ലാവ്‌ലിന്‍ കേസില്‍ സിബിഐക്കെതിരേ ആഞ്ഞടിച്ച് ഹരീഷ് സാല്‍വേ; കുറ്റപത്രം അസംബന്ധമെന്ന് വാദം

കരാര്‍കൊണ്ട് ഖജനാവിന് നഷ്ടമുണ്ടായിട്ടില്ല, പിണറായി വിജയന്‍ ലക്ഷ്യമിട്ടത് കെഎസ്ഇബിയുടെ വാണിജ്യപുരോഗതിയെന്നും ഹരീഷ് സാല്‍വേ വാദിച്ചു. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ ഒരു ഗൂഡാലോചനയും നടന്നിട്ടില്ലെന്നും സാല്‍വേ.

ലാവ്‌ലിന്‍ കേസില്‍ സിബിഐക്കെതിരേ ആഞ്ഞടിച്ച് ഹരീഷ് സാല്‍വേ; കുറ്റപത്രം അസംബന്ധമെന്ന് വാദം

എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയത് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ. ലാവ്‌ലിന്‍ കേസിലെ സിബിഐ കുറ്റപത്രം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കരാറിലെ നടപടികള്‍ വ്യക്തിപരമല്ല. കരാര്‍ കൊണ്ട് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

നല്ല ഉദ്ദേശത്തോടെയാണ് കരാറുണ്ടാക്കിയത്. കെഎസ്ഇബിയുടെ വാണിജ്യപുരോഗതിക്ക് വേണ്ടിയായിരുന്നു ലാവ്‌ലിന്‍ കരാര്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്ന അക്കാലത്ത് ഇങ്ങനെയൊരു കരാറിന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദമുണ്ടായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനു ധനസഹായം നല്‍കുന്ന കാര്യം കരാറില്‍ ഉണ്ടായിരുന്നില്ലെന്നും ഹരീഷ് സാല്‍വേ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ ഏഴാംപ്രതിയാണ് പിണറായി വിജയന്‍.

എസ്എന്‍സി ലാവ്‌ലിന്‍ കരാറിനു പിണറായി അമിതതാല്‍പ്പര്യം കാണിച്ചു, മന്ത്രിസഭയില്‍ നിന്ന് യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ചു, ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പുകളെ സ്വാധീനം ഉപയോഗിച്ച് മറികടന്നു, മന്ത്രിസഭ അറിയാതെയാണ് ലാവ്‌ലിനുമായി കരാറുണ്ടാക്കിയത്, ലാവ്‌ലിന്‍ പ്രതിനിധികളുമായി പിണറായി ഗൂഡാലോചന നടത്തി, മലബാര്‍ കാന്‍സര്‍ സെന്റര്‍ പിണറായിയുടെ സ്വന്തം ആശയമായിരുന്നു തുടങ്ങിയ കുറ്റങ്ങളാണ് പിണറായിക്കെതിരേ സിബിഐ, നേരത്തെ കോടതിയില്‍ നിരത്തിയിരുന്നത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിന് 374 കോടി രൂപ കരാര്‍ നല്‍കിയതില്‍ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് കേസ്. എന്നാല്‍ 2013 നവംബര്‍ 5 ന് കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഇതിനെതിരേയാണ് സിബിഐ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

Read More >>