പുഷ്പന് മുഖ്യമന്ത്രിയുടെ വിഷുക്കൈനീട്ടം; ഇനി വിചാരങ്ങളും സ്വപ്നങ്ങളും പകർത്തിവെക്കാം; ചലിക്കാം

കൂത്തുപറമ്പ് സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ നട്ടെല്ലിന് പരുക്കേറ്റ് കഴിഞ്ഞ 22 വര്‍ഷമായി വീട്ടിലെ ഒറ്റമുറിയില്‍ കിടപ്പിലാണ് പുഷ്പന്‍. ശരീരത്തില്‍ ഘടിപ്പിച്ച സെന്‍സറിന്റെ സഹായത്തോടെ തന്റെ സ്വപ്‌നങ്ങള്‍, ടാബ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനിൽ എഴുതാന്‍ പുഷ്പന് സാധിക്കും. സംസാരം എഴുത്തായി കമ്പ്യൂട്ടറില്‍ മാറുംവിധമാണ് പ്രവര്‍ത്തനം. രാജ്യത്തെതന്നെ ആദ്യത്തെ സംവിധാനമാണിത്. സംസ്ഥാന സർക്കാർ സമ്മാനിച്ച ഈ പുതിയ സംവിധാനം ഉപയോഗിച്ച് പുഷ്പന് ആശയങ്ങളും ചിന്തകളും പകർത്താം.

പുഷ്പന് മുഖ്യമന്ത്രിയുടെ വിഷുക്കൈനീട്ടം; ഇനി വിചാരങ്ങളും സ്വപ്നങ്ങളും പകർത്തിവെക്കാം; ചലിക്കാം

കൂത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷുക്കൈനീട്ടം. അത്യാധുനിക സംവിധാനമുള്ള ഇലക്ട്രോണിക്ക് കട്ടിലും വീല്‍ച്ചെയറുമാണ് സംസ്ഥാനസര്‍ക്കാര്‍ പുഷ്പന് കൈമാറിയത്.

കൂത്തുപറമ്പ് സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ നട്ടെല്ലിന് പരുക്കേറ്റ് കഴിഞ്ഞ 22 വര്‍ഷമായി വീട്ടിലെ ഒറ്റമുറിയില്‍ കിടപ്പിലാണ് പുഷ്പന്‍. ശരീരത്തില്‍ ഘടിപ്പിച്ച സെന്‍സറിന്റെ സഹായത്തോടെ തന്റെ സ്വപ്‌നങ്ങള്‍, ടാബ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനിൽ എഴുതാന്‍ പുഷ്പന് സാധിക്കും. സംസാരം എഴുത്തായി കമ്പ്യൂട്ടറില്‍ മാറുംവിധമാണ് പ്രവര്‍ത്തനം. രാജ്യത്തെതന്നെ ആദ്യത്തെ സംവിധാനമാണിത്. പുതിയ സംവിധാനം ഉപയോഗിച്ച് പുഷ്പന് ആശയങ്ങളും ചിന്തകളും പകർത്താം.

സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വിധമാണ് ഇലക്ട്രോണിക്ക് കട്ടിലും വീല്‍ച്ചെയറും സജ്ജീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം സാമൂഹ്യസുരക്ഷാ മിഷന്റെ മേല്‍നോട്ടത്തിലാണ് പുഷ്പന് ഉപയോഗിക്കാന്‍ കഴിയുംവിധം ചലനോപകരണം രൂപപ്പെടുത്തിയത്. സാങ്കേതികവിദഗ്ധരുള്‍പ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പരിശോധനയുമുണ്ടായിരുന്നു.


പാനൂര്‍ മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തിയാണ് മുഖ്യമന്ത്രി ഉപകരണങ്ങള്‍ പുഷ്പന് കൈമാറിയത്. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജ, തലശേരി എംഎല്‍എ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

വിദ്യാഭ്യാസ കച്ചവടത്തിനും അഴിമതിക്കുമെതിരേ 1994 നവംബര്‍ 25 ന് കൂത്തുപറമ്പില്‍ നടന്ന പോരാട്ടത്തിനിടയില്‍ നട്ടെല്ലിന് വെടിയേറ്റ് വീണ പുഷ്പന്‍ അന്നുമുതല്‍ വീട്ടിലെ ഒറ്റമുറിയില്‍ കിടപ്പിലാണ്. ഇടയ്ക്ക് വരുന്ന സന്ദര്‍ശകരും നാലുചുവരുകള്‍ക്കുള്ളിലെ കാഴ്ചകളും മാത്രമായിരുന്നു കൂട്ട്. പുതിയ ഉപകരണങ്ങള്‍ ലഭിച്ചതോടെ ജീവിതത്തിലെ മറ്റൊരു തലത്തിലേക്ക് കടക്കുകയാണ് പുഷ്പന്‍.