു പോകാനിരുന്നവരെ വെല്ലുവിളിച്ച് 82 വയസുകാരന്‍ ജോസാണ് സ്വയം നിരാഹാരം പ്രഖ്യാപിച്ചത്. ആരു പോയാലും ഞാനിവിടെ ഇരിക്കും എന്ന ആ നിശ്ചയദാര്‍ഢ്യത്തിനൊപ്പം സ്റ്റീഫനിരുന്നു. ജോസ് രണ്ടു ദിവസത്തിനു ശേഷം ആരോഗ്യം വഷളായി ആശുപത്രിയിലായി. സ്റ്റീഫന്‍ മാത്യു നിരാഹാരം തുടര്‍ന്നു- മരണം വരെ നിരാഹാരം എന്ന തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. നിരാഹാരത്തിന്റെ ഒമ്പതാം ദിവസം സ്റ്റീഫനെ പൊലീസ് അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.

ആശുപത്രിയിലും നിരാഹാരം തുടര്‍ന്നു. ആശുപത്രിയിലെ കാഷ്വാലിറ്റിയിലെ മൂലയില്‍ സ്റ്റീഫന്‍ ഒറ്റയ്ക്ക് കിടന്നു. വസ്ത്രം മാത്രം മാറി. എന്റെ മനഃസാക്ഷിയോട് പറഞ്ഞിട്ടാണ് നിരാഹാര സത്യാഗ്രഹം ആരംഭിച്ചതെന്നും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാതെ പിന്മാറില്ലെന്നും സമരസമിതിയെ സ്റ്റീഫന്‍ അറിയിച്ചു. അതോടെ സ്റ്റീഫനെ സമരത്തില്‍ നിന്നും പിന്മാറ്റുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിന്മാറി. സ്റ്റീഫന്റെ ആരോഗ്യസ്ഥിതി വഷളാവുകയാണെന്നും ഇറോം ഷര്‍മിളയെ പോലെ കുഴലിട്ട് ഭക്ഷണം ബലപ്രയോഗത്തിലൂടെ വയറ്റിലെത്തിക്കും എന്ന നിലയിലേയ്ക്ക് മാറുകയായിരുന്നു.

ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് സ്റ്റീഫന്‍ സമരവേദിയിലെത്തി. പക്ഷെ സ്റ്റീഫന്റെ സമരം അവസാനിക്കുന്നില്ല. താന്‍ നിരാഹാരം കിടന്നു മരിച്ചു പോയാല്‍ പോക്കറ്റില്‍ നിന്നു കണ്ടെത്താനായി അദ്ദേഹം കരുതിയിരുന്ന മരണക്കുറിപ്പില്‍ പറയുന്ന നാലു കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേതു മാത്രമാണ് ഫ്രാങ്കോ നിയമത്തിനു കീഴടങ്ങി എന്നുറപ്പാക്കുക എന്നത്. ഫ്രാങ്കോയുടെ കീഴില്‍ കഴിയുന്ന കുടികിടപ്പുകാരും അഗതികളുമായ കന്യാസ്ത്രീകളുടെ അജീവനാന്ത സംരക്ഷണം ഉറപ്പാക്കണമെന്നതാണ് രണ്ടാമത്തെ ആവശ്യം.

മൂന്നാമതായി സംരക്ഷിക്കാനുള്ള കന്യാസ്ത്രീകളുടെ എണ്ണം വ്യക്തമാക്കുന്നു- കത്തോലിക്കാ സഭയുടെ കീഴില്‍ വരുന്ന കന്യാസ്ത്രീകളുടെ കണക്കെടുത്താല്‍ ദശലക്ഷക്കണക്കിനും ഇന്ത്യയിലെ മാത്രമെടുത്താല്‍ ലക്ഷത്തിലധികവും കേരളത്തില്‍ 40,000 കന്യാസ്ത്രീകളുമാണ് സംരക്ഷിക്കാനുള്ളത്. നാലാമതായി അവരെ എങ്ങനെ സംരക്ഷിക്കാം എന്ന വ്യക്തമായ നിര്‍ദ്ദേശം വിശദമായി നല്‍കുന്നു: കന്യാസ്ത്രീകള്‍ ചവിട്ടി നില്‍ക്കുന്ന ഭൂമിയും അന്തിയുറങ്ങുന്ന ഭവനങ്ങളും അന്യപുരുഷന്മാരായ പുരോഹിതന്മാരുടേതാണ്. പുരോഹിത ജന്മിമാരായ ഫ്രാങ്കോമാരെ അക്ഷരംപ്രതി അനുസരിക്കാന്‍ മാത്രം വിധിയ്ക്കപ്പെട്ട വെറും കുടികിടപ്പുകാര്‍ മാത്രമാണ്. കന്യാസ്ത്രീകള്‍ക്ക് മാന്യമായ കുടികിടപ്പ് അവകാശം നല്‍കണം.

സ്റ്റീഫൻ മാത്യു, പാലാ ഉഴവൂര്‍ സ്വദേശിയാണ്. കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ സഹപാഠിയുമാണ്. അഭയയുടെ കൊലപാതകത്തോടെയാണ് അനീതിക്ക് എതിരായ പോരാട്ടം ആരംഭിച്ചത്. ഇതിനായി മതങ്ങളെ കുറിച്ച് നോട്ടെഴുതി പഠിച്ചയാളാണ്. ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. അവിവാഹാതനായി സ്റ്റീഫന്‍ മാത്യു നാട്ടുപണികള്‍ ചെയ്താണ് ജീവിക്കുന്നത്.

Read More >>