അതിരപ്പള്ളിയിൽ നിന്നും സർക്കാർ പിന്നോട്ട്; പദ്ധതി ഉടൻ തുടങ്ങാനാവില്ലെന്ന് എം എം മണി

അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് എൽഡിഎഫിൽ തന്നെ പ്രശ്നമാണ്. മാത്രമല്ല, പരിസ്ഥിതിവാദികളും യുഡിഎഫുമൊക്കെ പദ്ധതിക്കെതിരാണെന്നും മന്ത്രി പറഞ്ഞു.

അതിരപ്പള്ളിയിൽ നിന്നും സർക്കാർ പിന്നോട്ട്; പദ്ധതി ഉടൻ തുടങ്ങാനാവില്ലെന്ന് എം എം മണി

വിവാദമായ അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറുന്നു. അതിരപ്പള്ളി പദ്ധതി ഇനി തുടങ്ങാനാകില്ലെന്ന് വൈദ്യുത മന്ത്രി എം എം മണി. ചെറുകിട പദ്ധതികളാണു കേരളത്തിന് ആശ്രയിക്കാനാവുകയെന്നും മന്ത്രി വ്യക്തമാക്കി.

പാലക്കാട്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് എൽഡിഎഫിൽ തന്നെ പ്രശ്നമാണ്. മാത്രമല്ല, പരിസ്ഥിതിവാദികളും യുഡിഎഫുമൊക്കെ പദ്ധതിക്കെതിരാണെന്നും മന്ത്രി പറഞ്ഞു.

ഈ സാഹചര്യത്തിൽ ചെറുകിട വൈദ്യുത പദ്ധതികളെയാണ് ആശ്രയിക്കാൻ കഴിയുകയെന്നു പറഞ്ഞ മന്ത്രി, ഇതു പൂർത്തിയാക്കാനായിരിക്കും സർക്കാർ ശ്രമമെന്നും അറിയിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിൽ കാറ്റിൽനിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതികളെ സർക്കാർ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നേരത്തെ പദ്ധതി നടപ്പാക്കുമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്. അഭിപ്രായ സമന്വയത്തോടെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ. വനമല്ല, വൈദ്യുതിയാണു പ്രധാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. മുഖ്യമന്ത്രിയും പദ്ധതിക്ക് അനുകൂലനിലപാടാണ് സ്വീകരിച്ചിരുന്നത്. അതിരപ്പള്ളി പദ്ധതി സംസ്ഥനത്ത്‌ നടപ്പാക്കേണ്ടതു തന്നെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

എന്നാൽ മുന്നണിയിൽ നിന്നുതന്നെ എതിർപ്പുകൾ രൂക്ഷമായ സാഹചര്യത്തിലാണ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണു സൂചന. സിപിഐ ആണ് പദ്ധതിക്കെതിരെ ഏറ്റവും വലിയ എതിർപ്പുമായി രം​ഗത്തുള്ളത്. പദ്ധതി വലിയ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നാണ് സിപിഐ നിലപാട്.

Read More >>