തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച മുൻ ജീവനക്കാരി മരിച്ചു; മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമം

പ്രാവച്ചമ്പലം കട്ടച്ചിറവിള സ്വദേശിനി അഞ്ജു എ എസ് ആണ് ഇന്നു രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിക്കെട്ടിടത്തിൽ നിന്നും ചാടിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ അഞ്ജു മൂന്നു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഉച്ചയോടെ, അഞ്ജുവിന്റെ മൃതദേഹം എസ്കെ ഹോസ്പിറ്റലിൽ പൊതുദർശനത്തിനു വെക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി എത്തിയെങ്കിലും ആംബുലൻസ് ആശുപത്രി ഗേറ്റിൽ തന്നെ പൊലീസ് തടയുകയായിരുന്നു.

തിരുവനന്തപുരം എസ്‌കെ ഹോസ്പിറ്റൽ കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച മുൻ ജീവനക്കാരി മരിച്ചു; മൃതദേഹവുമായി ആശുപത്രിക്കു മുന്നിൽ പ്രതിഷേധിക്കാൻ ശ്രമം

പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകാതെ മാനസികവുമായി പീഡിപ്പിച്ചതിനെത്തുടർന്ന് തിരുവനന്തപുരം ഇടപ്പഴിഞ്ഞിയിലെ എസ്‌കെ ആശുപത്രിക്കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ച മുൻ ജീവനക്കാരി മരിച്ചു. പ്രാവച്ചമ്പലം കട്ടച്ചിറവിള സ്വദേശിനി അഞ്ജു എ എസ് ആണ് ഇന്നു രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. ആശുപത്രിക്കെട്ടിടത്തിൽ നിന്നും ചാടിയതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ അഞ്ജു മൂന്നു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തുടർന്ന് ഉച്ചയോടെ, അഞ്ജുവിന്റെ മൃതദേഹം എസ്കെ ഹോസ്പിറ്റലിൽ പൊതുദർശനത്തിനു വെക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി എത്തിയെങ്കിലും ആംബുലൻസ് ആശുപത്രി ഗേറ്റിൽ തന്നെ പൊലീസ് തടയുകയായിരുന്നു. ഇതേ തുടർന്ന് ഇവർ മൃതദേഹവുമായി വീട്ടിലേക്കു പോവുകയായിരുന്നു.

ഇടപ്പഴിഞ്ഞി എസ്കെ ഹോസ്പിറ്റല്‍ ലാബിലെ മുന്‍ ജീവനക്കാരിയാണ് അഞ്ജു. 2014-16 കാലയളവില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചശേഷം ഒരു വര്‍ഷം മുമ്പ് ജോലി അവസാനിപ്പിച്ചു. പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിനായി നിരവധി തവണ ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും നല്‍കിയില്ല.


ഓരോ ഒഴിവുകള്‍ പറഞ്ഞ് പലതവണ വരുത്തി അധികൃതര്‍ അഞ്ജുവിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആരോഗ്യവകുപ്പില്‍ നിയമന സാധ്യതയെത്തുടര്‍ന്ന് തുടർച്ചയായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇതിൽ മനംനൊന്താണ് അഞ്ജു കഴി‍ഞ്ഞദിവസം ആശുപത്രിക്കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യക്കു ശ്രമിച്ചത്. വീഴ്ചയില്‍ അഞ്ജുവിന്റ വാരിയെല്ലുകള്‍ പൊട്ടി. കഴുത്തും ഇരു കൈകാലുകളും ഒടിഞ്ഞിരുന്നു. എന്നാല്‍, പകല്‍ രണ്ടിനു നടന്ന സംഭവം വൈകിട്ട് നാലോടെയാണ് അറിയിച്ചതെന്നാണ് പൂജപ്പുര എസ്ഐ രാജേഷ് മാധ്യമങ്ങളോട് വിശദീകരിച്ചത്.

അതേസമയം, തങ്ങൾക്കു ‌വീഴ്ച പറ്റിയിട്ടില്ലെന്ന വിശദീകരണവുമായി എസ്‌കെ ആശുപത്രി അധികൃതർ രംഗത്തുവന്നു. 2012 ഡിസംബർ 15 മുതൽ 2014 ജൂലൈ അഞ്ചു വരെ അഞ്ജു എസ്‌കെ ആശുപത്രിയിൽ ജോലി ചെയ്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച സർട്ടിഫിക്കറ്റ് പിരിഞ്ഞുപോകുന്ന അതേദിവസം തന്നെ നൽകിയിട്ടുണ്ട് എന്നുമാണ് ആശുപത്രി അധികൃതരുടെ വാദം.