സംസ്ഥാന ഐ ടി നയം നിയമസഭയില്‍; നയരേഖയിലുള്ളത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍

നവകേരളത്തിന്റെ സൃഷ്ടിക്കായി നമ്മുക്കൊരുമിക്കാമെന്ന ആഹ്വാനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നയരേഖ നിയമസഭയില്‍ അവതരിപ്പിച്ചത്. പൊതുജനങ്ങളും വിദഗ്ധരും ഉന്നയിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച ശേഷമായിരിക്കും അന്തിമനയരൂപീകരണം

സംസ്ഥാന ഐ ടി നയം നിയമസഭയില്‍; നയരേഖയിലുള്ളത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍

സംസ്ഥാന ഐ ടി നയത്തിന്റെ കരടുരൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നയരേഖയ്‌ക്കൊപ്പം ഓരോ മേഖലകളിലും നടപ്പാക്കാനുദ്ദേശിക്കുന്ന എട്ട് ഉപനയങ്ങളുടെ രേഖകളും അവതരിപ്പിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ വിഭജനം ഇല്ലാതാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വ്യവസായ പ്രോത്സാഹനം, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിനിയോഗം, നൂതന സാങ്കേതികവിദ്യകളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കല്‍, വൈജ്ഞാനിക സമൂഹത്തിനാവശ്യമായ മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കല്‍, ഡിജിറ്റല്‍ സംഭരണനയം, ഉത്തരവാദിത്വപൂര്‍ണമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും എന്നിവയാണ് ഉപനയങ്ങള്‍.

ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ഈ മേഖലയിലെ വിദഗ്ധര്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും മുന്നോട്ടുവെക്കാന്‍ അവസരമുണ്ട്. ഇവയില്‍ സ്വീകാര്യമാകുന്നവകൂടി ഉള്‍പ്പെടുത്തിയാകും അന്തിമനയ രൂപീകരണം. ഡിജിറ്റല്‍ സാങ്കേതികവിദ്യയെ നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

90 ശതമാനം ജനങ്ങളും ആധാര്‍ പദ്ധതിയില്‍ അംഗങ്ങളായ സാഹചര്യത്തില്‍ ആധാര്‍ ബയോമെട്രിക്ക് സംവിധാനമുപയോഗിച്ച് കെവൈസി സംവിധാനം നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. സബ്‌സിഡികളും ആനുകൂല്യങ്ങളും ഇതുവഴി വിതരണം ചെയ്യാം. ആധാറില്ലാത്തവര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കും.

ഐ ടി സന്നിവേശിപ്പിക്കുന്നതിലൂടെ ഉത്പാദനമേഖലയുടെ കാര്യക്ഷമതയും തൊഴില്‍ സാധ്യകളും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യുവസംരംഭകരെ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും. വര്‍ഷം തോറും ഉപനയങ്ങള്‍ വിലയിരുത്തി കൂടുതല്‍ പ്രസക്തമായ രീതിയില്‍ നടപ്പിലാക്കും. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ കാര്യമായ വളര്‍ച്ചയുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

Read More >>