ധനുഷ് മലയാള സിനിമയിലേക്ക്: അണിയറയില്‍ ഒരുങ്ങുന്നത് മൂന്ന് സിനിമകള്‍

തീര്‍ത്തും വ്യത്യസ്ഥമായ മൂന്ന് ശൈലിയിലുള്ള ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിനി സ്റ്റുഡിയോ എന്ന നിര്‍മ്മാണ കമ്പനി

ധനുഷ് മലയാള സിനിമയിലേക്ക്: അണിയറയില്‍ ഒരുങ്ങുന്നത് മൂന്ന് സിനിമകള്‍

മലയാള സിനിമ എക്കാലത്തും അറിയപ്പെട്ടിട്ടുള്ളത് വ്യത്യസ്ഥ ശ്രേണിയിലുള്ള സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട ഒരു പ്രാദേശിക സിനിമ സംസ്‌കാരം എന്ന രീതിയിലാണ്. കള്ളന്‍ പവിത്രനും കാലാപാനിയും വൈശാലിയും പപ്പന്‍ പ്രിയപ്പെട്ട പപ്പനും റാംജിറാവു സ്പീക്കിങ്ങും അടക്കം പല വിഭാഗത്തിലുള്ള സിനിമകള്‍ ഇവിടെ പല കാലങ്ങളിലായി സംഭവിച്ചിട്ടുണ്ട്. ചങ്കുറപ്പുള്ള നിര്‍മ്മാതാക്കളുടെ സാന്നിദ്ധ്യം തന്നെയാണ് ഇത്തരം വൈവിധ്യങ്ങള്‍ക്ക് കാരണമായിട്ടുള്ളത്.

ചെറിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമ വീണ്ടും ഇതേ സവിശേഷതയിലേക്ക് തിരിച്ചു വരുന്ന പ്രവണതയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പ്രേമം, മഹേഷിന്റെ പ്രതികാരം, ഒഴിവു ദിവസത്തെ കളി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്. തീര്‍ത്തും വ്യത്യസ്ഥമായ മൂന്ന് ശൈലിയിലുള്ള ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മിനി സ്റ്റുഡിയോ എന്ന നിര്‍മ്മാണ കമ്പനി.

നിവിന്‍ പോളിയുടെ ഗീതു മോഹന്‍ ദാസ് ചിത്രം മുത്തോന്‍, അരുണ്‍ ഡൊമിനികിന്റെ ടൊവിനോ ചിത്രം തരംഗം, അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ റൊമാന്റിക്ക് കോമഡി ചിത്രം ലഡു തുടങ്ങിയവയാണ് അണിയറയില്‍ പുരോഗമിക്കുന്നത്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസാണ് മിനി സ്റ്റുഡിയോയുടെ ചുക്കാന്‍ പിടിക്കുന്നത് എന്നത് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന വസ്തുതയാണ്.


രണ്ടു ദേശങ്ങളുടെ സിനിമ ഐക്യത്തിനു വഴിയൊരുക്കുന്നതാകട്ടെ ഈ ചിത്രങ്ങളുടെ ലൈന്‍ പ്രൊഡ്യൂസര്‍കൂടിയായ സുകുമാര്‍ തെക്കേപ്പാട്ട് എന്ന തൃശ്ശൂര്‍ സ്വദേശിയും. അനുരാഗ് കശ്യപ്, രാജീവ് രവി തുടങ്ങിയ വമ്പന്‍ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ബോംബെയില്‍ മൂത്തോന്‍ ഒരുങ്ങുന്നത്. നിവിന്‍ പോളിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ച ഇതിനകം തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ടൊവിനോയ്ക്ക് പുറമെ ബാലു വര്‍ഗീസ് മനോജ് കെ ജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന തരംഗം ഒരു വ്യത്യസ്ഥ എഡിറ്റിംഗ് ശൈലി പിന്‍തുടരുന്ന മലയാള ചിത്രമാകും. ഡൊമിനികിന്റെ ഷോര്‍ട്ട് ഫിലിം മൃത്യുഞ്ജയം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ഫിലിം നോയര്‍ പരീക്ഷണമാണ്.


ശമ്പരീഷ് വര്‍മ്മ, ബാലു വര്‍ഗ്ഗീസ്, വിനയ് ഫോര്‍ട്ട്, പാഷാണം ഷാജി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രമായ ലഡുവിന്റെ സംഗീതം നിര്‍വഹിക്കുന്നത് രാജേഷ് മുരുകേശനാണ്. രാജീവ് രവിയുടെയും സുധീഷ് പപ്പുവിന്റെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള അരുണ്‍ ജോര്‍ജ് കെ ഡേവിഡിന്റെ ആദ്യത്തെ സംവിധാന സംരംഭമാണ് ലഡൂ.തീര്‍ത്തും വ്യത്യസ്ഥമായ മൂന്നു ചിത്രങ്ങളെയും പൂര്‍ണ്ണ പിന്തുണ നല്‍കി നിര്‍മ്മിക്കാന്‍ മിനിസ്റ്റുഡിയോ പോലെയുള്ള കമ്പനികള്‍ കാണിക്കുന്ന ആര്‍ജവും ചങ്കൂറ്റവും മലയാള സിനിമയുടെ നല്ല കാലത്തിലേക്കുള്ള യാത്രയുടെ ലക്ഷണമായി വായിക്കപ്പെടാവുന്നതാണ്.