പാര്‍പ്പിട സമുച്ചയവുമായി ചേരികളോട് 'സോളിഡാരിറ്റി'; ചേരിയിലെ 21 കുടുംബങ്ങള്‍ ഇനി ബഹുനിലയില്‍

ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ താമസിക്കുന്ന ഭവനരഹിതരായ ആളുകള്‍ക്കാണ് സണ്‍റൈസ് കൊച്ചി എന്ന പേരില്‍ 'സോളിഡാരിറ്റി' പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചു നല്‍കിയത്. അമിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അയല്‍ക്കൂട്ടങ്ങളില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. ഞായറാഴ്ച സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫ്‌ളാറ്റ് സമുച്ചയം സമര്‍പ്പിക്കും.

പാര്‍പ്പിട സമുച്ചയവുമായി ചേരികളോട് സോളിഡാരിറ്റി; ചേരിയിലെ  21 കുടുംബങ്ങള്‍ ഇനി ബഹുനിലയില്‍

സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫ്‌ളാറ്റ് സമുച്ചയം ഞായറാഴ്ച ഗുണഭോക്താക്കള്‍ക്ക് കൈമാറും. കൊച്ചി കോര്‍പ്പറേഷൻ രണ്ടാം ഡിവിഷനിലെ തുരുത്തിയിലാണ് നാല് നിലയില്‍ പാര്‍പ്പിട സമുച്ചയം പണിതീര്‍ത്തിരിക്കുന്നത്. 21 കുടുംബങ്ങള്‍ക്കാണ് സണ്‍റൈസ് കൊച്ചി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ഫ്‌ളാറ്റുകള്‍ നല്‍കുന്നത്.

ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ നിയമസഭാസ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഫ്‌ളാറ്റുകള്‍ കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.12 സെന്റ് സ്ഥലത്താണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. 12000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ നിര്‍മ്മിച്ച് അപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ആര്‍ക്കിടെക്ട് ജി ശങ്കറാണ്. 2013-ല്‍ നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് രണ്ടു കോടിയോളം രൂപ ചെലവിട്ടതായി പ്രൊജക്ട് ഡയറക്ടര്‍ മുഹമ്മദ് ഉമര്‍ വ്യക്തമാക്കി.

മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലെ 69 സ്വയം സഹായ സംഘങ്ങളില്‍ അയ്യായിരത്തിലധികം കുടുംബങ്ങള്‍ സണ്‍റൈസ് കൊച്ചിയില്‍ അംഗങ്ങളായുണ്ട്. ഇവരില്‍ നിന്നാണ് അർഹരായ 21 കുടുംബങ്ങളെ തെരഞ്ഞെടുത്തത്. വീടില്ലാത്തവര്‍, കുട്ടികള്‍ പഠിക്കുന്നവര്‍, മദ്യപാനികളല്ലാത്തവര്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 340-പേരെ അയല്‍ക്കൂട്ടങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും ഭാരവാഹികള്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ സീറോ ലാന്‍ഡ്‌ലെസ്സ് കേരളാ പദ്ധതിയില്‍ അപേക്ഷിച്ച അംഗീകൃത അപേക്ഷകരുടെ കണക്ക് പ്രകാരം മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി വില്ലേജുകളിലായി അയ്യായിരത്തിലധികം കുടുംബങ്ങള്‍ ഭവനരഹിതരായുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭവനരഹിതര്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശമാണ് മട്ടാഞ്ചേരി. അതിനാലാണ് ഈ പ്രദേശത്ത് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.- രഹനാസ്, ജില്ലാ സെക്രട്ടറി, സോളിഡാരിറ്റി

ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ടെറസ്സില്‍ സ്വയം തൊഴില്‍ പരിശീലനം നടത്താല്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു . പള്ളുരുത്തിയില്‍ അറുപത് സെന്റ് ഭൂമി സണ്‍റൈസ് കൊച്ചിയ്ക്ക് സൗജന്യമായി ലഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പാര്‍പ്പിട നിര്‍മ്മാണ പദ്ധതിയായ ലൈഫിന് ഈ സ്ഥലം വിട്ടുനില്‍കാന്‍ തയ്യാറാണെന്ന് സബ്‌കളക്ടറെ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.