രോഹിത് വെമുലയേയും കാശ്മീരിനേയും പുറത്താക്കി തിരുവനന്തപുരം ഹ്രസ്വചിത്ര മേള; അനുവാദം നിഷേധിച്ചത് ബിജെപി സർക്കാർ

രോഹിത്ത് വെമുലയെക്കുറിച്ചുള്ള 'അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നെസ്', കശ്മീര്‍ വിഷയം പറയുന്ന 'ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിനാര്‍', ജെഎന്‍യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്- ഇതിൽ രണ്ടു ചിത്രങ്ങളുടെ സംവിധായകർ മലയാളികളാണ്

രോഹിത് വെമുലയേയും കാശ്മീരിനേയും പുറത്താക്കി തിരുവനന്തപുരം  ഹ്രസ്വചിത്ര മേള; അനുവാദം നിഷേധിച്ചത് ബിജെപി സർക്കാർ

കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന മൂന്ന് ഡോക്യുമെന്ററികള്‍ക്ക് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിലക്ക്. രോഹിത്ത് വെമുല, ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങള്‍ക്കാണ് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്. മന്ത്രാലയത്തിന്റെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്നും എന്നാല്‍ ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ ചുരുങ്ങിയ ദിവസങ്ങളേ ശേഷിക്കുന്നുള്ളൂ എന്നതിനാല്‍ അതിനുള്ളില്‍ മറിച്ചൊരു തീരുമാനത്തിന് സാധ്യത കുറവാണെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രോഹിത്ത് വെമുലയെക്കുറിച്ചുള്ള 'അണ്‍ബെയറബിള്‍ ബീയിംഗ് ഓഫ് ലൈറ്റ്‌നെസ്', കശ്മീര്‍ വിഷയം പറയുന്ന 'ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിനാര്‍', ജെഎന്‍യു വിദ്യാര്‍ഥി സമരങ്ങളെക്കുറിച്ചുള്ള 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്' എന്നീ ചിത്രങ്ങള്‍ക്കാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ഷോൺ സെബാസ്റ്റ്യൻ, ഫാസിൽ എൻ സി എന്നിവർ ചേർന്ന് സംവിധാനം 'ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിനാര്‍' കാശ്മീർ വിഷയം പ്രതിപാദിക്കുന്ന ചിത്രമാണ്. 16 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി കാശ്മീർ പ്രശ്നങ്ങളോട് വിദ്യാർത്ഥികൾ പ്രതികരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്നു. കാശ്മീർ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ ആർട്ട്, സംഗീതം, ഫോട്ടോഗ്രഫി എന്നിവയിലൂടെ സംഘർഷങ്ങളോടുള്ള തങ്ങളുടെ പ്രതികരണം അറിയിക്കുന്നതാണ് ഡോയ്കുമെന്ററിയിലുള്ളത്. സ്വതന്ത്രമായാണ് ഡോക്യുമെന്ററിയുടെ നിർമ്മാണെന്ന് ഷോൺ സെബാസ്റ്റ്യൻ നാരദാന്യൂസിനോട് പറഞ്ഞു. മാദ്ധ്യമപ്രവർത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോളിന്റെ മകനാണ് ഷോൺ.

കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്ന സൈൻസ് ഫിലിം ഫെസ്റ്റിവെലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഭരണകൂടത്തേയോ രാജ്യത്തേയോ വിമർശിക്കുന്ന ചിത്രം അല്ല ഇത്. സംഘർഷങ്ങളുടെ ഇടയിൽപ്പെട്ടുപോയ കുറച്ചു പേരെ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഡോക്യുമെന്ററികളോട് പ്രകടമായ സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് ഇവിടെ പ്രകടമായിരുന്നില്ല. ഇനിയത് ഉണ്ടാകാനും പാടില്ല.-ഷോൺ സെബാസ്റ്റ്യൻ

2016 മാർച്ച് മുതൽ സെപ്റ്റംബർ വരെ ഡൽഹി ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ് 'മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്'.18 മിനുട്ടുള്ള ഡോക്യുമെന്ററിയിൽ സംഘപരിവാർ സംഘടനകളും ബിജെപിയും ചില മാദ്ധ്യമങ്ങളും രാജ്യദ്രോഹികളെന്നു മുദ്ര കുത്തിയ ജെഎൻയുവിലെ വിദ്യാർത്ഥികളായ ഉമർ ഖാലിദ് അടക്കമുള്ളവരുമായി ചെറു അഭിമുഖങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

എന്തു കൊണ്ടാണ് വിലക്കിയതെന്ന വിശദീകരണം അവർ തന്നിട്ടില്ല. വിലക്കിയ മറ്റു രണ്ട് ചിത്രങ്ങളുടേയും വിഷയം കണക്കിലെടുത്താൽ എന്തു കൊണ്ട് ഇതും വിലക്കിയെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ചിത്രം ഇതുവരെ ഞങ്ങൾ റിലീസ് ചെയ്തിട്ടില്ല. ഡോക്യുമെന്ററി അവർ കണ്ടിട്ടില്ല. ജെഎൻയുവിലെ സമരം എന്ന ചെറു കുറിപ്പ് മാത്രമാണ് അവർക്ക് നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി- കാത്തു, സംവിധായക

ഹൈദരാബാദ് കേന്ദ്രസർവ്വകലാശാലയിൽ ദളിത് വിവേചനത്തിൽ പ്രതിഷേധിച്ച് ജീവനൊടുക്കിയ രേഹിത് വെമുലയെക്കുറിച്ചുള്ള ' അൺബെയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്നെസ്' എന്ന ചിത്രത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. രാമചന്ദ്ര പി എൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. രോഹിത് വെമുലയുടെ മരണത്തിനു ശേഷം സർവ്വകലാശാലയിൽ നടന്ന സമരങ്ങളുടെ ദൃശ്യങ്ങൾ ഡോക്യുമെന്റിയിലുണ്ട്.

ജെഎൻയു. രോഹിത് വെമുല, കാശ്മീർ വിഷയങ്ങളിൽ പ്രതികാരമനോഭാവത്തോടെയുള്ള നിലപാടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. ബിജെപി അദികാരത്തിലെത്തിയ ശേഷമാണ് ജെഎൻയുവിലും ഹൈദരാബാദ് സർവ്വകലാശാലയിലും സമരങ്ങൾ ശക്തിപ്പെട്ടത്. കാശ്മീരിൽ ബിജെപി ഭരണത്തിലേറിയ ശേഷം സംഘർഷം രൂക്ഷമായെന്ന വിലയിരുത്തലുകളുമുണ്ട്.

ഇതില്‍ മാർച്ച് മാർച്ച് മാർച്ച്, 'ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിനാര്‍' എന്നിവ മത്സരവിഭാഗത്തിലും ' അൺബെയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്നെസ്' 'ഫോക്കസ്' വിഭാഗത്തിലും പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതാണ്.കുറേക്കാലം രാജ്യത്ത് കത്തിനിന്ന അസഹിഷ്ണുതാ വിവാദവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾക്കാണ് പ്രദർശനാനുമതി നിഷേധിച്ചതെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ചൂണ്ടിക്കാട്ടി.

ആവിഷ്കാര സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തെളിവാണ് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയിലെ മൂന്ന് ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചത്. രാജ്യത്ത് സാംസ്കാരിക അടിയവന്തരാവസ്ഥ നിലനിൽക്കുന്നുവെന്ന് വ്യക്തം. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. മൂന്നു ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിക്കും- കമൽ

'ഇന്‍ ദി ഷേഡ്‌ ഓഫ് ഫാളന്‍ ചിനാര്‍'