കന്നുകാലി മാംസ നിരോധനം: കേരളത്തില്‍ ബിജെപിയുടെ ഇറച്ചിയില്‍ മണ്ണു പറ്റും

മലപ്പുറത്തുചെന്ന് നല്ല ഇറച്ചി തരാമെന്നു പറഞ്ഞ് വോട്ടുചോദിച്ച ബിജെപിക്ക് കേരളത്തില്‍ പശുരാഷ്ട്രീയം വില്‍ക്കാനാവില്ല. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ബിജെപി മോഹങ്ങളാണ് കേന്ദ്രത്തിന്റെ കന്നുകാലി നിരോധനത്തിലൂടെ കരിഞ്ഞുപോയത്.

കന്നുകാലി മാംസ നിരോധനം: കേരളത്തില്‍ ബിജെപിയുടെ ഇറച്ചിയില്‍ മണ്ണു പറ്റും

നാട്ടുകാര്‍ ബീഫാണെന്നും സുരേന്ദ്രന്‍ ഉള്ളിയാണെന്നും പറയുന്ന ആ സാധനം കേരളത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. സംസ്ഥാനത്ത് കന്നുകാലി ഇറച്ചി തിന്നുന്നത് സമുദായം നോക്കിയല്ല. പൊറോട്ടയുടെ കൂടെ സുരേന്ദ്രന്‍ തിന്ന ആ ഇറച്ചിയില്‍ തൊട്ടാല്‍ എരിയുന്നത് രാഷ്ട്രീയമായിരിക്കും. മലപ്പുറത്ത് തിരഞ്ഞെടുപ്പിന് നല്ല ഇറച്ചി നല്‍കാമെന്ന് വാഗ്ദാനം ചെയ്യേണ്ടിവന്ന കേരളത്തിലെ ബിജെപിയുടെ ഇറച്ചിയില്‍ മണ്ണുപറ്റുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി ഇറച്ചി നിരോധനം.

മോഡി സര്‍ക്കാരിന്റെ മൂന്നാം വര്‍ഷം വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഉന്നം വെയ്ക്കുന്ന വര്‍ഗ്ഗീയ രാഷ്ട്രീയമാണ് പത്തിവിടര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ ബിജെപിക്ക് വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സകല സാധ്യതകളും ഇല്ലാതാക്കുന്നതായി കേന്ദ്രത്തിന്റെ നിരോധനം.മോഡി അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ നടന്ന നിയമസഭ- പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ ഉയര്‍ന്ന കടുത്ത പ്രചാരണമായിരുന്നു മോഡി ഇറച്ചിയില്‍ മണ്ണുവാരിയിടുമെന്ന്. 'ബീഫ് തീര്‍ന്നുപോവുകയോ' എന്ന് അല്‍ഭുതപ്പെടുന്ന സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ സംവിധായകന്‍ മലയാളിയുടെ പ്രതിനിധിയാണ്. അത്തരം മലയാളിയോട് ബീഫ് വില്‍ക്കുന്നത് നിരോധിച്ച ശേഷം ബിജെപി എന്തു പറഞ്ഞിട്ടും കാര്യമുണ്ടാവില്ല. പശുരാഷ്ട്രീയം ഇവിടെ വില്‍ക്കാനാവില്ല.

ആലുവ കരുമാലൂര്‍ കരുകുന്നില്‍ ഈസ്റ്റര്‍ ആഘോഷിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്നു വാങ്ങിയ പശുഇറച്ചിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മണ്ണുവാരിയിട്ട സംഭവത്തെ സംസ്ഥാനം നേരിട്ടത് ശക്തമായാണ്. മുഴുവന്‍ പേരെയും അറസ്റ്റു ചെയ്തു. കൊല്ലത്ത് നല്ലിലയില്‍ ബീഫ് കടയ്ക്കെതിരെ ബിജെപി ജില്ലാ ഹര്‍ത്താല്‍ വരെ നടത്തി. സിപിഐഎം ആഘോഷകരമായി ബീഫ് ഫെസ്റ്റിവെല്‍ നടത്തിയാണ് പ്രതിരോധിച്ചത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ടു സംഭവങ്ങളിലും ബിജെപി പരാജയപ്പെടുകയായിരുന്നു. വീട്ടില്‍ ഇറച്ചി പാചകം ചെയ്തതിന് സംഘപരിവാര്‍ അനുകൂലികള്‍ തല്ലിക്കൊന്ന അഖ്ലാക്കിന്റെ മരണം കേരളത്തില്‍ ബീഫ് ഫെസ്റ്റുകളെന്ന സമരരൂപത്തിനാണ് തുടക്കമിട്ടത്. തൃശൂര്‍ കേരളവര്‍മ്മ കോളേജിലടക്കമുണ്ടായ പ്രതിഷേധങ്ങള്‍ ബിജെപിയ്ക്കെതിരെ ജനവികാരമുയര്‍ത്തി. ബീഫ് ഫെസ്റ്റ് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച അധ്യാപിക ദീപാ നിശാന്തിനെ കോളേജില്‍ നിന്നു പുറത്താക്കിയ സംഘപരിവാര്‍ അജണ്ടയേയും ജനകീയസമരം പരാജയപ്പെടുത്തി.

ഇറച്ചിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും നടത്തിയ ചെറിയ ഇടപെടലുകളെ പോലും ശക്തമായാണ് ജനാധിപത്യ സംഘടനകള്‍ അടിച്ചമര്‍ത്തിയത്.കേരളത്തില്‍ നിന്നും എന്‍ഡിഎഫ് മുന്നണിയിലെത്തിയ സി കെ ജാനു മോഡിയും അമിത്ഷായും പങ്കെടുത്ത മുന്നണി യോഗത്തില്‍ ബീഫ് നിരോധനത്തിനെതിരെ ശക്തമായാണ് പ്രതികരിച്ചത്. ബീഫ് വിശ്വാസപരമായി പോലും ഉപയോഗിക്കുന്ന, ജീവിതത്തിന്റെ ഭാഗമായ ഈഴവ സമൂഹത്തെ പ്രതിനിധീകരിക്കുന്ന വെള്ളാപ്പള്ളി നടേശനും നിരോധനത്തെ അനുകൂലിക്കാനാവില്ല. സംസ്ഥാനത്തെ ദളിതരടക്കം ഇറച്ചി നിരോധിക്കുന്ന ബിജെപിയുടെ ബ്രാഹ്മാധിപത്യ രാഷ്ട്രീയം തിരിച്ചറിയും.ഇറച്ചി ജീവിതത്തിന്റെ ഭാഗമായ കേരളത്തില്‍ ഇറച്ചി നിരോധിച്ച ബിജെപിക്ക് ഉള്ള വോട്ടു കൂടി പോവുകയേയുള്ളു. കന്നുകാലി മാംസം നിരോധിച്ച ബിജെപിയോട് ചേരാന്‍, ആഗ്രഹമുണ്ടെങ്കില്‍ പോലും മാണി കോണ്‍ഗ്രസിനാവില്ല എന്നതാണ് മറ്റൊരു തമാശ. ഇറച്ചിയില്ലാത്ത ഞായറാഴ്ചകളെപ്പറ്റി ഹൈറേഞ്ചിലൊരാള്‍ക്ക് ചിന്തിക്കാന്‍ പോലുമാകില്ല.

കന്നുകാലി ഇറച്ചിയുമായി ബന്ധപ്പെട്ട് വടക്കേ ഇന്ത്യന്‍ സ്വഭാവത്തിലുള്ള അക്രമങ്ങള്‍ക്ക് സംഘപരിവാര്‍ ചെക്ക്പോസ്റ്റുകളില്‍ നേതൃത്വം നല്‍കുമെന്നിരിക്കെ ബിജെപിയുടെ സംസ്ഥാനത്തെ അധികാര മോഹത്തിനാണ് തിരിച്ചടിയാകുന്നത്. ബീഫല്ല തിന്നത് എന്നല്ല കെ. സുരേന്ദ്രന്‍ പറഞ്ഞത്, അത് ഉള്ളിക്കറിയാണെന്നാണ്. രോഗബാധിതരായ കന്നുകാലികളെ തിന്നാല്‍ ആരോഗ്യത്തിനു ഹാനികരമാകുന്നതിനാലാണ്, അല്ലാതെ ഗോമാതാവായതിനാലല്ല നിരോധനമെന്നും ബിജെപി നേതാക്കള്‍ കേരളത്തില്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. കേരളസംസ്‌കാരത്തിന്റെ ഭാഗമാണ് ഇറച്ചി- ആ ഇറച്ചിയിലാണ് മോഡി സര്‍ക്കാര്‍ മണ്ണുവാരിയിടുന്നത്.