മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; എസ്എഫ്ഐ പ്രവർത്തകർ വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് അടിച്ചുതകർത്തു

കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും മൂന്നു ബസ്സുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ​ഗേറ്റ് ചാടിക്കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.

മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്നുള്ള വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; എസ്എഫ്ഐ പ്രവർത്തകർ വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് അടിച്ചുതകർത്തു

മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്കു ശ്രമിച്ച ആലപ്പുഴ വെള്ളാപ്പള്ളി നടേഷൻ എഞ്ചിനീയറിങ് കോളേജ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തു.

കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും മൂന്നു ബസ്സുമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ​ഗേറ്റ് ചാടിക്കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.

കോളേജിൽ നാളെ ക്ലാസ് ആരംഭിച്ചാൽ സമരം പുനരാരംഭിക്കാനാണ് എസ്എഫ്ഐ തീരുമാനം. കോളേജിലേക്ക് എബിവിപി, കെഎസ്‌യു പ്രവർത്തകരും പ്രതിഷേധ മാർച്ച് നടത്തുകയാണ്.

കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർഥിയും തിരുവനന്തപുരം സ്വദേശിയുമായ ആർഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കോളേജ് ഹോസ്റ്റൽ ജയിലിനു സമാനമാണെന്ന് കൊളേജ് വിദ്യാർഥികൾ പറയുന്നു. ജിഷ്ണു വധക്കേസ് വാർത്തകളിൽ നിറയുന്ന ഈ സമയത്ത് പോലും കോളേജ് മാനേജ്മെന്റിന്റെ പീഡനങ്ങൾക്കു കുറവൊന്നുമില്ലെന്നാണ് ആർഷിന്റെ ആത്മഹത്യാശ്രമം വെളിവാക്കുന്നത്. നെഹ്രു കോളേജിനേക്കാൾ മികച്ച ഇടിമുറി വെള്ളാപ്പള്ളി കോളേജിൽ ഉണ്ടെന്നാണ് വിദ്യാർഥികൾ പറയുന്നത്.

ഇതുസംബന്ധിച്ച് 2016 നവംബർ നാലിന് നാരദ ന്യൂസ് വാർത്ത നൽകിയിരുന്നു. ഹോസ്റ്റലിലെ ഭക്ഷണത്തിൽ പല്ലിയെ കണ്ടതുമൂലം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരിൽ ആർഷിനെതിരെ നടപടി എടുക്കുമെന്ന് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായി സഹപാഠികൾ പറയുന്നു. ഹോസ്റ്റൽ മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടതായും പരാതിയുണ്ട്. മാതാപിതാക്കളെ വിളിച്ച് വിദ്യാർഥിയെപ്പറ്റി പരാതി പറയുന്നതും പതിവാണ്. ഇതേ തുടർന്ന് ആർഷ് മാനസികമായി തളർന്നിരുന്നെന്ന് സഹപാഠികൾ ചൂണ്ടിക്കാട്ടുന്നു.

കോളേജ് അധികൃതരുടെ പീഡനങ്ങൾക്കെതിരെ സമരം ചെയ്തത് എഞ്ചിനീയറിങ് രണ്ടാം വർഷ, മൂന്നാം വർഷ വിദ്യാർഥികളാണ്. അവരെ നിരന്തരമായി നിരീക്ഷിക്കുന്നുണ്ട് കോളേജ് അധികൃതർ. സമരത്തിൽ നേരിട്ടു പങ്കെടുത്തില്ലെങ്കിലും പിന്തുണ നൽകിയിരുന്നു ആർഷ്. ഇല്ലാത്ത കേസ് കൊടുത്ത് ഒരു ദിവസം മുഴുവനും പൊലീസ് സ്റ്റേഷനിൽ കഴിയേണ്ട അനുഭവവും ആർഷിന് ഉണ്ടായിട്ടുണ്ടെന്നു വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു.