കുരിശുനാട്ടിയത് ഭൂമി കയ്യേറാന്‍; മൂന്നാറില്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചത് ആത്മീയടൂറിസം കച്ചവടമാക്കാനുള്ള ഗൂഢപദ്ധതി

തൃശ്ശൂര്‍ ആസ്ഥാനമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കയ്യേറിയ സ്ഥലത്തെ 'അനിധികൃത കുരിശാ'ണ് മൂന്നാറില്‍ ഇന്നു പൊളിച്ചു നീക്കിയത്. സമീപത്തെ നൂറു കണക്കിന് ഏക്കര്‍ സ്ഥലവും സംഘടന കയ്യേറിയിട്ടുണ്ട്. കുരിശിന്റെ മറവില്‍ സ്ഥലം കയ്യേറി ആത്മീയ ടൂറിസമാണ് ഇവര്‍ ലക്ഷ്യംവച്ചത്.

കുരിശുനാട്ടിയത് ഭൂമി കയ്യേറാന്‍; മൂന്നാറില്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചത് ആത്മീയടൂറിസം കച്ചവടമാക്കാനുള്ള ഗൂഢപദ്ധതി

മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ പൊളിച്ച ഭീമന്‍ കുരിശ് സ്ഥാപിച്ചിരുന്നത് ആത്മീയ ടൂറിസം വളർത്താൻ. തൃശ്ശൂര്‍ കേന്ദ്രമായുള്ള സ്പിരിറ്റ് ഇന്‍ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടനയുടേതാണ് കുരിശ്. ബ്രദര്‍ ടോം സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘടനയാണിത്. കുരിശ് സ്ഥാപിച്ചിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വ്വേ നമ്പറില്‍ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ കുരിശിന് സമീപത്തെ നൂറുകണക്കിന് ഏക്കര്‍, സ്പിരിറ്റ് ഇന്‍ ജീസസ് കയ്യേറിയിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ഇയാളുമായി അടുത്ത സൗഹൃദമാണുള്ളത്. ഒരിക്കല്‍ കുരിശ് പൊളിച്ചു മാറ്റാന്‍ എത്തിയപ്പോള്‍ സിപിഐഎം നേതാവിന്റെ നേതൃത്വത്തില്‍ റവന്യൂ സംഘത്തെ തടഞ്ഞതായും ആരോപണം നിലനില്ക്കുന്നുണ്ട്.

പാപ്പാത്തിച്ചോലയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ടോം സക്കറിയയുടെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതതയില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതായി പ്രദേശവാസികളും വെളിപ്പെടുത്തുന്നുണ്ട്. ഇവിടങ്ങളിലെത്തുന്നവരെ കുരിശടിയിലും പാപ്പാത്തിച്ചോലയിലുമെത്തിച്ച് പണമുണ്ടാക്കുകയായിരുന്നു ഇവരുടെ രീതി. കുരിശ് സ്ഥാപിച്ചതിനു സമീപമായി പണിത ഷെഡ് ധ്യാനം നടത്താനായിരുന്നതായും നാട്ടുകാർ പറയുന്നു.

രണ്ടുവര്‍ഷം മുമ്പ് ചെറിയ കുരിശ് ഇവിടെ സ്ഥാപിച്ചിരുന്നു. ഭീമന്‍ കുരിശിന്റെ നിര്‍മ്മാണം മൂന്നുമാസം മുമ്പാണ് ആരംഭിച്ചത്. ഒന്നര മാസത്തിനു ശേഷം സബ് കലക്ടര്‍ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നെങ്കിലും ഇവര്‍ വഴങ്ങിയില്ല. നോട്ടീസിന്റെ സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കുരിശ് പൊളിച്ചു നീക്കാനുള്ള നടപടിയുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയത്. മുമ്പ് രണ്ടുതവണ ഇതേ കുരിശ് പൊളിച്ചു മാറ്റാന്‍ റവന്യൂസംഘം എത്തിയിരുന്നെങ്കിലും വിഷയത്തെ മതപരമായ പ്രശ്നമാക്കുമോയെന്ന് ഭയന്ന് പിന്മാറുകയായിരുന്നു.

ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സ്പിരിറ്റ് ഇന്‍ ജീസസിന്റെ തൃശ്ശൂര്‍ ഓഫീസുമായി നാരദാന്യൂസ് ബന്ധപ്പെട്ടിരുന്നു. ടോം സക്കറിയ വിദേശത്താണെന്നും അദ്ദേഹം വന്നതിനു ശേഷം കാര്യങ്ങള്‍ വിശദീകരിക്കുമെന്നുമാണ് ലഭിച്ച മറുപടി.