സ്വന്തം വാക്കുകള്‍ സന്ദീപാനന്ദഗിരിയെ തിരിഞ്ഞുകൊത്തുന്നു: സുരേന്ദ്രന്റെ അമ്മയ്ക്കുവിളിച്ചും സഹോദരിമാരെ അധിക്ഷേപിച്ചും സ്വാമിയുടെ ഹിംസ

സ്ത്രീവിരുദ്ധവും ഹിംസാത്മകവുമായി സ്വാമി സന്ദീപാനന്ദഗിരി ബിജെപി നേതാവ് കെ.സുരേന്ദ്രനെ ആക്രമിച്ചതിനെതിരെ വിമര്‍ശനം ഉയരുന്നു. സുരേന്ദ്രന്റെ അമ്മയേയും സഹോദരിമാരെയും പോലും സന്ദീപാനന്ദഗിരി അനാവശ്യമായി വലിച്ചിഴച്ചു.

സ്വന്തം വാക്കുകള്‍ സന്ദീപാനന്ദഗിരിയെ തിരിഞ്ഞുകൊത്തുന്നു: സുരേന്ദ്രന്റെ അമ്മയ്ക്കുവിളിച്ചും സഹോദരിമാരെ അധിക്ഷേപിച്ചും സ്വാമിയുടെ ഹിംസ

ഫേസ്ബുക്കില്‍ കെ സുരേന്ദ്രനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ സ്വാമി സന്ദീപാനന്ദഗിരിയെ തിരിഞ്ഞുകൊത്തുന്നു. തനിക്കെതിരേ കെ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍ക്കു മറുപടിയായാണ് സ്വാമി സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. എന്നാല്‍ സുരേന്ദ്രന്റെ വാക്കുകളെക്കാള്‍ ഹിംസാത്മകമായിരുന്നു. സ്വാമി സന്ദീപാനന്ദഗിരിയുടെ വാക്കുകള്‍.

കെ സുരേന്ദ്രന്റെ അമ്മയ്ക്കു വിളിച്ചും സഹോദരിമാരെ ക്രൂരമായി പരിഹസിച്ചും തയ്യാറാക്കിയ പോസ്റ്റില്‍ കടുത്ത സ്ത്രീവിരുദ്ധതയും പ്രകടമാണ്. സ്വാമി സന്ദീപാനന്ദഗിരി കള്ളസ്വാമിയാണെന്നും തട്ടിപ്പുകള്‍ നടത്തി നടക്കുകയാണെന്നുമായിരുന്നു കെ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇതിനുള്ള സ്വാമിയുടെ മറുപടി തുടങ്ങുന്നതു തന്നെ സുരേന്ദ്രന്റെ വീട്ടുകാരെ ചീത്ത വിളിച്ചുകൊണ്ടായിരുന്നു. രക്ഷിതാവിന്റെ കയ്യില്‍ നിന്ന് പണംവാങ്ങിയ വകയിലോ സുരേന്ദ്രന്റെ മാതാവില്‍ നിന്ന് വല്ലതും 'വസൂലാക്കിയ' വകയിലോ സഹോദരിമാരെ 'പീഡിപ്പിക്കാന്‍' ശ്രമിച്ചവകയിലോ ഏതു വകയിലാ ഞാന്‍ കള്ളനാകുന്നതെന്നായിരുന്നു സ്വാമിയുടെ ചോദ്യം. അമ്മയുമായും സഹോദരിമാരുമായും ലൈംഗിക ബന്ധം നടത്തിയിട്ടുണ്ടോ എന്ന ചോദ്യം സന്ദീപാനന്ദഗിരിയില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല. ഉള്ളി സുരയെന്നതടക്കമുള്ള മറ്റു പരാമര്‍ശങ്ങളുമുണ്ട്.

ആരോപണങ്ങള്‍ തെളിയിക്കണമെന്നും സ്വാമി ആവശ്യപ്പെടുന്നു. പോസ്റ്റ് പുറത്തുവന്നതിനു പിന്നാലെ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയയും സജീവമായിരുന്നു. പറഞ്ഞത് തെളിയിക്കണം, അവസാനം ഉള്ളിക്കറി പോലെയാകരുത് എന്ന, പോസ്റ്റിലെ അവസാന വരികളാണ് സോഷ്യല്‍ മീഡിയയില്‍ സുരേന്ദ്രനെതിരേ ആയുധമായത്. എന്നാല്‍ സ്വാമിയുടെ വാക്കുകളില്‍ തികഞ്ഞ സ്ത്രീവിരുദ്ധതയുടെ ഹിംസയെ സോഷ്യല്‍ മീഡിയ വിമര്‍ശന വിധേയമാക്കുകയാണ്.