റെക്കോഡിങ് ഇല്ലാത്ത സിസിടിവി; ദൃക്‌സാക്ഷികളും ഇല്ല; വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടും വീണ്ടും വരുത്തി; എസ്‌കെ ആശുപത്രി മുൻജീവനക്കാരിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

എസ്‌കെ ഹോസ്പിറ്റലിലെ പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട് അഞ്ജു സമർപ്പിച്ചിട്ടുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തി നൽകണമെന്നാവശ്യപ്പെട്ട് 'ഡാറ്റാഫ്ലോ സർവീസസ്' ഉദ്യോഗസ്ഥ മമത റെഡ്ഢി അയച്ച ഇ-മെയിലിന്, ആശുപത്രി അധികൃതർ സത്യസന്ധമായ മറുപടി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഇ - മെയിൽ സന്ദേശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. വെരിഫിക്കേഷൻ പ്രവൃത്തി പൂർത്തീകരിച്ചിട്ടും അഞ്ജുവിൽ നിന്നും ഇത് മറച്ചുവച്ചുകൊണ്ടു വീണ്ടും ആശുപത്രിയിലേക്ക് വരുത്തിയത് ആരാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

റെക്കോഡിങ് ഇല്ലാത്ത സിസിടിവി; ദൃക്‌സാക്ഷികളും ഇല്ല; വെരിഫിക്കേഷൻ പൂർത്തിയാക്കിയിട്ടും വീണ്ടും വരുത്തി; എസ്‌കെ ആശുപത്രി മുൻജീവനക്കാരിയുടെ മരണത്തിൽ ദുരൂഹതയേറുന്നു

എസ്‌കെ ആശുപത്രിയിലെ മുൻ ജീവനക്കാരി അഞ്ജുവിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. വിദേശത്തെ ജോലിക്കായുള്ള വെരിഫിക്കേഷൻ സമയത്ത് കൃത്യമായി വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എടപ്പഴിഞ്ഞിയിലെ എസ്‌കെ ആശുപത്രിയിലെത്തിയ അഞ്ജുവിനോട് 'കാര്യങ്ങൾ ശരിയാക്കണമെങ്കിൽ കാണേണ്ട രീതിയിൽ കാണണമെന്ന്' ഒരാൾ ആവശ്യപ്പെട്ടതായി അഞ്ജുവിന്റെ അമ്മ അംബികാദേവി നാരദാ ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

അഞ്ജുവിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്‌കെ ആശുപത്രിയിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിനെ കുഴക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ആശുപത്രിയിലെ സിസിടിവിക്ക് റെക്കോഡിങ് സംവിധാനം ഇല്ലാത്തതിനാൽ ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. അഞ്ജു താഴേക്ക് വീഴുന്നത് ആരും കണ്ടിട്ടില്ല. അഞ്ജു മുകളിലേക്ക് കയറിപ്പോകുന്നത് കണ്ടുവെന്ന ഒരു ജീവനക്കാരന്റെ മൊഴി മാത്രമാണ് അന്വേഷണസംഘത്തിന് മുന്നിൽ ഇപ്പോൾ ഉള്ളത്.

ഹൈടെക് ആശുപത്രി; റെക്കോഡിങ് ഇല്ലാത്ത സിസിടിവി

എസ്‌കെ ആശുപത്രിയിലെ സിസിടിവി സംവിധാനത്തിന് റെക്കോഡിങ് ഇല്ല. തത്സമയ ഡിസ്‌പ്ലെ മാത്രമാണ് ഉള്ളത്. ഇതുകൊണ്ടുതന്നെ അഞ്ജുവിന്റേതടക്കം ഒരു ദൃശ്യങ്ങളും സിസിടിവി സംവിധാനത്തിൽ നിന്നും ലഭ്യമല്ല. ഇതുസംബന്ധിച്ച് സൈബർ വിദഗ്‌ധനെക്കൊണ്ട് പൊലീസ് പരിശോധന നടത്തിയിരുന്നു. ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനായി ഹാർഡ് ഡിസ്ക് ഘടിപ്പിച്ചാൽ ഹാങ്ങ് ആവുന്ന സംവിധാനമാണ് ഇതെന്നായിരുന്നു വിദഗ്ധന്റെ നിരീക്ഷണം. ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ആശുപത്രിയിൽ ഇത്രയും നിരുത്തരവാദപരമായ രീതിയിൽ സുരക്ഷാ സൗകര്യങ്ങൾ കൈകാര്യം ചെയ്തത് പൊലീസിനെ കുഴക്കിയിട്ടുണ്ട്.


അഞ്ജു താഴേക്ക് വീണത് ആരും കണ്ടിട്ടില്ല എന്നതും വിചിത്രമാണ്. അഞ്ജു പാർക്കിങ് ഏരിയയിലാണ് വീണു കിടന്നിരുന്നത്. ഏറെ തിരക്കുള്ള ആശുപത്രിയിൽ നിമിഷം പ്രതിയാണ് വാഹനങ്ങൾ വന്നുപോകുന്നത്. രണ്ടിലധികം സെക്യൂരിറ്റി ജീവനക്കാരും ഈ പ്രദേശത്ത് എപ്പോഴും ഉണ്ടാവും. പുതിയ കെട്ടിടത്തിന്റെ നിർമ്മാണജോലികൾ പുരോഗമിക്കുന്നതിനാൽ തൊഴിലാളികളും ഉണ്ടായിരുന്നു.

അഞ്ജു മുകളിലേക്ക് പോകുന്നത് കണ്ടു എന്ന ഒരു മൊഴി മാത്രമാണ് പൊലീസിന് ഇതുവരെയായി ലഭിച്ചിട്ടുള്ളത്. ഇതിന്റെ വിശ്വാസ്യതയുൾപ്പെടെ തെളിയിക്കാനായി പൊലീസിന് ഇനിയും ഏറെ മുന്നോട്ടുപോകേണ്ടി വരും.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ പൊലീസ് മജിസ്‌ട്രേറ്റിനെ എത്തിച്ച് മൊഴിയെടുക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ 'അയ്യോ' എന്ന് പറയുന്നതൊഴിച്ചാൽ മറ്റൊന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അഞ്ജു. അതിനാൽ തന്നെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

വെരിഫിക്കേഷൻ വിവരങ്ങൾ ആശുപത്രി കൃത്യമായി നൽകി; 'ആത്മഹത്യക്ക്' കാരണമില്ല!

എസ്‌കെ ആശുപത്രിയിലെ മുൻജീവനക്കാരിയായ അഞ്ജു വിദേശജോലിക്കായുള്ള വെരിഫിക്കേഷൻ വിവരങ്ങൾ നൽകി സഹായിക്കണമെന്നാവശ്യപ്പെട്ടാണ് അവിടെയെത്തിയതെന്നും എന്നാൽ ആശുപത്രി അധികൃതർ അതിനു തയ്യാറാകാത്തതിനാൽ മരണപ്പെട്ടു എന്നുമാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്.

എന്നാൽ വിദേശ റിക്രൂട്മെന്റിനുവേണ്ടി ഉദ്യോഗാർഥികളുടെ വെരിഫിക്കേഷൻ നടത്തുന്ന ഡാറ്റാഫ്ലോ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു അഞ്ജുവിന്റെ വിവരങ്ങൾ എസ്‌കെ ആശുപത്രി അധികൃതർ വെരിഫൈ ചെയ്തു നൽകിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


എസ്‌കെ ഹോസ്പിറ്റലിലെ പ്രവൃത്തിപരിചയവുമായി ബന്ധപ്പെട്ട് അഞ്ജു സമർപ്പിച്ചിട്ടുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തി നൽകണമെന്നാവശ്യപ്പെട്ട് 'ഡാറ്റാഫ്ലോ സർവീസസ്' ഉദ്യോഗസ്ഥ മമത റെഡ്ഢി അയച്ച ഇ-മെയിലിന്, ആശുപത്രി അധികൃതർ സത്യസന്ധമായ മറുപടി നൽകിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഇ - മെയിൽ സന്ദേശങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

വെരിഫിക്കേഷൻ പ്രവൃത്തി പൂർത്തീകരിച്ചിട്ടും അഞ്ജുവിൽ നിന്നും ഇത് മറച്ചുവച്ചുകൊണ്ടു വീണ്ടും ആശുപത്രിയിലേക്ക് വരുത്തിയത് ആരാണ് എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

കാണേണ്ടരീതിയിൽ കാണാൻ പറഞ്ഞതാര്?

ജീവിത സാഹചര്യവും അഞ്ജുവിന്റെ വ്യക്തിത്വവും ചൂണ്ടിക്കാട്ടി അഞ്ജു ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുമ്പോൾ അഞ്ജു അമ്മയോട് പറഞ്ഞ സംഭവത്തിലെ വ്യക്തി ആരാണെന്ന ചോദ്യമാണ് വീണ്ടും പ്രസക്തമാവുന്നത്. ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്‌സ് വകുപ്പിന്റെ തലപ്പത്ത് ഒരു വനിതയാണ് ജോലി ചെയ്യുന്നത്. വെരിഫിക്കേഷൻ ആവശ്യങ്ങൾക്കായി അഞ്ജു ആരെയൊക്കെയാണ് സമീപിച്ചത് എന്നറിഞ്ഞാലേ സംഭവങ്ങൾക്ക് വ്യക്തതയുണ്ടാവുകയുള്ളൂ.