മംഗളം വാര്‍ത്തക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനക്കൊടുങ്കാറ്റ്

ദൃശ്യമാധ്യമങ്ങളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാംതന്നെ മംഗളത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ഒരു ഫോണ്‍കോളായിരുന്നു അതെങ്കില്‍ എ കെ ശശീന്ദ്രനെ ക്രൂശിക്കരുതെന്നും അത് വ്യക്തമാക്കാന്‍ മംഗളത്തിന് ധാര്‍മ്മികതയുണ്ടെന്നും വലിയൊരുവിഭാഗം പ്രതികരിച്ചു.

മംഗളം വാര്‍ത്തക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനക്കൊടുങ്കാറ്റ്

മന്ത്രി എ കെ ശശീന്ദ്രനും യുവതിയും തമ്മിലുള്ള ഫോണ്‍സംഭാഷണം പുറത്തുവിട്ട മംഗളം ടിവിയുടെ നടപടിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളുയരുന്നു. വ്യക്തതയില്ലാത്ത ഓഡിയോയാണ് സംപ്രേഷണം ചെയ്തത്. യുവതിയുടെ സംഭാഷണം ഇല്ലതാനും. യുവതി പരാതി കൊടുക്കുക പോലും ചെയ്യാത്ത സാഹചര്യത്തില്‍ ഓഡിയോ ടേപ്പ് പുറത്തുവിട്ടത് ധാര്‍മ്മികതയല്ല തുടങ്ങിയ ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ മംഗളത്തിനെതിരേ ഉയരുന്നത്. ദൃശ്യമാധ്യമങ്ങളിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകരെല്ലാംതന്നെ മംഗളത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുണ്ട്.
ആദ്യവാര്‍ത്തയില്‍ത്തന്നെ മംഗളം ചാനല്‍ നിലവാരമില്ലായ്മ തെളിയിച്ചു, മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന തോന്ന്യവാസങ്ങള്‍ ജുഡീഷ്യറി ഇടപെട്ട് അവസാനിപ്പിക്കേണ്ടതുണ്ടെന്ന് പൊതുപ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍ പറഞ്ഞു.


ചാനലിനെതിരേ കേസെടുക്കണമെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കോപ്പി എഡിറ്ററായ മനില സി മോഹന്‍ പറയുന്നു. ഇത് ജേണലിസമല്ല ക്രൈമാണെന്നും മനില എഫ് ബി പോസ്റ്റില്‍ പറയുന്നു.
ഇതാണ് ജേണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചുവെന്ന് മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാധ്യമപ്രവര്‍ത്തനമല്ല അമേധ്യപ്രവര്‍ത്തനമാണിതെന്നായിരുന്നു മനോരമ ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്റെ പ്രതികരണം.
മറ്റു പ്രമുഖ മാധ്യമപ്രവര്‍ത്തകരും സമാനമായ അഭിപ്രായമാണ് ഉന്നയിക്കുന്നത്. ഉഭയസമ്മതപ്രകാരമുള്ള ഒരു ഫോണ്‍കോളായിരുന്നു അതെങ്കില്‍ എ കെ ശശീന്ദ്രനെ ക്രൂശിക്കരുതെന്നും അത് വ്യക്തമാക്കാന്‍ മംഗളത്തിന് ധാര്‍മ്മികതയുണ്ടെന്നും വലിയൊരുവിഭാഗം പ്രതികരിച്ചു.എന്നാല്‍ മന്ത്രി രാജിവച്ചതോടെ മംഗളത്തിന്റെ ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതികരണം. മംഗളത്തോടുള്ള അസൂയയാണ് മറ്റു മാധ്യമപ്രവര്‍ത്തകരുടെ ആക്ഷേപത്തിന് പിന്നിലെന്നും അഭിപ്രായങ്ങളുണ്ടായി. മന്ത്രി രാജിവെക്കേണ്ടതില്ലായിരുന്നു എന്ന് പറയുന്നവരുംനിരവധി. എന്തായാലും മംഗളം ടെലിവിഷന്റെ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ സജീവ ചര്‍ച്ചയാണ്.