ദേവികുളം സബ് കളക്ടറെ അപമാനിച്ച സംഭവം: എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ദേവികുളം സബ് കളക്ടറെ അപമാനിച്ച സംഭവം: എസ് രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

മൂന്നാറില്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നടത്തിവന്ന അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ രേണു രാജിനെ അപമാനിച്ച് സംസാരിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെയും വിഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ ആണ് കേസെടുത്തത്. ഐഎഎസ് ഉദ്യോഗസ്ഥയെ എംഎല്‍എ പൊതുവിടത്തില്‍ വച്ച് അപമാനിച്ചെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞദിവസം മൂന്നാറിലെ മുതിരപ്പുഴയാറിനോട് ചേര്‍ന്ന സ്ഥലത്തെ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം തടയാനെത്തിയപ്പോഴാണ് റവന്യൂ ഉദ്യോഗസ്ഥരുടെ മുന്നില്‍വച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ സബ് കളക്ടറെ അവഹേളിച്ച് സംസാരിച്ചത്. സബ് കളക്ടര്‍ ബുദ്ധിയില്ലാത്തവളാണെന്നും വെറും ഐഎഎസ് കിട്ടിയെന്നും പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നുമായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.

ഇതിനെതിരെ പ്രതിഷേധം വ്യാപകമാവുകയും സിപിഐഎമ്മും സിപിഐയും എസ് രാജേന്ദ്രനെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു. മാത്രമല്ല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും രേണു രാജിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

പരാമര്‍ശം ആദ്യം നിഷേധിച്ച എസ് രാജേന്ദ്രന്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. അനധികൃത നിര്‍മാണം തടഞ്ഞതിന് എംഎല്‍എ തന്നെ അവഹേളിച്ചെന്നു ചൂണ്ടികാട്ടി രേണു രാജ് ചീഫ് സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ, എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനധികൃത നിര്‍മാണം നടക്കുന്നതെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞതെന്നും ചൂണ്ടിക്കാട്ടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് എജിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വനിതാകമ്മീഷന്‍ നടപടി.

അനുമതിയില്ലാതെ നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് കഴിഞ്ഞദിവസം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് മറികടന്ന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നിര്‍മാണം തുടരവെയാണ് സബ് കളക്ടറും സംഘവും തടയാനെത്തിയത്. മുമ്പും ഇത്തരത്തില്‍ കൈയേറ്റവും അനധികൃത നിര്‍മാണങ്ങളും തടയാനെത്തിയ മുന്‍ സബ് കളക്ടര്‍മാര്‍ക്കെതിരെയും എസ് രാജേന്ദ്രന്‍ അധിക്ഷേപം നടത്തിയിട്ടുണ്ട്.