അഭിമന്യുവിന്റെ അധ്യാപികയെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് പ്രവർത്തകൻ; തെറിവിളിയിൽ മുങ്ങിക്കുളിച്ച് പ്രൊഫൈൽ

അധ്യാപിക അഭിമന്യുവിന്റെ പിതാവിനെ വട്ടവടയിൽ സന്ദർശിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ഇയാൾ അധിക്ഷേപം നടത്തിയത്.

അഭിമന്യുവിന്റെ അധ്യാപികയെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് പ്രവർത്തകൻ; തെറിവിളിയിൽ മുങ്ങിക്കുളിച്ച് പ്രൊഫൈൽ

മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാൽ കൊല്ലപ്പെട്ട എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ അധ്യാപികയെ ആക്ഷേപിച്ച് ലീഗ് പ്രവർത്തകൻ. അധ്യാപിക അഭിമന്യുവിന്റെ പിതാവിനെ സന്ദർശിക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഇയാൾ അധിക്ഷേപം നടത്തിയത്. അഭിമന്യുവിന്റെ കൊലപാതകം നടത്തിയ പോപ്പുലർ ഫ്രണ്ട് ഭീകര സംഘടനയാണെന്നും അവർക്ക് വളരാൻ വളമിട്ടു കൊടുത്തത് സിപിഐഎം ആണെന്നും മുസ്ലീം ലീഗ് ആരോപിക്കുന്ന അതേ സമയത്താണ് ഫേസ്ബുക്കിൽ ലീഗിനു വേണ്ടി 'പടപൊരുതുന്ന' ഒരാളുറ്റെ പ്രൊഫൈലിൽ നിന്ന് ഇത്തരം ഒരു പോസ്റ്റ് വരുന്നത്.

അധ്യാപിക അഭിമന്യുവിന്റെ പിതാവിനൊപ്പം ചേർന്നു നിൽക്കുന്ന ചിത്രം "ഇങ്ങടുത്തുവാ ഒന്ന് കണ്ടോട്ടെ" എന്നെഴുതിയാണ് ഇയാൾ പോസ്റ്റ് ചെയ്തത്. ബഷീർ മുട്ടത്തൊടി എന്നയാളാണ് അധിക്ഷേപം നടത്തിയത്. വിവാദമായതോടെ ഇയാൾ പോസ്റ്റ് പിൻ‌വലിച്ചു. സഖാക്കളുടേത് എന്നു തോന്നിക്കുന്ന ഫേസ്ബുക്ക് പ്രൊഫൈലുകളിൽ നിന്ന് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ തെറിവിളികൾ കനക്കുകയാണ്. വംശീയവും സ്ത്രീവിരുദ്ധവുമായ തെറിവിളികളും സഹോദരിയെയും മാതാവിനെയും അസഭ്യം പറഞ്ഞുള്ള പരാമർശങ്ങളുമാണ് ഇയാളുടെ പോസ്റ്റുകളിൽ വരുന്ന പല കമന്റുകളുടേയും ഉള്ളടക്കം.

ഇത്തരത്തിൽ അശ്ലീല പരാമർശങ്ങൾ നടത്തുന്ന ഫേസ്ബുക്ക് ഐഡികളെല്ലാം ഫേക്ക് ആണ്. അതുകൊണ്ടു തന്നെ ആരാണ് ഇയാൾക്കെതിരെ തെറിവിളികൾ നടത്തുന്നതെന്ന് ഉറപ്പിക്കാനാവില്ല. ഇതിനെതിരെ സൈബർ സെല്ലിൽ പോകുമെന്ന് ബഷീർ മുട്ടത്തൊടി അവകാശവാദം ഉന്നയിക്കുന്നതും കമന്റുകളിൽ കാണാം. അതിനെയും തെറിപറഞ്ഞ് ഓടിക്കുന്നുണ്ട് കമന്റ് ചെയ്യുന്ന മറ്റുള്ളവർ.

Read More >>