ഗവര്‍ണറെ വെല്ലുവിളിച്ച് വീണ്ടും ബിജെപി; പിണറായിയെ പേടിയാണെങ്കില്‍ കസേരയില്‍ നിന്നിറങ്ങിപ്പോകാന്‍ ശോഭാ സുരേന്ദ്രന്‍; കോടിയേരിയെ ഡല്‍ഹിയില്‍ കാലു കുത്തിക്കില്ലെന്ന് യുവമോര്‍ച്ച

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി കേരളാ ഹൗസിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തിലായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വിവാദപരാമര്‍ശം. പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍ നിന്നിറങ്ങി പോകണമെന്ന് ആവശ്യപ്പെടുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണറെ വെല്ലുവിളിച്ച് വീണ്ടും ബിജെപി; പിണറായിയെ പേടിയാണെങ്കില്‍ കസേരയില്‍ നിന്നിറങ്ങിപ്പോകാന്‍ ശോഭാ സുരേന്ദ്രന്‍; കോടിയേരിയെ ഡല്‍ഹിയില്‍ കാലു കുത്തിക്കില്ലെന്ന് യുവമോര്‍ച്ച

മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്നിറങ്ങി പോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് ഗവര്‍ണറെ വെല്ലുവിളിച്ചുള്ള ശോഭാ സുരേന്ദ്രന്റെ വിവാദപ്രസംഗം. ഒ രാജഗോപാല്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനം അദ്ദേഹം മുഖ്യമന്ത്രിയ്ക്കു കൈമാറിയതിനെതിരെ ബിജെപി നേതാവ് എം ടി രമേശും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പിണറായി വിജയനെ കാണുമ്പോള്‍ കാണുമ്പോള്‍ തല കുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവു ചെയ്ത് ആ കസേരയില്‍ നിന്നിറങ്ങിപ്പോകണമെന്ന് ഞങ്ങള്‍ അങ്ങയോട് ആവസ്യപ്പെടുകയാണ്. തന്റേടമുണ്ടെങ്കില്‍, ആ ഗവര്‍ണര്‍ പദവിയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും ചെയ്തു തീര്‍ക്കണമെന്ന് കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കു വേണ്ടി, ഇന്ത്യയിലെ ജനത, ഡല്‍ഹിയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറെ അറിയിക്കാന്‍ ആഗ്രഹിക്കുകയാണ്- ശോഭാ സുരേന്ദ്രന്‍

നിരന്തരം പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഗവര്‍ണരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ല. കണ്ണൂരില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ചെറുവിരലനക്കാന്‍ പോലും ഗവര്‍ണര്‍ തയ്യാറാകുന്നില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയുടെയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.

അക്രമം തുടരുകയാണെങ്കില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ പറഞ്ഞു.