'സ്പിരിറ്റ് ഇൻ ജീസസ്' ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം; കുരിശിനു മുകളിൽ 'സൂര്യാത്ഭുതം' നടക്കുന്നതായി പ്രചാരണം; വിശ്വാസക്കച്ചവടം കൊണ്ട് കോടികൾ നേടാനൊരുക്കിയ കഥകൾ

പാപ്പാത്തിച്ചോലയിലെ കുരിശ് യഥാർത്ഥത്തിൽ ഒരു വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള ആദ്യ തൂണായിരുന്നു. കുരിശിനു മുകളിൽ 'സൂര്യാത്ഭുതം' നടക്കുന്നു എന്ന പ്രചാരണം ഒരു ആഗോള ആത്മീയ തീർത്ഥാടനകേന്ദ്രമാക്കി പ്രദേശത്തെ മാറ്റാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഇതു സാധ്യമായാൽ കോടികളുടെ ആത്മീയകച്ചവടം പൊടിപൊടിച്ചേനെ.

മൂന്നാർ പാപ്പാത്തിമലയിൽ റവന്യൂ വകുപ്പ് അധികാരികൾ പൊളിച്ചു മാറ്റിയ കുരിശിന്റെ മറവിൽ 'സ്പിരിറ്റ് ഇൻ ജീസസ്' ലക്ഷ്യമിട്ടത് ആഗോളതലത്തിലുള്ള ആത്മീയ ടൂറിസം വ്യാപാരത്തിന്. ഇതിനായി പാപ്പാത്തിച്ചോലയിലെ കുരിശിനു മുകളിൽ 'സൂര്യാത്ഭുതം' അഥവാ 'മിറാക്കിൾ ഓഫ് സൺ' നടക്കുന്നതായും സ്പിരിറ്റ് ഇൻ ജീസസ് പ്രചാരണം നടത്തിയിരുന്നു. ഇതുവഴി പ്രദേശത്തെ ആഗോള ക്രിസ്തീയ ആത്മീയ കേന്ദ്രമാക്കാമെന്നും സ്പിരിറ്റ് ഓഫ് ജീസസ് കണക്കുകൂട്ടിയിരുന്നു. ഇത് സാധ്യമായാൽ കോടിക്കണക്കിനു രൂപയുടെ ആസ്തിയിലേക്ക് ചുരുക്കം നാളുകളിൽ സ്പിരിറ്റ് ഓഫ് ജീസസ് വളരുമായിരുന്നു.

സൂര്യനെല്ലിയിലെ ആത്മീയ ടൂറിസം

സൂര്യനെല്ലിയിൽ ചില റിസോർട്ടുകളൊക്കെയുള്ള ടോം സഖറിയ സ്പിരിറ്റ് ഓഫ് ജീസസിലൂടെ ലക്ഷ്യമിട്ടത് ആത്മീയ ടൂറിസം വ്യാപാരമായിരുന്നു. പെന്തക്കോസ്ത് - കത്തോലിക്കാ ശൈലികളെ സംയോജിപ്പിച്ചുകൊണ്ടു പ്രത്യേക രീതിയിലുള്ള ആത്മീയ പരിപാടികൾ ആവിഷ്കരിച്ചതിനാൽ പല സഭകളിൽ നിന്നായി വിശ്വാസികൾ സ്പിരിറ്റ് ഇൻ ജീസസിലേക്കൊഴുകി. കേരളത്തിന് പുറത്ത് തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും യുഎഇ, ആസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കും സ്പിരിറ്റ് ഇൻ ജീസസ് വളർന്നു.

സൂര്യനെല്ലിയിൽ 'മേരീലാൻഡ്' എന്ന ഒരു ആത്മീയ കേന്ദ്രം ടോം സഖറിയ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ മാതാവിന്റെ ഒരു ഗ്രോട്ടോയും കൃഷിയിടങ്ങളിലെ ഗ്രീൻ ഹൗസിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രാർത്ഥനാ ഹാളുമാണ് ഉള്ളത്. മികച്ച കാലാവസ്ഥയും ടൂറിസം പ്രാധാന്യവുമുള്ള ഒരു ഭൂപ്രദേശത്ത് ആത്മീയ ടൂറിസം വ്യവസായത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുകയാണ് ടോം സഖറിയ.


'മേരീ ലാൻഡിൽ' നിന്നും എട്ടു കിലോമീറ്റർ ദൂരത്തായാണ് ഇപ്പോൾ പൊളിച്ചു മാറ്റിയ കുരിശു സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിക്കിടക്കുന്ന മലമുകളിലെ കുരിശിനു മേൽ ഒരു 'ദിവ്യാദ്ഭുതം' കൂടി സംഭവിച്ചതോടെ വിശ്വാസികളുടെ വരവ് കൂടി.

'സൂര്യാത്ഭുതം അഥവാ മിറാക്കിൾ ഓഫ് സൺ'

'മിറാക്കിൾ ഓഫ് സൺ

' എന്ന 'ദിവ്യാത്ഭുതം' നടക്കുന്നത് 1917 ഒക്ടോബർ 13നാണ്. പോർച്ചുഗലിലെ ഫാത്തിമയിലാണ് ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് മുന്നിൽ സൂര്യാത്ഭുതം നടന്നതായി വിശ്വസിക്കപ്പെടുന്നത്. സൂര്യജ്വാലകൾ ഇറങ്ങിവരുന്നതായും സൂര്യൻ നൃത്തം വെക്കുന്നതായും വൃത്താകൃതിയിൽ സൂര്യജ്വാലകൾ ചുഴറ്റുന്നതായും കണ്ടതായി പലരും സാക്ഷ്യം പറഞ്ഞു. ഇതിനെ ദിവ്യാത്ഭുതമായി 1930 ഒക്ടോബറിൽ കത്തോലിക്കാ സഭ അംഗീകരിച്ചു. പിന്നീട് പലതവണ സൂര്യാത്ഭുതത്തിന്റെ കഥ അവിടെ നിന്നും കേട്ടു.


ഫാത്തിമയിലെ ദിവ്യാത്ഭുതത്തിന്റെ നൂറു വർഷങ്ങൾക്കിപ്പുറത്ത് മൂന്നാറിലെ കുരിശിനു മുകളിൽ സൂര്യാത്ഭുതം കണ്ടെന്നാണ് സ്പിരിറ്റ് ഇൻ ജീസസിന്റെ അവകാശവാദം. സൂര്യനെല്ലിയിലെ മേരിലാൻഡിൽ നിന്നും കുരിശിന്റെ വഴി പാപ്പാത്തിച്ചോലയിലെത്തിയപ്പോഴായിരുന്നു ആ 'മഹാത്ഭുതം'. സൂര്യാത്ഭുതത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ക്യാമറകളും പകർത്തി. പലതവണ സൂര്യൻ 'അത്ഭുതം' കാട്ടി. തീജ്വാലകൾ വട്ടം ചുഴറ്റുകയോ സൂര്യനിൽ സ്ഫോടനം നടക്കുകയോ ചെയ്യുന്ന മട്ടിൽ പലതവണ 'അത്ഭുതം' നടന്നു.

സൂര്യാത്ഭുതത്തിന്റെ അന്തർദേശീയ മാർക്കറ്റിംഗ് സാധ്യതകൾ

ഫാത്തിമയിലെ സൂര്യാത്ഭുതത്തിന്റെ നൂറാം വാർഷികത്തിൽ, സൂര്യന്റെ നാമധേയത്തിൽ അറിയപ്പെടുന്ന സൂര്യനെല്ലിയിൽ സൂര്യാത്ഭുതം നടക്കുന്നതിന് ആഗോള തലത്തിൽ മാർക്കറ്റിംഗ് സാധ്യതകൾ ഉണ്ട്. ഫാത്തിമയിൽ സംഭവിച്ചതിനു സമാനമായി ആഗോള കത്തോലിക്കാ സമൂഹം സൂര്യനെല്ലിയിലേക്ക് പറന്നിറങ്ങും. കോടികളുടെ സാമ്രാജ്യം കെട്ടിയുയർത്താനുള്ള ആദ്യ തൂൺ മാത്രമായിരുന്നു പാപ്പാത്തിമലയിലെ സ്റ്റീൽ കുരിശ്.


പാപ്പാത്തിമലയിൽ സൂര്യാത്ഭുതം നടന്നെന്ന വാർത്തകൾ വന്നതിനു പിന്നാലെ നിരവധി സന്ദർശകരാണ് ഇവിടെ എത്താൻ തുടങ്ങിയത്. കെപിസിസിയുടെ ഔദ്യോഗിക ചാനലായ ജയ്‌ഹിന്ദിലും സൂര്യ ടിവിയിലും സംപ്രേഷണം ചെയ്യുന്ന സ്പിരിറ്റ് ഇൻ ജീസസിന്റെ ആത്മീയ പരിപാടികളിലൂടെ 'ദിവ്യാത്ഭുത'ത്തിനു വലിയ പ്രചാരണമാണ് നൽകിയത്.

സോഷ്യൽ മീഡിയയിലൂടെയും സൂര്യാത്ഭുതത്തിന്റെ കഥകളും ദൃശ്യങ്ങളും പ്രചരിപ്പിച്ചു. വാമൊഴിയായും പ്രസിദ്ധീകരങ്ങളായും ദിവ്യാത്ഭുതകഥ പ്രചരിക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ ഒഴുകിയെത്തിയത് കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള 'തീർത്ഥാടകരാണ്'.

പ്രദേശവാസികളിൽ പലരും അവിടെ ഒരു കുരിശുണ്ടെന്നു ശ്രദ്ധിക്കാൻ തുടങ്ങിയത് തന്നെ സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയതിൽ പിന്നെയാണ്. നാല് വർഷങ്ങൾക്ക് മുൻപ് മേരീലാൻഡിലെ മാതാവിന്റെ ഗ്രോട്ടോയുടെ മുകൾഭാഗം കോൺക്രീറ്റ് ചെയ്യുമ്പോൾ സൂര്യാത്ഭുതം നടന്നു എന്ന് പ്രചാരണങ്ങളുണ്ടായിരുന്നെങ്കിലും അന്ന് അത് ഒട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അന്ന് മദർ മേരിയുടെ അരുളിപ്പാടുണ്ടായിരുന്നു എന്ന് വരെ അവകാശവാദങ്ങളുയർന്നിരുന്നു!

പാപ്പാത്തിച്ചോലയിലെ കുരിശിന്റെ ചരിത്രം

പാപ്പാത്തിച്ചോലയിൽ മുൻപേ ഒരു കുരിശുണ്ടായിരുന്നു - ഒരു മരക്കുരിശ്. തമിഴ്‌നാട്ടിൽ നിന്നും ജീവിതം തേടിയെത്തിയ ദ്രാവിഡർ മതം മാറി ക്രിസ്ത്യാനികളായപ്പോൾ അവരുടെ പ്രാർത്ഥനാകേന്ദ്രം കൂടിയായിരുന്നു അത്. മരിയ സൂസെ എന്ന തമിഴ്‌വംശജന്റെ തലമുറ കൈവശം വെക്കുകയും പലതവണ പട്ടയത്തിനായി അപേക്ഷ നൽകുകയും ചെയ്ത ഭൂമിയിലാണ് കുരിശു സ്ഥിതി ചെയ്യുന്നത് എന്ന സ്പിരിറ്റ് ഇൻ ജീസസിന്റെ വാദം ശരിയാവാനാണ് സാധ്യതയും. എന്നാൽ മരത്തിൽ നിന്നും സ്റ്റീലിലേക്ക് കുരിശിനു രൂപാന്തരം സംഭവിച്ച കഥ സ്പിരിറ്റ് ഇൻ ജീസസിന്റെ ആത്മീയ കച്ചവടത്തിന്റെ ചരിത്രം കൂടിയാണ്.


സർക്കാർ ഭൂമിയിലെ കയ്യേറ്റം എന്നതിനപ്പുറത്ത് ആഗോളതലത്തിൽ പടർന്നു പന്തലിക്കാനൊരുങ്ങുന്ന ആത്മീയ കച്ചവട സംഘത്തെ നിയന്ത്രിക്കാൻ സർക്കാരിന് എങ്ങനെ സാധിക്കും എന്നുകൂടി കണ്ടറിയേണ്ടിയിരിക്കുന്നു.

കത്തോലിക്കാ സഭ പുറത്താക്കിയ 'സ്പിരിറ്റ് ഇൻ ജീസസ്'

ഇരുപത്തഞ്ചു വർഷത്തെ പാരമ്പര്യമുള്ള 'ആത്മീയ നവീകരണ' പ്രസ്ഥാനമാണ് സ്പിരിറ്റ് ഇൻ ജീസസ്. ടോം സഖറിയ സൂര്യനെല്ലിയിൽ ആരംഭിച്ച പ്രസ്ഥാനം ക്രമേണ മറ്റു രൂപതകളിലേക്കും സംസ്ഥാനത്തേക്കും പ്രവാസി കത്തോലിക്കരുള്ള മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വളർന്ന 'സ്പിരിറ്റ് ഇൻ ജീസസ്' പ്രസ്ഥാനം പിന്നീട് കത്തോലിക്കാ സഭയ്ക്ക് തന്നെ തലവേദനയായി.

'സ്പിരിറ്റ് ഇൻ ജീസസ്' കത്തോലിക്കാ സഭയുടെ ചട്ടക്കൂടിൽ നിന്നും വഴിമാറി നടക്കുകയും 'വിശ്വാസം - പാപമോചനം - മരണാന്തരജീവിതം' എന്നീ വിഷയങ്ങളിൽ പുതിയ പ്രബോധനങ്ങൾ ഇറക്കുകയും ക്രമേണ പുരോഹിത നിയന്ത്രണമില്ലാത്ത ഒരു വിശ്വാസി സമൂഹത്തെ നിർമ്മിച്ചെടുക്കുകയും ചെയ്തു.


ഭസ്മാസുരനു വരം കൊടുത്ത പരമശിവന്റെ നിലയിലേക്കു കാര്യങ്ങൾ നീങ്ങുന്നുവെന്ന് ആദ്യം തിരിച്ചറിഞ്ഞതു സീറോ മലബാർ സഭയാണ്. കത്തോലിക്കാ വിശ്വാസരീതികളും പെന്തകോസ്ത് ശൈലിയിലുള്ള വേദപുസ്തക വ്യാഖ്യാനങ്ങളും ഉപയോഗിച്ച് സ്പിരിറ്റ് ഇൻ ജീസസ് വിശ്വാസികളെ സഭയിൽ നിന്ന് അടർത്തിയെടുത്ത് സ്വയം മറ്റൊരു അധികാര - കച്ചവട കേന്ദ്രമാകുന്നു എന്ന തിരിച്ചറിവു കൂടിയായിരുന്നു അത്.

സീറോ മലബാർ സഭ സ്പിരിറ്റ് ഇൻ ജീസസിനെ തങ്ങളുടെ വരുതിയിൽ നിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് സഭയും സ്പിരിറ്റ് ഇൻ ജീസസും നേർക്കു നേർ വന്നു. 2015 ഏപ്രിലിൽ സ്പിരിറ്റ് ഇൻ ജീസസിന്റെ പ്രബോധനങ്ങളെ സംബന്ധിച്ചു വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടു കെസിബിസി നൽകിയ കത്തിനു മറുപടി നല്കാതിരുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഒടുക്കം 2016 ജൂണിൽ കെസിബിസി പുറത്തിറക്കിയ ഒരു സർക്കുലറിലൂടെ സഭ ഔദ്യോഗികമായി സ്പിരിറ്റ് ഇൻ ജീസസിനെ തള്ളിപ്പറഞ്ഞു. സ്പിരിറ്റ് ഇൻ ജീസസുമായി ചേർന്നു പ്രവർത്തിക്കുന്നവർക്കെതിരെ സഭാപരമായ ശിക്ഷണ നടപടികളെടുക്കും എന്ന മുന്നറിയിപ്പും നൽകാൻ സഭ മറന്നില്ല. അതുകൊണ്ടു തന്നെയാണ് കുരിശു തകർന്നപ്പോൾ ഉടൻ പ്രതികരണം നൽകാൻ സഭ തയ്യാറാകാതിരുന്നതും.

loading...