സ്ത്രീയെ അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മംഗളം ന്യൂസ്‌ എഡിറ്റര്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

രാജിവച്ച മന്ത്രി ശശീന്ദ്രനെ വീണ്ടും അപമാനിക്കാന്‍ ശ്രമം. മംഗളത്തിന്റെ ന്യൂസ്‌ എഡിറ്ററാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പുറത്തുവിട്ടത് - പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സ്ത്രീയെ അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മംഗളം ന്യൂസ്‌ എഡിറ്റര്‍; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

മന്ത്രി ശശീന്ദ്രന്റേതെന്നു പറയുന്ന സ്വകാര്യ സംഭാഷണം പുറത്തുവിട്ട് ന്യൂസ് പോണോഗ്രഫിക്കു തുടക്കമിട്ട മംഗളം ചാനലിലെ ന്യൂസ്‌ എഡിറ്ററിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രതിഷേധമുയര്‍ത്തുന്നു. മന്ത്രി ഒരു നാടമുറിക്കല്‍ ചടങ്ങില്‍ അടുത്തു നില്‍ക്കുന്ന സ്ത്രീയോടു ചിരിച്ചു സംസാരിക്കുന്ന ചിത്രമാണു ഷാര്‍പ് ഐ എന്ന വാട്ട്സപ്പ് ഗ്രൂപ്പില്‍ ഇട്ടതെന്നു ഫേസ്ബുക്ക് പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു.


മന്ത്രിയുടെ സദാചാരത്തെ ആക്ഷേപിക്കാനും മംഗളം ചാനലിനെ ന്യായീകരിക്കാനും ഇട്ട പോസ്റ്റ് പ്രദീപിനെ തിരിഞ്ഞു കടിക്കുകയാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്നും സ്‌ക്രീന്‍ ഷോട്ടെടുത്ത് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച് പ്രതിഷേധിക്കുന്നവര്‍ ചിത്രത്തിലെ സ്ത്രീയുടെ മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ പ്രദീപ് സ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ ആണു ചിത്രം ഗ്രൂപ്പിലിട്ടതെന്നാണ് ആക്ഷേപം.

ശശീന്ദ്രനുമായി ബന്ധപ്പെട്ട വാര്‍ത്തയെ ചാനലില്‍ വിചാരണ ചെയ്തയാളാണു പ്രദീപ്. പരാതിക്കാരിയുടെ ശബ്ദം പോലും പുറത്തു വിടാന്‍ ഇനിയും ചാനല്‍ തയ്യാറാവാത്തതു വിമര്‍ശിക്കപ്പെടുന്നതിന് ഇടയിലാണു ശശീന്ദ്രനെ അപമാനിക്കാനെന്ന വിധം സ്ത്രീയെ അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.