വെള്ളാപ്പള്ളി യുഗത്തിന് അവസാനമായോ? എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ 10 വെള്ളാപ്പള്ളി വിരുദ്ധര്‍ക്കു വിജയം

എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി ആദ്യമായിട്ടാണ് വെള്ളാപ്പള്ളിക്കെതിരെ ശക്തമായ വിജയം നേടുന്നത്. വെള്ളാപ്പള്ളി പാനലിനെതിരെ സംരക്ഷണ സമിതിയുടെ പാനലിന് കൂടുതല്‍ വോട്ട് നേടാനും ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞുവെന്നുള്ളത് ശ്രദ്ധേയമാണ്...

വെള്ളാപ്പള്ളി യുഗത്തിന് അവസാനമായോ? എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ 10 വെള്ളാപ്പള്ളി വിരുദ്ധര്‍ക്കു വിജയം

വെള്ളാപ്പള്ളി നടേശന്റെ അപ്രമാദിത്വത്തിനു അവസാനമായെന്ന സൂചന നല്‍കി എസ്എന്‍ ട്രസ്റ്റ് റീജന്‍ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി വിരുദ്ധരായ 10 പേര്‍ക്കു മിന്നും വിജയം. 97 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ കൊല്ലം റീജിയനില്‍ നിന്ന് തെരഞ്ഞെടുത്തപ്പോള്‍ ഇവരില്‍ 10 പേരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച് വിജയം സ്വന്തമാക്കിയത്.

വെളിയം രാജന്‍, രാജ്കുമാര്‍, പുഷ്പാംഗദന്‍, ഡോ.ശ്രീനിവാസന്‍, അമൃതലാല്‍, ഡോ.അശോകന്‍ പ്രഫ.സത്യദാസ്, ചിത്രാംഗദന്‍, പുരുഷോത്തമന്‍, ഡോ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവരാണ് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ ഔദ്യോഗിക പാനലിനെതിരെ വിജയിച്ചത്.

വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പാനലിനെതിരെ എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതിയാണ് മത്സരിച്ചത്. ശക്തമായ മത്സരമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്നു ഫലങ്ങള്‍ സൂചിപ്പിക്കുന്നു. പതിനായിരത്തിലേറെ അംഗങ്ങള്‍ക്കാണ് കൊല്ലം റീജന്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. ഇതില്‍ 4,383 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി ആദ്യമായിട്ടാണ് വെള്ളാപ്പള്ളിക്കെതിരെ ശക്തമായ വിജയം നേടുന്നത്. വെള്ളാപ്പള്ളി പാനലിനെതിരെ സംരക്ഷണ സമിതിയുടെ പാനലിന് കൂടുതല്‍ വോട്ട് നേടാനും ഈ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞുവെന്നുള്ളത് ശ്രദ്ധേയമാണ്.

കൊല്ലം എസ്എന്‍ കോളജില്‍ ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. പൊതുതെരഞ്ഞെടുപ്പിനെ വെല്ലുന്ന രീതിയലായിരുന്നു എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗങ്ങളും പ്രചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. വൈകുന്നേരത്തോടെ വോട്ടെടുപ്പ് അവസാനിച്ചുവെങ്കിലും വോട്ടെണ്ണല്‍ രാത്രി വൈകിയും തുടരുകയായിരുന്നു.