വിലകൊടുത്തു വാങ്ങിയ മൃഗത്തിനെയെന്ന പോലെ അവരാ ഏഴുവയസ്സുകാരനെയും പിടിച്ചുകൊണ്ടുപോയി: സുരക്ഷയൊരുക്കാനാണത്രെ!

അട്ടപ്പള്ളത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സഹോദരിമാരുടെ ഏഴു വയസുകാരന്‍ അനിയനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. വീട്ടില്‍ സുരക്ഷിതനല്ലെന്ന ഉദ്യോഗസ്ഥ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കുഞ്ഞിനെ ഏറ്റെടുക്കലെന്ന പേരില്‍, തുടര്‍ദുരന്തങ്ങള്‍ നടന്ന വീട്ടില്‍ സാമൂഹ്യക്ഷേമവകുപ്പുദ്യോഗസ്ഥര്‍ ചെയ്ത മനുഷ്യപ്പറ്റില്ലായ്മ വായിക്കാം. എല്ലാറ്റിനും സാക്ഷിയായ ഏക മാധ്യമപ്രവര്‍ത്തകന്‍ സുകേഷ് ഇമാം വിവരിക്കുന്നു.

വിലകൊടുത്തു വാങ്ങിയ മൃഗത്തിനെയെന്ന പോലെ അവരാ ഏഴുവയസ്സുകാരനെയും പിടിച്ചുകൊണ്ടുപോയി: സുരക്ഷയൊരുക്കാനാണത്രെ!

അട്ടപ്പള്ളത്തെ സഹോദരിമാരെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ആ ഒറ്റമുറിവീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു അവരുടെ അനിയനായ എഴു വയസുകാരന്‍. അവന്‍ ഉറങ്ങിക്കിടന്ന ആ ഒറ്റമുറിയിലെ കട്ടിലിലാണ് ചേച്ചിമാരൊത്ത് അവന്‍ എന്നും ഉറങ്ങിയിരുന്നത്. അതേ കട്ടിലിനു മുകളിലെ ഉത്തരത്തിലാണ് അവന്റെ ചേച്ചിമാരെ ദിവസങ്ങള്‍ക്കുമുമ്പ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ചേച്ചിമാര്‍ മരിച്ച ശേഷം അവന്‍ സ്‌കൂളില്‍ പോയിട്ടില്ല. അച്ഛനും അമ്മയും മുത്തശ്ശിയുമല്ലാതെ മറ്റൊരാളുടെ അടുത്തും പിന്നീട് അവന്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്തിട്ടില്ല. മുക്കാല്‍ മണിക്കൂര്‍ മുമ്പ് ഉറങ്ങാന്‍ കിടന്നപ്പോഴും മുത്തശ്ശി കൂടെയുണ്ടായിരുന്നു. ആരെങ്കിലും അടുത്തുകിടന്നില്ലെങ്കില്‍ അവനു കുറച്ചനാളായി ഉറങ്ങാന്‍ കഴിയാറില്ല. രണ്ടു ചേച്ചിമാര്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടതിന്റെ ഷോക്ക് അവന് ഇനിയും മാറിയിട്ടില്ലെന്ന് പറയുന്നു, മുത്തശ്ശിയും അമ്മയും.

അവന്റെ ഉറക്കത്തിനിടെയാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീടിനുമുന്നില്‍ ഒരു വെളുത്ത കാര്‍ വന്നുനിന്നത്. അതില്‍ നിന്ന് ഇറങ്ങിവന്നത് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍. ഒരു വനിതയുള്‍പ്പടെ മൂന്നുപേര്‍.

രണ്ടുദിവസം മുമ്പും അവര്‍ വന്നുപോയതാണ്. അന്നത്തേതുപോലെ എന്തെങ്കിലും സംസാരിക്കാനാണ് അവര്‍ വന്നതെന്നേ വീട്ടിലുണ്ടായിരുന്ന അച്ഛന്‍ ഷിബുവും അമ്മ ഭാഗ്യവതിയും കരുതിയുള്ളൂ. വീടിനു പുറകില്‍ മരത്തണലില്‍ കിടന്നിരുന്ന മൂന്നാലു വാടക പ്ലാസ്റ്റിക് കസേരകള്‍ വീടിന് മുന്നിലേക്ക് എടുത്തുകൊണ്ടു പോയി ഇട്ടുകൊടുത്ത് ഉദ്യോഗസ്ഥരോട് അവര്‍ ഇരിക്കാന്‍ പറഞ്ഞു. പക്ഷെ അവര്‍ക്ക് ഇരിക്കാനൊന്നും നേരമില്ലായിരുന്നു. നിര്‍ബന്ധിച്ചപ്പോള്‍ ഇരുന്നു.

അകത്ത് കട്ടിലില്‍ കിടക്കുന്ന കുട്ടിയെ വിളിച്ചുണര്‍ത്താന്‍ പറഞ്ഞു ഒരു നിമിഷം ഇടവേളയില്ലാതെ ഉദ്യോഗസ്ഥസംഘം. അമ്മ മകനെ വിളിച്ചുണര്‍ത്തി. കണ്ണുകളില്‍ നിന്ന് ഉറക്കം മാറാതെ പാതി മയക്കത്തില്‍ അവന്‍ നിന്നു. അമ്മ അവനെ വീടിനു പിന്നിലേക്ക് കൊണ്ടുപോയി, മുറ്റത്തെ മണ്‍തൊട്ടിയില്‍ നിന്നു വെള്ളമെടുത്ത് മുഖം കഴുകിച്ച്, തോര്‍ത്തുകൊണ്ട് തുടച്ചു. ഉറക്കം പോയി അവന്‍ പുഞ്ചിരിച്ചു.

അവന്റെ പുഞ്ചിരി മാറുംമുമ്പേ അവന്റെ മുന്‍പില്‍വെച്ചുതന്നെ അച്ഛനോടും അമ്മയോടുമായി ഉദ്യോഗസ്ഥര്‍ പറഞ്ഞു: 'ഞങ്ങള്‍ ഇവനെ ഇപ്പോള്‍ കൊണ്ടുപോകുകയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ അവിടെ വന്നു കാണാം. പക്ഷെ ഇങ്ങോട്ട് ഇനി കൊണ്ടുവരാന്‍ പറ്റില്ല.

'ഉറങ്ങുകയായിരുന്ന തന്നെ വിളിച്ചുണര്‍ത്തി ആരൊക്കെയോ വന്ന് പിടിച്ചുകൊണ്ടുപോകുന്നു, അത്രയേ അവനു മനസ്സിലാക്കാന്‍ പ്രായമായുള്ളൂ. ഇനി ഇങ്ങോട്ടു വരാന്‍ പറ്റില്ലെന്നതും കേട്ടപ്പോള്‍ അവനു പേടി അടക്കാനായില്ല. അവന്‍ അമ്മയുടെ മാക്സി പിടിച്ച് പിന്നിലേക്ക് മാറിനിന്നു.

'സാറമ്മാര് കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നു. പക്ഷെ അവധികഴിഞ്ഞിട്ട് മതിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കൊണ്ടുപോകരുത്' എന്ന് അമ്മ. 'പറ്റില്ല. ഇപ്പോള്‍ത്തന്നെ കൊണ്ടുപോയേ പറ്റൂ. കുട്ടി ഞങ്ങളുടെ അധീനതയിലാണ്. കൊണ്ടുപോകുന്നത് തടഞ്ഞാല്‍ നിയമ നടപടികള്‍ സ്വീകരിക്കും' എന്ന് ഉദ്യോഗസ്ഥര്‍- എത്രയും കാര്‍ക്കശ്യത്തോടെ.

'കുറച്ചു മണിക്കൂര്‍ മുമ്പെങ്കിലും നിങ്ങള്‍ക്ക് ഫോണ്‍ വിളിച്ചെങ്കിലും ഒന്നു പറയരുതായിരുന്നോ? അവന് ഇഷ്ടമുള്ള ഭക്ഷണമുണ്ടാക്കികൊടുത്ത്, അവനെ പറഞ്ഞുമനസ്സിലാക്കി ഞങ്ങള്‍ അവനെ തരില്ലായിരുന്നോ?.. എന്റെ രണ്ടു മക്കള്‍ പോയിട്ട് രണ്ടുമാസമായില്ല, ഇപ്പോത്തന്നെ ഇവനെയും കൊണ്ടുപോയാല്‍ ഞങ്ങള്‍ എങ്ങിനെ സഹിക്കും?' ആ അമ്മ കരയാന്‍ തുടങ്ങി. ഒരു കരച്ചിലും കേള്‍ക്കാന്‍നിന്നില്ല ഉദ്യോഗസ്ഥ സംഘം. കുട്ടിയെ ഒരുക്കി വിടാം എന്ന് പറഞ്ഞപ്പോള്‍ സമ്മതിച്ചു.

കണ്ണീര്‍ തുടച്ച് അച്ഛനും അമ്മയും ഒറ്റമുറി വീടിനകത്ത് കട്ടിലിനോടു ചേര്‍ന്നുള്ള അലമാര തുറന്നു. മകന്റെ പുതുവസ്ത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി. അമ്മയുടെ സങ്കടം കുറക്കാന്‍ അവന്റെ കൊച്ചുബുദ്ധിക്ക് തോന്നിയ പോലെ, അവനും അലമാരക്ക് അകത്തുനിന്നു വസ്ത്രങ്ങള്‍ എടുത്ത്, ഇതിട്ടാല്‍ മതിയോ എന്നൊക്കെ ചോദിച്ചു.

അമ്മ അവന്റെ ചേച്ചിമാര്‍ തൂങ്ങി നിന്ന കട്ടിലിനു മുകളില്‍ അവനെ കയറ്റി നിര്‍ത്തി. കുപ്പായമിടീച്ചു.. മുഖത്തും കഴുത്തിലും പൗഡറിടീച്ചു. മകന്റെ പുതിയ വാസസ്ഥലം എവിടെയെന്നറിയാന്‍ അച്ഛനും അമ്മയും കൂടെപ്പോകാനിറങ്ങി. ഇട്ടിരുന്ന മാക്സിയില്‍ കണ്ണീരുംതുടച്ച് കുഞ്ഞിനൊപ്പം ഇറങ്ങിയ അമ്മയെ ഉദ്യോഗസ്ഥര്‍ തടഞ്ഞു. 'നിങ്ങള്‍ വരണ്ട, ഒരാള്‍ വന്നാല്‍ മതി'. അച്ഛന്‍ മാത്രം കൂടെയിറങ്ങി.

കുറച്ചുദൂരം മകനൊപ്പം യാത്ര ചെയ്ത് അവനെ ആശ്വസിപ്പാക്കാമെന്നാണ് അമ്മ കരുതിയതെങ്കില്‍ അതും നടന്നില്ല. സ്ഥലത്തുണ്ടായിരുന്ന നാരദ ന്യൂസ് ഇവര്‍ പുറപ്പെട്ടിറങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. 'കുട്ടിയുടേയോ കുട്ടിയെ കൊണ്ടുപോവുന്നതിന്റെയോ പോകുന്നതോ ദൃശ്യങ്ങള്‍ പകര്‍ത്തരുത്. ചെയ്താല്‍ കേസെടുക്കും' - ഒരു ഉദ്യോഗസ്ഥന്‍ വിളിച്ചുപറഞ്ഞു.

'താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്, താന്‍ ഏതു മറ്റേതിലെ പത്രക്കാരനാണെടാ' - അയാള്‍ ക്രുദ്ധനായി ആക്രോശിച്ച് ഓടിവന്നു. വേദനാകരമായ ഒരു സീനിന് പിന്നെയും നില്‍ക്കാതെ നാരദാ ലേഖകന്‍ പിന്‍വാങ്ങി. കുട്ടിയേയും കയറ്റി കാര്‍ നീങ്ങി. പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മ.രണ്ടു മക്കള്‍ക്ക് രണ്ടു മാസത്തിനകം ദുര്‍മരണം സംഭവിച്ച വീട്ടില്‍, സാന്ത്വനമായി അടുത്തുണ്ടായിരുന്ന ഏക സന്താനത്തെയും സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപോയിരിക്കുന്നു.

അവന്റെ സുരക്ഷിതത്വത്തിനു വേണ്ടിയെന്ന് ഔദ്യോഗികഭാഷ്യം. കാട്ടില്‍ ആടു മേക്കാന്‍ പോയ ലോകപരിചയം മാത്രമുള്ള മുത്തശ്ശിയും അമ്മയും മാത്രമായി പിന്നെയാ വീട്ടില്‍. മുത്തശ്ശിക്ക് ആടുകളെക്കൂട്ടാന്‍ പോവണം. ഹൃദയം തകര്‍ന്ന ആ അമ്മ മാത്രമേ ഉണ്ടാവൂ പിന്നവിടെ.ആ മുത്തശ്ശി മകളെ ഉച്ചക്ക് ആ വീട്ടില്‍ തനിച്ചാക്കി പോകേണ്ടെന്നുവെച്ചു. തിരിച്ചുവരുമ്പോഴേക്കും തന്റെ മകളെത്തന്നെ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നവര്‍ ഭയക്കുന്നുണ്ടെന്നു തോന്നി.

പുതുശ്ശേരി പഞ്ചായത്ത് അംഗം ബാലമുരളി മാത്രമാണ് നാരദ ന്യൂസിനൊപ്പം ഇത്രയും രംഗങ്ങള്‍ക്ക് സാക്ഷികളായുണ്ടായത്. പോകാനൊരുങ്ങിയ ഞങ്ങള്‍ക്കടുത്തേക്ക് വന്ന് ആ മുത്തശ്ശി ചോദിച്ചു: ' ഇപ്പോ വന്നു കുട്ടിയെ കൊണ്ടുപോയവരാരെങ്കിലും ആദ്യത്തെ കുട്ടി മരിച്ചപ്പോഴേ വന്നിരുന്നെങ്കി പിന്നൊരു കുഞ്ഞുകൂടി ഞങ്ങക്ക് പോവുമായിരുന്നോ? അപ്പൂസിനേം ഇവള്‍ടടുത്തുന്ന് പിടിച്ചോണ്ട് പോകണായിരുന്നോ?'- ആ മനസ്സുതകര്‍ന്ന ചോദ്യത്തിനു മുന്നില്‍ ഞങ്ങള്‍ക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല .

ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ രണ്ടുദിവസം മുമ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പെണ്‍കുട്ടികളെപ്പോലെ വീട്ടില്‍ അനിയന്‍ ഏഴു വയസുകാരനും സുരക്ഷിതനല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള നടപടി! കണ്ണില്‍ച്ചോരയില്ലാതെ പെരുമാന്‍ അറയ്ക്കാത്ത ഈ ഉദ്യോഗസ്ഥരാണോ ഇനിയാ കുട്ടിക്ക് സുരക്ഷയൊരുക്കുമെന്ന് കരുതേണ്ടത്!

ഞങ്ങള്‍ക്ക് മനസ്സിലായത് ഇത്രയുമാണ്: രണ്ട് ചേച്ചിമാര്‍ നഷ്ടപ്പെട്ട ആ ഏഴു വയസുകാരന് ഇപ്പോള്‍ വീടും അച്ഛനും അമ്മയും കൂടി നഷ്ടമായിരിക്കുന്നു. ആ അമ്മയ്ക്ക് മൂന്നാമത്തെ കുട്ടിയും നഷ്ടമായിരിക്കുന്നു. ഒരു കുട്ടിയെ ഏറ്റെടുക്കുക എന്നത് വില കൊടുത്ത് വാങ്ങിയ പശുവിനെ ഭീഷണിപ്പെടുത്തി തൊഴുത്തില്‍ നിന്ന് ഇറക്കിക്കൊണ്ടുപോവലാണോ? അതല്ലാതെ മറ്റെന്താണ് ആ വീട്ടില്‍ നടന്നത്?

Read More >>