വെറ്റിനറി സർവകലാശാലയുടെ കീഴിൽ അംഗീകാരമോ സൗകര്യങ്ങളോ ഇല്ലാതെ അഞ്ചു കോളേജുകൾ; അനിശ്ചിതകാല സമരവുമായി എസ്എഫ്ഐ

വിദ്യാർത്ഥികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ട് പ്രശ്നം അവതരിപ്പിച്ചിട്ടും നടപടിയൊന്നുമുണ്ടാവാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐ സമരമുഖത്തേക്ക് ഇറങ്ങിയത്...

വെറ്റിനറി സർവകലാശാലയുടെ കീഴിൽ അംഗീകാരമോ സൗകര്യങ്ങളോ ഇല്ലാതെ അഞ്ചു കോളേജുകൾ; അനിശ്ചിതകാല സമരവുമായി എസ്എഫ്ഐ

കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിലുള്ള അഞ്ച് സർക്കാർ കോളേജുകൾക്ക് യുജിസിയുടെയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ ആൻഡ് റിസേർച്ചിന്റെയും(ഐഎസ്എആർ) അംഗീകാരമില്ല. വയനാട് ജില്ലയിലെ പൂക്കോട്, തിരുവനന്തപുരത്തെ ചെറ്റച്ചാൽ, ഇടുക്കി ജില്ലയിലെ കോലാഹലമേട് എന്നിവടങ്ങളിലെ കോളേജ് ഓഫ് ഡയറി സയൻസസ് ആൻഡ് ടെക്നോളജി, തിരുവിഴാംകുന്നിലെ ഏവിയൻ സയൻസസ് ആൻഡ് മാനേജ്മെന്റ്, തുമ്പൂർമുഴിയിലെ കോളേജ് ഓഫ് ഫുഡ് ടെക്നോളജി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ഭാവിയാണ് പെരുവഴിയിലായത്.

അംഗീകാരമുള്ള കോഴ്സുകളാണെന്നു ബോണാഫൈഡ് സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികൾ ഇവിടങ്ങളിലെ കോഴ്സുകളിൽ ചേർന്നിരുന്നത്. ഇതിൽ പല കോലേജുകളിലും അവസാന വർഷ വിദ്യാർത്ഥികൾ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങാറായി. തുടർ വിദ്യാഭ്യാസത്തിന് ഈ കോഴ്സുകൾ ഉപകരിക്കില്ലെന്നു മാത്രമല്ല ഈ ബിരുദം ഒരിടത്തും അംഗീകരിക്കപ്പെട്ടിട്ടുമില്ല. മൂന്ന് വർഷത്തോളമായി വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചാണ് അധികൃതർ കോഴ്സുകൾ നടത്തിക്കൊണ്ടിരിക്കുന്നത്


യുഡിഎഫ് ഭരണകാലത്ത് ഡോ. ബി അശോക് വൈസ് ചാൻസലറായ കാലഘട്ടത്തിലാണ് ഈ കോഴ്സുകൾ ആരംഭിച്ചത്. പൂക്കോട്, ചെറ്റച്ചാൽ, കോലാഹലമേട് എന്നിവിടങ്ങളിലെ ഡയറി സയൻസ് കോളേജുകൾക്ക് സ്വന്തമായി ഡയറി പ്ലാന്റോ കെട്ടിടമോ ഇല്ല. തുമ്പൂർമുഴിയിലെ ഫുഡ് ടെക്നോളജി കോളേജിൽ ഫുഡ് പ്രോസസിങ് സെന്ററും തിരുവിഴാംകുന്നിലെ ഏവിയൻ സയൻസ് കോളേജ് ലബോറട്ടറിയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. സർവകലാശാല അവഗണിച്ച ഈ കോളേജുകളിൽ ആവശ്യമായ അധ്യാപകരോ അനധ്യാപകരോ നിയമിക്കപ്പെട്ടിട്ടുമില്ല.

ബിഎസ്സി പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസ്സിനസ്സ് മാനേജ്മെന്റാണ് തിരുവിഴാംകുന്നിലെ കോളേജിൽ പഠിപ്പിക്കുന്നത്. ഈ വിഷയത്തിലുള്ള ഇന്ത്യയിലെ ഏക കോളേജും ഏക കോഴ്സും എന്ന വ്യാജ പ്രഖ്യാപനത്തിലാണ് പ്രവേശന പരീക്ഷ നടത്തി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത്. ഐസിഎആർ അംഗീകാരം ഉണ്ടെന്ന ധാരണയിലാണ് വിദ്യാർത്ഥികൾ സെമസ്റ്ററിനു മുപ്പതിനായിരം രൂപ ഫീസ് നൽകി ഇവിടെ പഠിച്ചിരുന്നതും. അംഗീകാരം ഇല്ലെന്നു തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികൾ നടത്തിയ പ്രധിഷേധങ്ങളുടെ ഫലമായി ഫീസ് പതിനായിരമാക്കി അധികൃതർ കുറച്ചിരുന്നു. എന്നാൽ നേരെത്തെ അടച്ച തുക മുൻകാല പ്രാബല്യത്തോടെ തിരിച്ച് നൽകാമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ തുക തിരിച്ച് നൽകിയില്ലെന്ന് മാത്രമല്ല അടുത്ത സെമസ്റ്ററിലേക്കുള്ള ഫീസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുകയും ചെയ്തു.


കോളേജിന് അംഗീകാരമില്ലെന്നു ചൂണ്ടിക്കാട്ടി തിരുവിഴാംകുന്നിലെ ഏവിയൻ സയൻസ് ആൻഡ് മാനേജ്‌മന്റിലെ വിദ്യാർഥികൾ അനിശ്ചിതകാല സമരം തുടങ്ങിക്കഴിഞ്ഞു. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് സമരം. മുഖ്യമന്ത്രി പിണറായി വിജയനെ വിദ്യാർത്ഥികൾ നേരിട്ടു കണ്ട് പ്രശ്നം അവതരിപ്പിച്ചിട്ടും നടപടിയൊന്നുമുണ്ടാവാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐ സമരമുഖത്തേക്ക് ഇറങ്ങിയത്. മൂന്ന് ബാച്ചുകളിലായി 140ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ കോഴ്സിന്റെ കാലാവധി നാല് വർഷമാക്കുക, ഐഎസ്എആർ അംഗീകാരം ലഭ്യമാക്കുക, ആവശ്യമുള്ള തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തുക, 2014ൽ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി പോയ ഡീൻ നിയമനം ഉടൻ നടപ്പാക്കുക, വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ അധിക ഫീസ് തിരികെ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐയുടെ സമരം. ആദ്യ ബാച്ചിൽ 30 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. ഇവർ കോഴ്സ് പൂർത്തിയാക്കി ഇന്റേൺഷിപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്.
Read More >>