പിണറായിക്കൊപ്പം വേദി പങ്കിടുന്നതില്‍ നിന്നും കൂടങ്കുളം സമര നേതാവ് ഉദയകുമാര്‍ പിന്‍മാറി

ജിഷ്ണു പ്രണോയി കേസിലടക്കം ആഭ്യന്തര മന്ത്രിയും കേരള പോലീസും നിഷ്‌ക്രിയമാണെന്ന് ആരോപിച്ചാണ് തീരുമാനം.

പിണറായിക്കൊപ്പം വേദി പങ്കിടുന്നതില്‍ നിന്നും കൂടങ്കുളം സമര നേതാവ് ഉദയകുമാര്‍ പിന്‍മാറി

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടുന്നതില്‍ നിന്ന് കൂടങ്കുളം സമര നേതാവ് എസ് പി ഉദയകുമാര്‍ പിന്‍മാറി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉദയകുമാര്‍ ഇക്കാര്യമറിയിച്ചത്.

പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

കേരള പോലീസിനേയും മുഖ്യമന്ത്രിയേയുമോര്‍ത്ത് അപമാനം തോന്നുന്നു.

ഞാന്‍ ഏറെ നാളായി പങ്കെടുക്കാന്‍ ആകാംക്ഷയോടെ കാത്തിരുന്ന പരിപാടിയാണ് ഇന്ന് വൈകിട്ട് നാലിന് തിരുവല്ലയില്‍ നടക്കുന്ന ഡയനാമിക് ആക്ഷന്‍ മാഗസിന്റെ 50ാം വാര്‍ഷികാഘോഷവും എം ജെ ജോസഫിന്റെ 85ാം ജന്മദിനാഘോഷവും. ഈ പരിപാടിയില്‍ പങ്കെടുക്കുക വഴി ഇറോം ഷര്‍മിളയെ കാണാം എന്ന ആഹ്ലാദത്തിലുമായിരുന്നു ഞാന്‍. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നതിനാല്‍ ഞാനീ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇന്ത്യയിലെ ഒരു പൗരനും രണ്ട് ആണ്‍കുട്ടികളുടെ പിതാവുമായ എനിക്ക് ജിഷ്ണു പ്രണോയിയെന്ന വിദ്യാര്‍ത്ഥി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. ഈ സംഭവവുമായി ബന്ധപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയും ബന്ധുക്കളും കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്ത് നടത്തിയ സമരത്തെ വളരെ ക്രൂരമായാണ് പോലീസ് നേരിട്ടത്. സ്വന്തം മകന്‍ നഷ്ടമായ ഒരു അമ്മയെ ഇത്തരത്തിലാണോ പോലീസ് നേരിടേണ്ടത്?

എന്നാല്‍ കുറ്റാരോപിതനായ നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ആവശ്യമുള്ളപ്പോഴൊക്കെ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം ദുഖകരവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുക്കാത്തതിന് കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ നന്ദുവെന്ന പ്ലസ്ടു വിദ്യാര്‍ത്ഥി കൊല ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ നടക്കുമ്പോള്‍ എനിക്ക് കേരള മുഖ്യമന്ത്രിയോടൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനാവില്ല. അതിനാല്‍ ഞാനീ പരിപാടി ബഹിഷ്‌കരിക്കുകയാണ്. എന്റെ തീരുമാനം കൊണ്ടുണ്ടായ ബുദ്ധിമുട്ടിന് ഞാന്‍ പരിപാടിയുടെ സംഘാടകരോട് ക്ഷമ ചോദിക്കുന്നു. കേരളത്തിലെ കൊലപാതക രാഷ്ട്രീയം അവസാനിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.എസ് പി ഉദയകുമാര്‍കോര്‍ഡിനേറ്റര്‍പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിപച്ചൈ തമിഴകം പാര്‍ട്ടി