വാളയാറിൽ സഹോദരിമാർ മരിച്ച സംഭവം; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

പീഡനം സഹിക്കവയ്യാതെ മൂത്തകുട്ടി ആത്മഹത്യ ചെയ്തതാണെങ്കില്‍ പീഡനത്തിന് കൂട്ടുനിന്നതിനും ആത്മഹത്യ പ്രേരണക്കും മാതാപിതാക്കളേയും പ്രതി ചേര്‍ക്കണമെന്ന് പ്രദേശവാസികൾ രൂപീകരിച്ച ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നു.

വാളയാറിൽ സഹോദരിമാർ മരിച്ച സംഭവം; ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്

വാളയാറില്‍ അട്ടപ്പള്ളത്ത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാരോപിച്ച് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നു. രണ്ടാമത്തെ പെൺകുട്ടിയുടെ ദുരൂഹമരണം കൊലപാതകമാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഐ ജി അഭിപ്രായപ്പെട്ടിട്ടും ആ രിതീയില്‍ അന്വേഷണം നടക്കാത്തതും പ്രതികളെ പിടികൂടാത്തതുമാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപികരിക്കാനുള്ള കാരണങ്ങളായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മുതിര്‍ന്ന കുട്ടി ഏകദേശം ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പീഡിപ്പിക്കപ്പെടുന്ന കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടും അവര്‍ അത് ഗൗരവത്തിലെടുക്കാതെ പ്രതികള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തതായും ആരോപണമുണ്ട്.

പീഡനം സഹിക്കവയ്യാതെ മൂത്തകുട്ടി ആത്മഹത്യ ചെയ്താണെങ്കില്‍ പീഡനത്തിന് കൂട്ടുനിന്നതിനും ആത്മഹത്യ പ്രേരണയ്ക്കും മാതാപിതാക്കളേയും പ്രതി ചേര്‍ക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. സംഭവത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടു വരണമെന്നും ശാസ്ത്രീയമായ രീതിയില്‍ അന്വേഷണം നടത്തണമെന്നും അല്ലെങ്കില്‍ സൗമ്യ വധക്കേസ് പോലെ പ്രതികള്‍ കോടതിയില് നിന്ന് രക്ഷപ്പെട്ടു വരുമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ കക്ഷി ഭേദമെന്യ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. വരുന്ന രണ്ടുദിവസത്തിനകം അട്ടപ്പള്ളത്ത് നടക്കുന്ന യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുമെന്ന് നാട്ടുകാരനായ എം യു അബ്ബാസ് നാരദന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ജനുവരി 12 നും മാർച്ച് നാലിനുമാണ് അട്ടപ്പള്ളത്തെ ഒറ്റമുറി വീടിനകത്ത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . രണ്ട് കുട്ടികളും ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്.