നിഷാം ജയിലിൽ 'സുഖത്തിന്റെ' തടവിൽ; പിണറായിക്കു പരാതിയുമായി കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മകൻ

ഹൈക്കോടതിയിലും കേസിന്റെ തുടര്‍ നടത്തിപ്പിനുമായി അഡ്വ സി പി ഉദയഭാനുവിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അനുവദിച്ചുതരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.

നിഷാം ജയിലിൽ സുഖത്തിന്റെ തടവിൽ; പിണറായിക്കു പരാതിയുമായി കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ മകൻ

പ്രതി നിഷാമിന് ജയിലില്‍ സുഖസൗകര്യങ്ങള്‍ ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയും അച്ഛനു നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് തൃശൂര്‍ ശോഭാ സിറ്റിയില്‍ കൊലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ മകന്‍ അമല്‍ദേവിന്റെ കത്ത്.

ഹൈക്കോടതിയിലും കേസിന്റെ തുടര്‍ നടത്തിപ്പിനുമായി അഡ്വ സി പി ഉദയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അനുവദിച്ചുതരണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. പണസ്വാധീനം ഉപയോഗിച്ച് നിസാം കണ്ണൂര്‍ സെന്റര്‍ ജയിലില്‍ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഓര്‍മ്മിപ്പിച്ചുമാണ് അമല്‍ദേവ് തുറന്ന കത്തെഴുതിയിരിക്കുന്നത്. നിസാം തന്റെ പണസ്വാധീനം ഉപയോഗിച്ച്, കുറ്റവാളികള്‍ക്ക് നിയമംമൂലം ലഭിക്കുന്നതിലും ഉപരി സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായും ശിക്ഷയില്‍നിന്നും ഇളവ് നേടി പുറത്തു വരാന്‍ കാണിച്ചുകൂട്ടുന്നതെല്ലാം ദിനംപ്രതി മാധ്യമങ്ങളില്‍ വാര്‍ത്തയാവുന്നതായും അമല്‍ തന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം:

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, സഖാവ് പിണറായി വിജയന്‍ വായിച്ചറിയുവാന്‍, ഒരു തുറന്ന കത്ത്,

തൃശ്ശൂര്‍ ജില്ലയില്‍ ശോഭ സിറ്റിയില്‍വെച്ച് ക്രൂരമായി നിഷാം എന്ന ആളാല്‍ കൊലചെയ്യപ്പെട്ട കാട്ടുങ്ങല്‍ ചന്ദ്രബോസ് മകന്‍ അമല്‍ദേവ് ബോധിപ്പിക്കുന്ന പരാതി. സഖാവേ എന്റെ അച്ഛന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാം തന്റെ പണസ്വാധീനം ഉപയോഗിച്ച്, കുറ്റവാളികള്‍ക്ക് നിയമംമൂലം ലഭിക്കുന്നതിലും ഉപരി സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായും ശിക്ഷയില്‍നിന്നും ഇളവ് നേടി പുറത്തു വരാന്‍ കാണിച്ചുകൂട്ടുന്നതെല്ലാം ദിനംപ്രതി മാധ്യമങ്ങളില്‍ വാര്‍ത്തവന്നുകൊണ്ടിരിക്കുകയാണ്.

അച്ഛന്റെ വേര്‍പാടില്‍ ദുഖിച്ചിരിക്കുന്ന എന്നെയും കുടുംബത്തെയും അങ്ങ് പാര്‍ടി സെക്രട്ടറിയായിരുന്ന സമയത്ത് വന്ന് ആശ്വസിപ്പിക്കുകയും എന്റെ എന്തുസഹായത്തിനും ഒപ്പം ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. അങ്ങയുടെ മുഖ്യമന്ത്രി ഓഫീസില്‍ കുറച്ചുമാസങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മയും വീട്ടുകാരും വന്ന് അഡ്വ സി പി ഉദയഭാനു സാറിനെ ഹൈക്കോടതിയിലും തുടര്‍ന്നുള്ള കേസിന്റെ മേല്‍കോടതി വാദങ്ങള്‍ക്കുമെല്ലാം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആക്കിത്തരണമെന്നും അപേക്ഷയില്‍ അങ്ങയുടെ മറുപടി ഒന്നും കിട്ടിയില്ല. എന്റെ അച്ഛനു ലഭിച്ച നീതി നഷ്ടപ്പെടാതിരിക്കാന്‍ ഉദയഭാനു സാറിനെ കേസിന്റെ ഇനിയുള്ള നടപടി നടത്തിപ്പിന് ചുമതലപ്പെടുത്തിത്തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.