എസ്.എഫ്.ഐയുടെ കൊടി നശിപ്പിച്ചു; വിവരം പൊലീസിനെ അറിയിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷ പ്രിന്‍സിപ്പല്‍ വിലക്കി

എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജിനു മുന്നിലെ റോഡരികില്‍ നാട്ടിയ എസ്എഫ്‌ഐയുടെ കൊടിമരവും കൊടിയും നശിപ്പിച്ചതിന് എതിരെ പരാതി നല്‍കിയ വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാലാ പരീക്ഷ എഴുതിക്കാതെ പ്രിന്‍സിപ്പല്‍.

എസ്.എഫ്.ഐയുടെ  കൊടി നശിപ്പിച്ചു; വിവരം പൊലീസിനെ അറിയിച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷ പ്രിന്‍സിപ്പല്‍ വിലക്കി

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നാട്ടിയ കൊടിമരം മാനേജ്‌മെന്റ് പിഴുതെറിഞ്ഞതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാതെ പക വീട്ടി എറണാകുളം സെന്റ് ആല്‍ബര്‍ട്ടസ് കോളേജ്. ഏഴോളം വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിക്കുന്നതില്‍ നിന്നാണ് കോളേജ് വിലക്കിയത്. സസ്‌പെന്‍ഷനില്‍ തുടരുന്ന വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതേണ്ടന്നാണ് കോളേജിന്റെ ന്യായം. എന്നാല്‍ ഇതു നിയമവിരുദ്ധമാണെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.


രണ്ടു മാസങ്ങള്‍ക്ക് മുമ്പാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജിന് പുറത്തുള്ള റോഡരികില്‍ കൊടിമരമിട്ടത്. മാനേജ്‌മെന്റിന്റെ നിര്‍ദേശ പ്രകാരം സെക്യൂരിറ്റി ജീവനക്കാര്‍ കഴിഞ്ഞ ഞായാറാഴ്ച കൊടി മരം നശിപ്പിച്ചുവെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനു മുമ്പും ഫ്‌ളക്‌സുകളും പോസ്റ്ററുകളും ഇതേ ജീവനക്കാര്‍ നശിപ്പിച്ചിരുന്നു. കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ ഈ പരാതിയോടു സഹകരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കൈമാറണമെന്നും കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ഓഫീസ് ഉപരോധിച്ചു.


ഇതെതുടര്‍ന്ന് പൊലീസ് നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ സിസിടിവി ദൃശ്യങ്ങള്‍ കൈമാറാനും പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടികളൊന്നും സ്വീകരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ വാക്കാല്‍ സമ്മതിച്ചു. പ്രതിഷേധം അവസാനിപ്പിച്ച് പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളില്‍ ഏഴു പേരെ സസ്‌പെന്‍ഡ് ചെയ്തതായി കൊളേജ് അറിയിച്ചു. പത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാരണം കാണിക്കല്‍ നേട്ടീസ് കൊളേജ് അയച്ചു. സസ്‌പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ കണ്ടു. എന്നാല്‍ ഒരു കാരണവശാലും പരീക്ഷയെഴുതിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രിന്‍സിപ്പല്‍. ഇതു പ്രകാരം രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് നാലാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ കോളേജ് അനുവദിക്കാതിരുന്നത്.

മൂന്നാംതിയതി നടക്കുന്ന പരീക്ഷയില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാന്‍ കഴിയില്ല. സംഘടിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാനാണ് കോളേജ് ശ്രമിക്കുന്നതെന്ന് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആശിഷ് എസ്. ആനന്ദ് പറഞ്ഞു. പ്രിന്‍സിപ്പല്‍ പലതും മാറ്റിപ്പറിയുകയാണ്. മധ്യസ്ഥ ചര്‍ച്ചയില്‍ സമ്മതിച്ചതൊക്കെ വിഴുങ്ങി വിദ്യാര്‍ത്ഥികളുടെ ഭാവി തകര്‍ക്കാനുള്ള നടപടിയോട് എസ്.എഫ്.ഐ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ആശിഷ് പറഞ്ഞു.

തന്റെ തലകൊയ്യുമെന്നു പറഞ്ഞവരെ പരീക്ഷയെഴുതിക്കാന്‍ കഴിയില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. എം.എല്‍ ജോസഫ് പറഞ്ഞു. കൊടിമരം സ്ഥാപിച്ചതും നശിപ്പിച്ചതും അവര്‍ തന്നെയാണ്. അക്കാദമിക നിലവാരമുള്ള കോളേജിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ എന്തു ചെയ്യണം. ഇന്നലെ കോളേജ് എക്‌സിക്യുട്ടീവ് യോഗം കൂടി എടുത്ത തീരുമാനമാണ് താന്‍ നടപ്പിലാക്കുന്നത്. അക്രമാസക്തരമായ വിദ്യാര്‍ത്ഥികളെ പരീക്ഷ ഹാളില്‍ കയറ്റി മറ്റു കുട്ടികളുടെ ഭാവി കൂടി കളയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.എല്‍ ജോസഫ് പറഞ്ഞു.സസ്‌പെന്‍ഷനിലായ കുട്ടികളെ പരീക്ഷ എഴുതിക്കാതിരിക്കാന്‍ കോളേജിന് അധികാരമുണ്ടെന്ന് എംജി യൂണിവേഴ്‌സിറ്റി പരീക്ഷ വിഭാഗം ഓഫീസ് പറഞ്ഞു.